ആദ്യം കേരളത്തെ ചുരുട്ടികെട്ടി, പിന്നാലെ 8.2 ഓവറില്‍ മത്സരം തീര്‍ത്ത് ഹരിയാന! അണ്ടര്‍ 23യില്‍ തോല്‍വി

By Web Team  |  First Published Dec 21, 2024, 6:50 PM IST

ഒമര്‍ അബൂബക്കറും ക്യാപ്റ്റന്‍ രോഹന്‍ നായരും ചേര്‍ന്നുള്ള 46 റണ്‍സിന്റെ കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നല്‍കി.


റാഞ്ചി: അണ്ടര്‍ 23 പുരുഷ സ്റ്റേറ്റ് ട്രോഫിയില്‍ കേരളത്തെ തോല്‍പ്പിച്ച് ഹരിയാന. പത്ത് വിക്കറ്റിനായിരുന്നു ഹരിയാനയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 27-ാം ഓവറില്‍ വെറും 80 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന 7.2 ഓവറില്‍ ലക്ഷ്യത്തിലെത്തി. ബാറ്റിങ് നിര അമ്പെ പരാജയപ്പെട്ടതാണ് മത്സരത്തില്‍ കേരളത്തിന് തിരിച്ചടിയായത്. സ്‌കോര്‍ ആറിലെത്തിയപ്പോള്‍ തന്നെ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. മൂന്ന് റണ്‍സെടുത്ത അഭിഷേക് നായരാണ് ആദ്യം പുറത്തായത്, തുടര്‍ന്നെത്തിയ വരുണ്‍ നായനാര്‍ രണ്ടാം പന്തില്‍ തന്നെ പുറത്തായപ്പോള്‍ കാമില്‍ അബൂബക്കര്‍ ഒരു റണ്‍സെടുത്ത് പുറത്തായി. 

ഒമര്‍ അബൂബക്കറും ക്യാപ്റ്റന്‍ രോഹന്‍ നായരും ചേര്‍ന്നുള്ള 46 റണ്‍സിന്റെ കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നല്‍കി. എന്നാല്‍ ഇരുവരും പുറത്തായതോടെ കേരളത്തിന്റെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. വെറും മൂന്ന് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആറ് വിക്കറ്റുകളാണ് വീണത്. മധ്യനിരയെയും വാലറ്റത്തെയും പുറത്താക്കി ഭുവന്‍ റോഹില്ലയാണ് കേരള ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞത്. 8.2 ഓവറില്‍ വെറും 22 റണ്‍സ് വഴങ്ങിയാണ് ഭുവന്‍ ആറ് വിക്കറ്റ് വീഴ്ത്തിയത്. അനൂജ് തക്രല്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. 31 റണ്‍സെടുത്ത ഒമര്‍ അബൂബക്കറും 19 റണ്‍സെടുത്ത രോഹന്‍ നായരും 14 റണ്‍സെടുത്ത ജെറിന്‍ പി സും മാത്രമാണ് കേരള ബാറ്റിങ് നിരയില്‍ രണ്ടക്കം കടന്നത്.

Latest Videos

undefined

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാനയ്ക്ക് ഓപ്പണര്‍ അര്‍ഷ് രംഗയുടെ പ്രകടനമാണ് അനായാസ വിജയം ഒരുക്കിയത്. 25 പന്തില്‍ 54 റണ്‍സ് നേടിയ അര്‍ഷും 22 റണ്‍സെടുത്ത യഷ് വര്‍ധന്‍ ദലാലും ചേര്‍ന്ന് എട്ടാം ഓവറില്‍ ഹരിയാനയെ ലക്ഷ്യത്തിലെത്തിച്ചു. കേരളത്തിന്റെ ആദ്യ തോല്‍വിയാണിത്. ആദ്യ മൂന്ന് മത്സരങ്ങളിലും കേരളം ജയിച്ചിരുന്നു.

tags
click me!