വിരാട് കോലിയെ ഓഫ് സ്റ്റംപ് കുരുക്കില്‍ വീഴ്ത്തിയ ഹസന്‍ ഇന്ത്യയെ ഞെട്ടിച്ചു. തകര്‍ത്തടിച്ചു തുടങ്ങിയ റിഷഭ് പന്തിനെ കൂടി വീഴ്ത്തിയാണ് ഹസന്‍ ആദ്യ ദിനം നാലു വിക്കറ്റ് തികച്ചത്.
ചെന്നൈ: ഇന്ത്യക്കെതിരായ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം ചരിത്രനേട്ടം സ്വന്തമാക്കി ബംഗ്ലാദേശ് പേസര്‍ ഹസന്‍ മഹ്മൂദ്. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യയുടെ മുന്‍നിര തകര്‍ത്തെറിഞ്ഞ ഹസന്‍ മഹ്മൂദ് ആദ്യ സെഷനില്‍ തന്നെ ഇന്ത്യയെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടിരുന്നു. തന്‍റെ മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ(6) സ്ലിപ്പില്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോയുടെ കൈകളിലെത്തിച്ചാണ് ഹസന്‍ വിക്കറ്റ് വേട്ട തുടങ്ങിയത്. പിന്നാലെ ശുഭ്മാന്‍ ഗില്ലിനെ പൂജ്യനായി മടക്കി.
അവിടംകൊണ്ടും തീര്‍ന്നില്ല, വിരാട് കോലിയെ ഓഫ് സ്റ്റംപ് കുരുക്കില്‍ വീഴ്ത്തിയ ഹസന്‍ ഇന്ത്യയെ ഞെട്ടിച്ചു. തകര്‍ത്തടിച്ചു തുടങ്ങിയ റിഷഭ് പന്തിനെ കൂടി വീഴ്ത്തിയാണ് ഹസന്‍ ആദ്യ ദിനം നാലു വിക്കറ്റ് തികച്ചത്. നാലു വിക്കറ്റെടുത്തതോടെ ഇന്ത്യയില്‍ ഒരു ടെസ്റ്റില്‍ 2000നുശേഷം നാലോ അതില്‍ കൂടുതലോ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ മാത്രം പേസറെന്ന നേട്ടം ഹസന്‍ മഹ്മൂദ് സ്വന്തമാക്കി.
2008ല്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍ 23 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് എടുത്തതാണ് ആദ്യ ദിനം ഒരു സന്ദര്‍ശക പേസറുടെ ഏറ്റവും മികച്ച പ്രകടനം.ഈ വര്‍ഷം മാര്‍ച്ചില്‍ ശ്രീലങ്കക്കെതിരായ അരങ്ങേറ്റ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലുമായി ആറ് വിക്കറ്റെടുത്താണ് ഹസന്‍ വരവറിയിച്ചത്. ആകെ മൂന്ന് ടെസ്റ്റുകളുടെ മാത്രം പരിചയ സമ്പത്തുള്ള ഹസന്‍ മഹ്മൂദ് അവസാനം പാകിസ്ഥാനെതിരെ കളിച്ച റാവല്‍പിണ്ടി ടെസ്റ്റില്‍ പാകിസ്ഥാന്‍റെ രണ്ടാം ഇന്നിംഗ്സില്‍ 43 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത് ടീമിന് ഐതിഹാസികമായ പരമ്പര നേട്ടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഇതുവരെ കളിച്ച മൂന്ന് ടെസ്റ്റുകളില്‍ നിന്ന് ഒരു അഞ്ച് വിക്കറ്റ് നേട്ടമടക്കം 14 വിക്കറ്റാണ് ഹസന്‍ മഹ്മൂദിന്‍റെ നേട്ടം.