ഓപ്പണര്‍ ഷഫാലി വര്‍മയെ ഒരിക്കല്‍ കൂടി തഴഞ്ഞപ്പോള്‍ പരിക്കേറ്റ പൂജ വസ്ട്രക്കറെയും ടീമിലേക്ക് പരിഗണിച്ചില്ല.
മുംബൈ: അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനും പേസര്‍ രേണുക താക്കൂറിനും വിശ്രമം അനുവദിച്ചപ്പോള്‍ സ്മൃതി മന്ദാനയാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. മലയാളി താരം മിന്നു മണിയും 15 അംഗ ടീമിലുണ്ട്.
ഓപ്പണര്‍ ഷഫാലി വര്‍മയെ ഒരിക്കല്‍ കൂടി തഴഞ്ഞപ്പോള്‍ പരിക്കേറ്റ പൂജ വസ്ട്രക്കറെയും ടീമിലേക്ക് പരിഗണിച്ചില്ല. ഹര്‍മന്‍പ്രീതിന്‍റെ അഭാവത്തില്‍ സ്മൃതി മന്ദാനയെ ക്യാപ്റ്റനാക്കിയപ്പോള്‍ ദീപ്തി ശര്‍മയാണ് വൈസ് ക്യാപ്റ്റന്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കിടെ കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഹര്‍മന്‍പ്രീതിന് അവസാന രണ്ട് ടി20 മത്സരങ്ങളില്‍ കളിക്കാനായിരുന്നില്ല.
ഓസ്ട്രേലിയക്കെതിരായ പരമ്പരക്ക് ശേഷം തഴഞ്ഞ അരുന്ധതി റെഡ്ഡിയയെും അയര്‍ലന്‍ഡിനെതിരായ പമ്പരക്കുള്ള ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറിയ രാഘ്‌വി ബിസ്റ്റിനെയും സയാലി സത്ഘരെയും ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഈ മാസം 10നാണ് ഇന്ത്യ-അയര്‍ലന്‍ഡ് ഏകദിന പരമ്പര തുടങ്ങുന്നത്. പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ക്കും രാജ്കോട്ട് ആണ് വേദിയാവുക. 12നും 15നുമാണ് രണ്ടും മൂന്നും ഏകദിനങ്ങൾ.
അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം: സ്മൃതി മന്ദാന (ക്യാപ്റ്റൻ), ദീപ്തി ശർമ (വൈസ് ക്യാപ്റ്റൻ), പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ജെമീമ റോഡ്രിഗസ്, ഉമാ ചേത്രി, റിച്ച ഘോഷ്, തേജൽ ഹസാബ്നിസ്, രാഘ്‌വി ബിസ്റ്റ്, മിന്നു മണി, പ്രിയ മിശ്ര, തനൂജ കൻവർ, ടിറ്റാസ് സാധു, സൈമ താക്കൂർ, സയാലി സത്ഘരെ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക