ഓസീസിനെതിരായ ആദ്യ ഏകദിനം; ഓപ്പണര്‍മാര്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തി ഹാര്‍ദിക് പാണ്ഡ്യ

By Web Team  |  First Published Mar 16, 2023, 6:13 PM IST

മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ എങ്ങനെയായിരിക്കും എന്ന ആകാംക്ഷ മുറുകുമ്പോള്‍ ടീമിന്‍റെ ഓപ്പണര്‍മാര്‍ ആരൊക്കെയെന്ന് പാണ്ഡ്യ വ്യക്തമാക്കി


മുംബൈ: ഓസ്‌ട്രേലിയക്ക് എതിരെ ടീം ഇന്ത്യ നാളെ മുതല്‍ ഏകദിന പോരാട്ടം ആരംഭിക്കുകയാണ്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിന് മുംബൈയിലെ വാംഖഢെ സ്റ്റേ‍ഡിയമാണ് വേദിയാവുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുന്നതിനാല്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ എങ്ങനെയായിരിക്കും എന്ന ആകാംക്ഷ മുറുകുമ്പോള്‍ ടീമിന്‍റെ ഓപ്പണര്‍മാര്‍ ആരൊക്കെയെന്ന് പാണ്ഡ്യ വ്യക്തമാക്കി. 

വാംഖഡെയില്‍ ശുഭ്‌മാന്‍ ഗില്ലിനൊപ്പം ഇഷാന്‍ കിഷനാണ് ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക എന്നാണ് മത്സരത്തിന് മുന്നോടിയായി ഹാര്‍ദിക് പാണ്ഡ്യയുടെ വാക്കുകള്‍. ഗില്ലിനും കിഷനും പുറമെ വിരാട് കോലിയും കെ എല്‍ രാഹുലും സൂര്യകുമാര്‍ യാദവുമായിരിക്കും സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍ എന്നാണ് സൂചന. പാണ്ഡ്യക്കൊപ്പം ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും വാഷിംഗ്‌ടണ്‍ സുന്ദറും ഇടംപിടിച്ചേക്കും. ഇവരില്‍ ജഡേജ പ്ലേയിംഗ് ഇലവനിലുണ്ടാകും എന്നതില്‍ തര്‍ക്കമുണ്ടാവില്ല. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും പേസര്‍മാരായി എത്തുമ്പോള്‍ സ്‌പെഷ്യലിസ്റ്റ് സ്‌പിന്നറായി കുല്‍ദീപ് യാദവിന് നറുക്ക് വീഴാനാണ് സാധ്യത. ഷമിക്ക് പകരം ഉമ്രാന്‍ മാലിക്കിനെയോ വാഷിംഗ്‌ടണിന് പകരം ഷര്‍ദ്ദുല്‍ ഠാക്കൂറിനേയോ കളിപ്പിക്കണോ എന്ന ചോദ്യം ഹാര്‍ദിക് പാണ്ഡ്യക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും മുന്നിലുണ്ട്. വെള്ളിയാഴ്‌ച വാംഖഢെയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് ഒന്നരയ്ക്കാണ് ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ഏകദിനം ആരംഭിക്കുക. 

Latest Videos

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, അക്‌സര്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്‌കട്ട്.

ഇന്ത്യക്കെതിരെ പന്തെറിയില്ലെന്ന് മിച്ചല്‍ മാര്‍ഷ്; കാരണം വ്യക്തമാക്കി താരം
 

click me!