ഇന്ന് ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ആദ്യ ടി20 നടക്കാനിരിക്കേയാണ് ഹിറ്റ്മാന്‍റെ വാക്കുകള്‍. ടി20 ലോകകപ്പ് വരാനിരിക്കുന്നതും നിർണായകം.
സതാംപ്ടണ്‍: ഐപിഎല്ലില്‍ അതിവേഗം കൊണ്ട് അമ്പരപ്പിച്ച ഇന്ത്യന്‍ പേസർ ഉമ്രാന് മാലിക്കിന്(Umran Malik) ടി20 ലോകകപ്പില്‍ അവസരം നല്‍കണമെന്ന ആവശ്യം ശക്തമാണ്. അയർലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ജേഴ്സിയില്‍ അരങ്ങേറ്റം കുറിച്ച ഉമ്രാന് ലോകകപ്പിന് മുമ്പ് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് നായകന്‍ രോഹിത് ശർമ്മ(Rohit Sharma) നല്‍കുന്ന സൂചന. ഇന്ന് ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ആദ്യ ടി20(ENG vs IND 1st T20I) നടക്കാനിരിക്കേ കൂടിയാണ് ഹിറ്റ്മാന്‍റെ വാക്കുകള്‍.
'ഞങ്ങളുടെ പദ്ധതികളില്‍ ഏറെയുള്ള താരമാണ് ഉമ്രാന്‍ മാലിക്, ടീമിന് എന്താണ് ആവശ്യം എന്ന് അദേഹത്തിന് മനസിലാക്കിക്കൊടുക്കുക കൂടിയാണ്. പുതിയ താരങ്ങള്‍ക്ക് അവസരം കൊടുക്കേണ്ട സമയമുണ്ട്. ലോകകപ്പ് മുന്നില്‍ക്കണ്ട് അവസരം നല്‍കേണ്ട താരങ്ങളിലൊരാളാണ് തീർച്ചയായും ഉമ്രാന്‍ മാലിക്. ഉമ്രാന്‍ ഭാവി വാഗ്ദാനമാണ് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഉമ്രാന്‍ മികച്ച പേസില്‍ പന്തെറിയുന്നത് ഐപിഎല്ലില്‍ നാം കണ്ടതാണ്. താരത്തിന് ന്യൂ ബോളാണോ നല്‍കേണ്ടത്, അതോ മറ്റ് ചുമതലകളാണോ...ഫ്രാഞ്ചൈസിക്കായി കളിക്കുമ്പോഴുള്ള ചുമതലയല്ല ദേശീയ ടീമിലെത്തുമ്പോള്‍. ടീമില്‍ ഏത് റോളിലാണ് ഫിറ്റാവുക എന്നത് പ്രധാനമാണ്' എന്നും രോഹിത് ശർമ്മ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
രോഹിത് ശർമ്മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്നുരാത്രി 10.30ന് ഇന്ത്യ ആദ്യ ടി20യില്‍ ഇംഗ്ലണ്ടിനെ നേരിടും.
സതാംപ്ടണിലെ റോസ് ബൗളിൽ 10 മണിക്ക് ടോസ് വീഴും. ഇംഗ്ലണ്ടിന്‍റെ വെടിക്കെട്ട് ബാറ്റർമാർക്കെതിരെ ഇന്ന് ഉമ്രാന്‍ മാലിക് കളിക്കുമോ എന്ന ആകാംക്ഷയുണ്ട് ആരാധകർക്കെല്ലാം. ഐപിഎല്ലില്‍ തിളങ്ങിയ മറ്റൊരു യുവപേസറായ അര്‍ഷ്‌ദീപ് സിംഗും അവസരത്തിനായി കാത്തിരിക്കുന്നു.
ഉമ്രാന്‍ ഇന്ത്യയുടെ വേഗരാജാവ്
ഐപിഎല്‍ 15-ാം സീസണില്‍ തുടർച്ചയായി 150 കിലോമീറ്ററിലേറെ വേഗത്തില്‍ പന്തെറിഞ്ഞാണ് ഉമ്രാന്‍ മാലിക് ശ്രദ്ധ നേടിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 14 കളികളില്‍ 9.03 ഇക്കോണമിയില്‍ 22 വിക്കറ്റ് ഉമ്രാന്‍ വീഴ്‌ത്തിയിരുന്നു. ഇതിലൊരു അഞ്ച് വിക്കറ്റ് പ്രകടനവുമുണ്ട്. സീസണിലെ വേഗമേറിയ രണ്ടാമത്തെ പന്ത്(157 കിലോമീറ്റര്‍ വേഗം) ഉമ്രാന്‍റെ പേരിലായിരുന്നു. ഐപിഎല്ലിന് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയില്‍ ഉമ്രാന്‍ മാലിക് സ്ക്വാഡിലുണ്ടായിരുന്നെങ്കിലും അരങ്ങേറാന്‍ അവസരം ലഭിച്ചിരുന്നില്ല.
അയർലന്‍ഡിനെതിരെ അരങ്ങേറി രണ്ട് ടി20കളില്‍ അഞ്ച് ഓവർ എറിഞ്ഞ ഉമ്രാന്‍ മാലിക് ഏറെ റണ്‍സ് വിട്ടുകൊടുത്തിരുന്നു. 11.20 ഇക്കോണമിയില്‍ 56 റണ്‍സ് ഉമ്രാന്‍ വഴങ്ങി. മഴ കളിച്ച ആദ്യ മത്സരത്തില്‍ ഒരോവർ മാത്രം എറിഞ്ഞപ്പോള്‍ 14 റണ്‍സ് വിട്ടുനല്‍കി. വിക്കറ്റൊന്നും നേടാനായില്ല. രണ്ടാം ടി20യില്‍ 4 ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്ത് വിക്കറ്റ് കീപ്പർ ബാറ്റർ ജോർജ് ഡേക്റെലിനെ പുറത്താക്കി. അവസാന ഓവറില്‍ 17 റണ്‍സ് പ്രതിരോധിക്കാന്‍ നായകന്‍ ഹാർദിക് പാണ്ഡ്യ പന്തേല്‍പിച്ചപ്പോള്‍ ഉമ്രാന്‍ പന്ത്രണ്ടേ വഴങ്ങിയുള്ളൂ.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യ്ക്കുള്ള സ്ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്‌ക്‌വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്.
ഉമ്രാന്‍ മാലിക് അസാധാരണ പ്രതിഭയെന്ന് സഞ്ജയ് മഞ്ജരേക്കർ; ശ്രദ്ധേയ ഉപദേശം