ആദ്യ നേര്‍ക്കുനേര്‍ പോരില്‍ ഗുജറാത്ത് 37 റൺസിന് ജയിക്കുകയായിരുന്നു. ഗുജറാത്തിന്‍റെ 192 റൺസ് പിന്തുടർന്ന രാജസ്ഥാന് 155 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
അഹമ്മദാബാദ്: ഐപിഎല്‍ പതിനഞ്ചാം സീസണിലെ(IPL 2022) കലാശപ്പോരിന്(GT vs RR Final) ഇറങ്ങും മുമ്പ് രാജസ്ഥാന്‍ റോയല്‍സിന്(Rajasthan Royals) ആശങ്ക സമ്മാനിക്കുന്നത് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ(Gujarat Titans) മുന്‍ റെക്കോര്‍ഡ്. ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ഹാര്‍ദിക് പാണ്ഡ്യക്കും(Hardik Pandya) സംഘത്തിനുമായിരുന്നു ജയം. രണ്ട് മത്സരത്തിലും ആധികാരിക ജയമാണ് ടൈറ്റന്‍സ് നേടിയത്. ഈ വെല്ലുവിളി മറികടക്കാനായാല്‍ സഞ്ജു സാംസണ്(Sanju Samson) ഇന്നത്തെ മത്സരഫലം ഇരട്ടിമധുരമാകും.
കടംവീട്ടാന്‍ രാജസ്ഥാന്‍
ആദ്യ നേര്‍ക്കുനേര്‍ പോരില്‍ ഗുജറാത്ത് 37 റൺസിന് ജയിക്കുകയായിരുന്നു. ഗുജറാത്തിന്‍റെ 192 റൺസ് പിന്തുടർന്ന രാജസ്ഥാന് 155 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 52 പന്തിൽ പുറത്താവാതെ 87* റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് ഗുജറാത്തിനെ മികച്ച സ്കോറിലെത്തിച്ചത്. രാജസ്ഥാൻ നിരയിൽ 54 റൺസെടുത്ത ജോസ് ബട്‍ലറിന് മാത്രമേ പിടിച്ചുനിൽക്കാനായുള്ളൂ.
ആദ്യ ക്വാളിഫയറില്‍ രാജസ്ഥാനെതിരെ ഗുജറാത്ത് ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയം സ്വന്തമാക്കുകയായിരുന്നു. ജോസ് ബട്‍ലറുടെ 89 റൺസിന്‍റെയും സഞ്ജു സാംസണിന്‍റെ 47 റൺസിന്‍റേയും മികവിൽ രാജസ്ഥാൻ 188 റൺസെടുത്തു. എന്നാൽ മൂന്ന് പന്ത് ശേഷിക്കേ ഗുജറാത്ത് ലക്ഷ്യത്തിലെത്തി. ഹാർദിക് പാണ്ഡ്യ 40* റൺസുമായും ഡേവിഡ് മില്ലർ 68* റൺസുമായും പുറത്താവാതെ നിന്നു. പേസര്‍ പ്രസിദ്ധ് കൃഷ്‌ണ എറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തും സിക്സർ പറത്തിയാണ് മില്ലർ ടൈറ്റൻസിനെ ഫൈനലിൽ എത്തിച്ചത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് ഗുജറാത്ത് ടൈറ്റന്‍സ്-രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ തുടങ്ങുക. സഞ്ജു സാംസണിലൂടെ ഐപിഎല്‍ ചരിത്രത്തിലാദ്യമായി ഒരു മലയാളി നായകന്‍ കിരീടമുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഷെയ്‌ന്‍ വോണിന്‍റെ നായകത്വത്തിലിറങ്ങിയ 2008ലെ പ്രഥമ സീസണിന് ശേഷം ആദ്യമായാണ് രാജസ്ഥാൻ ഫൈനല്‍ കളിക്കുന്നത്. ടീമിന്‍റെ ആദ്യ റോയല്‍ നായകനായ ഷെയ്‌ന്‍ വോണിന് കിരീടം സമ്മാനിക്കുകയാണ് ഇന്ന് രാജസ്ഥാന്‍ റോയല്‍സിന്‍റെ ലക്ഷ്യം.
മനസുതുറന്ന് സഞ്ജു സാംസണ്‍
'എന്നെ ഞാനാക്കിയത് രാജസ്ഥാന്‍ റോയല്‍സാണ്. ഇതിന് പകരം ടീമിന് നല്‍കാനുള്ള സമയമാണിത്. കിരീടത്തിനായി ടീം കാത്തിരിക്കുകയാണ്. അത് നേടാന്‍ എന്നാല്‍ കഴിയുന്നതെല്ലാം ചെയ്യും. ഓരോ നിമിഷവും ആസ്വദിച്ചാണ് ക്രിക്കറ്റ് കളിക്കുന്നത്. ടീമിനെയും ഡ്രസിംഗ് റൂമിനേയും അടക്കിഭരിക്കുന്ന നായകനല്ല ഞാന്‍. വ്യത്യസ്ത സ്വഭാവക്കാരാണ് ടീമിലുള്ളത്. ഓരോരുത്തര്‍ക്കും അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരം നല്‍കിയാല്‍ ടീമിന് അത് ഗുണമായി മാറും' എന്നും ഐപിഎല്‍ ഫൈനലിന് മുന്നോടിയായി സഞ്ജു സാംസണ്‍ പറഞ്ഞു.
IPL 2022 : ഐപിഎല്‍ ഫൈനല്‍ ഇന്ന്; കിരീടത്തിനായി രാജസ്ഥാന്‍ റോയല്‍സ്, ചരിത്രം കുറിക്കാന്‍ സഞ്ജു