ഷമിയും കുല്‍ദീപും മായങ്കും പുറത്താവാൻ കാരണം പരിക്ക്, ഹർഷിത് റാണ ഗംഭീറിന്‍റെ സെലക്ഷൻ; നിതീഷ് റെഡ്ഡിക്ക് ലോട്ടറി

By Web Team  |  First Published Oct 26, 2024, 7:56 AM IST

പരിക്കില്‍ നിന്ന് മോചിതനായെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും മത്സര ക്രിക്കറ്റില്‍ കളിച്ചു തുടങ്ങാത്തതാണ് മുഹമ്മദ് ഷമിയെ ഓസ്ട്രേലിയന്‍ പര്യടനത്തിന് പരിഗണിക്കാതിരിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.


മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചത് കുല്‍ദീപ് യാദവിന്‍റെയും മുഹമ്മദ് ഷമിയുടെയും അഭാവമായിരുന്നു. പരിക്കില്‍ നിന്ന് മോചിതനായെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും മത്സര ക്രിക്കറ്റില്‍ കളിച്ചു തുടങ്ങാത്തതാണ് മുഹമ്മദ് ഷമിയെ ഓസ്ട്രേലിയന്‍ പര്യടനത്തിന് പരിഗണിക്കാതിരിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.

ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീം പ്രഖ്യാപനത്തിന് മുമ്പ് ഏതാനും രഞ്ജി ട്രോഫി മത്സരങ്ങളില്‍ കളിച്ച് ഫിറ്റ്നെസ് തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു ഷമി. എന്നാല്‍ ഇന്നലെ അപ്രതീക്ഷിതമായി ടീം പ്രഖ്യാപനം വന്നതോടെ ഷമിക്ക് ഫിറ്റ്നെസ് തെളിയിക്കാനുള്ള അവസരം ഇല്ലാതായി. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ കളിച്ച കുല്‍ദീപ് യാദവിനെ പരിഗണിക്കാതിരിക്കാന്‍ കാരണവും പരിക്കാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ കുല്‍ദീപിനെ ദേശിയ ക്രിക്കറ്റ് അക്കാദമിലേക്ക് അയക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ അരങ്ങേറിയ പേസര്‍ മായങ്ക് യാദവിനും വിനയായത് പരിക്കാണ്. മായങ്കിന്‍റെ പരിക്കാണ് അപ്രതീക്ഷിതമായി പ്രസിദ്ധ് കൃഷ്ണക്ക് ടീമിലേക്കുള്ള വഴി തുറന്നത്.

Latest Videos

ഷമിയും മായങ്ക് യാദവും കുല്‍ദീപുമില്ല; ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

അതേസമയം, പേസര്‍ ഹര്‍ഷിത് റാണ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലെത്തിയത് പൂര്‍ണമായും ഗംഭീറിന്‍റെ സെലക്ഷനായിരുന്നുവെന്നും ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു. ആകെ ഒമ്പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ മാത്രമാണ് ഹര്‍ഷിത് റാണ ഇതുവരെ കളിച്ചത്. ഇതില്‍ നിന്ന് 36 വിക്കറ്റുകളാണ് നേടിയത്. കഴിഞ്ഞ ദുലീപ് ട്രോഫി ടൂര്‍ണമെന്‍റില്‍ ഹര്‍ഷിത് രണ്ട് മത്സരങ്ങളില്‍ നാലു വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. ഹര്‍ഷിതിനൊപ്പം ടീമിലേക്ക് പരിഗണിച്ച മുകേഷ് കുമാര്‍, നവദീപ് സെയ്നി, ഖലീല്‍ അഹമ്മദ് എന്നിവരെ ട്രാവലിംഗം റിസര്‍വായി ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. 140 കിലോ മീറ്റര്‍ വേഗത്തില്‍ സ്ഥിരമായി എറിയാന്‍ കവിയുമെന്നതും മികച്ച ബൗണ്‍സറുകളും യോര്‍ക്കറുകളും എറിയാനാവുമെന്നതുമാണ് ഹര്‍ഷിത് റാണക്ക് അനുകൂലമായത്. ഇതിന് പുറമെ ഗംഭീറിന് കീഴില്‍ കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി ഹര്‍ഷിത് മികവ് കാട്ടിയിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, 2 പുതുമുഖങ്ങള്‍; സഞ്ജു ടീമില്‍

സ്പിന്നര്‍ അക്സര്‍ പട്ടേലാണ് ടീമില്‍ നിന്ന് പുറത്തായ മറ്റൊരു താരം. അക്സറിന്‍റെ മികവ് ഇന്ത്യയിലെ സ്പിന്‍ പിച്ചുകളില്‍ മാത്രമെ ഫലപ്രദമാവൂ എന്നതിനാലാണ് ഒഴിവാക്കിയതെന്നാണ് സൂചന. നിലവില്‍ പരിഗണിക്കാവുന്ന ഒരേയൊരു സീം ബൗളിംഗ് ഓള്‍ റൗണ്ടറെന്ന നിലയിലാണ് നിതീഷ് കുമാര്‍ റെഡ്ഡിക്ക് നറുക്ക് വീണത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ മാത്രമാണ് നിതീഷ് കുമാര്‍ ഇതുവരെ കളിച്ചത്. ഇതുവരെ കളിച്ച 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും രണ്ട് അഞ്ച് വിക്കറ്റ് നേട്ടവും നിതീഷ് കുമാറിന്‍റെ പേരിലുണ്ട്. ഹാര്‍ദ്ദിക് പാണ്ഡ്യ ടെസ്റ്റ് കളിക്കാനില്ലെന്ന് വ്യക്തമാക്കുകയും ശിവം ദുബെക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെയാണ് നിതീഷ് കുമാര്‍ എന്ന ഒറ്റപ്പേരിലേക്ക് സെലക്ടര്‍മാര്‍ എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!