മില്ലര്‍ ഇല്ല, ഇംപാക്ട് പ്ലേയറുടെ കാര്യത്തില്‍ ആശയക്കുഴപ്പം; ചെന്നൈക്കെതിരെ ഗുജറാത്തിന്‍റെ സാധ്യതാ ഇലവന്‍

By Web Team  |  First Published Mar 30, 2023, 3:07 PM IST

മധ്യനിരയില്‍ മില്ലറുടെയും രാഹുല്‍ തെവാത്തിയയുടെയും വെടിക്കെട്ടും മുഹമ്മദ് ഷമിയുടെയും റാഷിദ് ഖാന്‍റെയും ബൗളിംഗും ഹാര്‍ദ്ദിക്കിന്‍റെ ക്യാപ്റ്റന്‍സിയുമാണ് ഗുജറാത്തിനെ ആദ്യ സീസണില്‍ കിരീടത്തിലേക്ക് നയിച്ചത്.


അഹമ്മദാബാദ്: ഐപിഎല്ലില്‍ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിന് ഗുജറാത്ത് ടൈറ്റന്‍സ് നാളെ ഇറങ്ങും. ഉദ്ഘാടന മത്സരത്തില്‍ എം എസ് ധോണിയുടടെ ചെന്നൈ സൂപ്പര്‍ കിംഗ്സാണ് ഗുജറാത്തിന്‍റെ എതിരാളികള്‍. ജയിച്ചു തുടങ്ങാനാണ് ഗുജറാത്ത് ഇറങ്ങുന്നതെങ്കിലും ടീം കോംബിനേഷനില്‍ ഇപ്പോഴും ആശയക്കുഴപ്പം മാറിയിട്ടില്ല. കഴിഞ്ഞ സീസണില്‍ ടീമിന്‍റെ നിര്‍ണായക താരമായിരുന്ന ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ നാളത്തെ മത്സരത്തിനുണ്ടാവില്ലെന്നത് ഗുജറാത്തിന് തിരിച്ചടിയാണ്.

മധ്യനിരയില്‍ മില്ലറുടെയും രാഹുല്‍ തെവാത്തിയയുടെയും വെടിക്കെട്ടും മുഹമ്മദ് ഷമിയുടെയും റാഷിദ് ഖാന്‍റെയും ബൗളിംഗും ഹാര്‍ദ്ദിക്കിന്‍റെ ക്യാപ്റ്റന്‍സിയുമാണ് ഗുജറാത്തിനെ ആദ്യ സീസണില്‍ കിരീടത്തിലേക്ക് നയിച്ചത്. ജേസണ്‍ റോയ്, റഹ്മാനുള്ള ഗുര്‍ബാസ്, ലോക്കി ഫെര്‍ഗൂസന്‍ എന്നിവരെ ലേലത്തിന് മുമ്പ് കൈയൊഴിഞ്ഞ ഗുജറാത്തിന് കെയ്ന്‍ വില്യംസണെ സ്വന്തമാക്കിയത് വലിയ നേട്ടമാണ്. ആദ്യ മത്സരത്തിനുള്ള ഗുജറാത്തിന്‍റെ സാധ്യതാ ഇലവന്‍ എങ്ങനെയെന്ന് നോക്കാം.

Latest Videos

ഓപ്പണിംഗില്‍ ശുഭ്മാന്‍ ഗില്‍-വൃദ്ധിമാന്‍ സാഹ സഖ്യം തന്നെയാവും ഇത്തവണയും ഗുജറാത്തിനായി ഇന്നിംഗ്സ് തുടങ്ങാനെത്തുക. മൂന്നാം നമ്പറില്‍ കിവീസ് മുന്‍ നായകന്‍ കെയ്ന്‍ വില്യംസണെത്തുമ്പോള്‍ നാലാം നമ്പറില്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് തന്നെ ഇറങ്ങാനാണ് സാധ്യത. ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡ്, രാഹുല്‍ തെവാത്തിയ എന്നിവരായിരിക്കും തുടര്‍ന്ന് എത്തുക. ഡേവിഡ് മില്ലറുടെ അഭാവത്തിലാണ് വെയ്ഡ് അന്തിമ ഇലവനിലെത്തുന്നത്.

ബൗളിംഗില്‍ റാഷിദ് ഖാനും സായ് കിഷോറും യാഷ് ദയാല്‍, അല്‍സാരി ജോസഫ് മുഹമ്മദ് ഷമി എന്നിവരുടെ ശക്തമായ നിരയാവും ഗുജറാത്തിന്‍റെ കരുത്ത്. മില്ലറുടെ അഭാവത്തില്‍ മധ്യനിര ദുര്‍ബലമാണെങ്കിലും ബൗളിംഗ് കരുത്തിലൂടെ ചെന്നൈയെ പിടിച്ചു കെട്ടാനാവും ഗുജറാത്ത് ശ്രമിക്കുക. എന്നാല്‍ മിച്ചല്‍ സാന്‍റ്നര്‍ പതിനൊന്നാമനായി ഇറങ്ങാനിടയുള്ള ചെന്നൈ ബാറ്റിംഗ് നിരക്കെതിരെ അത് ഫലപ്രദമാകുമോ എന്ന് കണ്ടറിയണം.

ഗുജറാത്ത് സാധ്യതാ ഇലവന്‍: ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ, കെയ്ൻ വില്യംസൺ, ഹാർദിക് പാണ്ഡ്യ, മാത്യു വെയ്ഡ്, രാഹുൽ തെവാത്തിയ, റാഷിദ് ഖാൻ, സായ് കിഷോർ, യാഷ് ദയാൽ, അൽസാരി ജോസഫ്, മുഹമ്മദ് ഷമി.

ഇംപാക്ട് പ്ലേയര്‍

ശിവം മാവി, വജിയ് ശങ്കര്‍, കെ എസ് ഭരത്, ദര്‍ശന്‍ നാല്‍കണ്ഡേ എന്നിവരിലൊരാളായിരിക്കും ഗുജറാത്തിന്‍റെ ഇംപാക്ട് പ്ലേയര്‍ ആകുക എന്നാണ് സൂചന.

click me!