Hardik Pandya : ഹാര്‍ദിക് പാണ്ഡ്യ 4ഡി ക്രിക്കറ്റര്‍; വാഴ്‌ത്തിപ്പാടി കിരണ്‍ മോറെ

By Jomit Jose  |  First Published Jun 2, 2022, 10:36 PM IST

ഹാര്‍ദിക്കിന്‍റെ കരുത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഐപിഎല്ലിലെ അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്ത് കിരീടത്തില്‍ മുത്തമിട്ടത്


ദില്ലി: ഐപിഎല്‍ പതിനഞ്ചാം സീസണ്‍(IPL 2022) കിരീടം ഗുജറാത്ത് ടൈറ്റന്‍സ്(Gujarat Titans) ഉയര്‍ത്തിയതിന് പിന്നാലെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ(Hardik Pandya) പുകഴ്‌ത്തി ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കിരണ്‍ മോറെ(Kiran More). ഓള്‍റൗണ്ടറായ ഹാര്‍ദിക് ഇപ്പോള്‍ ഫോര്‍-ഡയമെന്‍ഷനല്‍ ക്രിക്കറ്ററാണ് എന്നാണ് മോറെയുടെ പ്രശംസ. 

'ഗുജറാത്ത് ടൈറ്റന്‍സ് കളിച്ച രീതിയാണ് ഈ സീസണില്‍ എനിക്കേറെ ഇഷ്‌ടപ്പെട്ടത്. അവിസ്‌മരണീയമായിരുന്നു ഗുജറാത്തിന്‍റെ പ്രകടനം. പ്രത്യേകിച്ച് ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായതും കപ്പുയര്‍ത്തിയതും. അദേഹത്തിന്‍റെ വ്യക്തിഗത പ്രകടനവും ഒരുപോലെ ഗംഭീരമായിരുന്നു. മുംബൈ ഇന്ത്യന്‍സില്‍ നിന്നാണ് ഹാര്‍ദിക് ഗുജറാത്ത് ടൈറ്റന്‍സിലെത്തിയത്. പുതിയ ടീമിനെ തുടക്കത്തില്‍തന്നെ നയിക്കുകയും കപ്പ് സമ്മാനിക്കുകയും എളുപ്പമല്ല. ക്രുനാല്‍ പാണ്ഡ്യ എന്‍റെ അക്കാദമിയില്‍ ചേര്‍ന്നപ്പോള്‍ ഹാര്‍ദിക് അവിടെ കറങ്ങിത്തിരിയുമായിരുന്നു. നെറ്റ്‌സിന് പിന്നിലെ ഓട്ടവും ക്യാച്ചുകള്‍ എടുക്കുന്നതും കണ്ട് അയാളിലെ ക്രിക്കറ്റ് അഭിവേശം തിരിച്ചറിഞ്ഞ് നെറ്റ്‌സിലേക്ക് ഞാന്‍ ക്ഷണിക്കുകയായിരുന്നു. 

Latest Videos

എന്നെ സംബന്ധിച്ച് ഹാര്‍ദിക് ചെറിയൊരു കുട്ടിയാണ്. അവന് എപ്പോഴും മികച്ച പ്രകടനം കാഴ്‌‌ചവെക്കണം. ഹാര്‍ദിക് പാണ്ഡ്യ ഫോര്‍-ഡയമെന്‍ഷനല്‍ പ്ലെയറാണെന്ന് ഞാന്‍ ഇപ്പോള്‍ വിശ്വസിക്കുന്നു. ബൗളര്‍, ബാറ്റര്‍, ഫീല്‍ഡര്‍ എന്ന നിലയില്‍ ത്രീ-ഡയമെന്‍ഷനല്‍ താരമായിരുന്നു ഹാര്‍ദിക്. എന്നാല്‍ ഇപ്പോള്‍ അദേഹം ക്യാപ്റ്റന്‍ കൂടിയാണ്. ദേശീയ ടീമില്‍ പ്രതിഭാശാലിയായ ഒരു താരമുള്ളതില്‍ അഭിമാനിക്കാം' എന്നും കിരണ്‍ മോറെ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു.   

2021ലെ ടി20 ലോകകപ്പിന് ശേഷം ഒരു മത്സരം പോലും കളിക്കാത്ത ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്ലില്‍ തിളങ്ങുമോ എന്ന സംശയം സജീവമായിരുന്നു. പാണ്ഡ്യ പന്തെറിയും എന്ന് ആരും പ്രതീക്ഷിച്ചതല്ല. എന്നാല്‍ ഐപിഎല്ലില്‍ ഓള്‍റൗണ്ട് മികവുമായി ഹാര്‍ദിക് പാണ്ഡ്യ തന്‍റെ കഴിവ് കാട്ടി.  ടൂര്‍ണമെന്‍റില്‍ 44.27 ശരാശരിയിലും 131.26 സ്‌ട്രൈക്ക് റേറ്റിലും 487 റണ്‍സ് ഹാര്‍ദിക് നേടി. 7.27 ഇക്കോണമിയില്‍ എട്ട് വിക്കറ്റും നേടി. 

കലാശപ്പോരില്‍ ഹാര്‍ദിക്കിന്‍റെ കരുത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഐപിഎല്ലിലെ അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സ് കിരീടത്തില്‍ മുത്തമിട്ടത്. 131 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് 18.1ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഐപിഎല്‍ പതിനഞ്ചാം സീസണിന്‍റെ രണ്ടാംപകുതിയില്‍ പന്തെറിയാതിരുന്ന ഹാര്‍ദിക് ഫൈനലില്‍ രാജസ്ഥാനെതിരെ 17ന് മൂന്ന് വിക്കറ്റുമായി കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു. കലാശപ്പോരില്‍ 30 പന്തില്‍ 34 റണ്‍സെടുത്ത് ബാറ്റിംഗില്‍ നിര്‍ണായക സംഭാവനയും ഹാര്‍ദിക് നല്‍കി.

NED vs WI : ബ്രാണ്ടന്‍ കിംഗിന് ഗംഭീര ഫിഫ്റ്റി; വിസ്‌മയ തിരിച്ചുവരവില്‍ വിന്‍ഡീസിന് ജയം, പരമ്പര
 

click me!