പ്രതിഫലം 7 കോടിക്ക് മുകളില്‍, എന്നിട്ടും 70 റണ്‍സ് പോലും നേടാതിരുന്ന 3 താരങ്ങള്‍; അതിലൊരു മലയാളിയും

By Web Team  |  First Published May 27, 2024, 9:37 PM IST

ഇത്തവണ താരലേലത്തില്‍ കോടികള്‍ പ്രതിഫലം നല്‍കി സ്വന്തമാക്കിയിട്ടും പ്രതീക്ഷിച്ചതിന്‍റെ പത്തിലൊന്ന് പ്രകടനം പോലും പുറത്തെടുക്കാത്ത മൂന്ന് താരങ്ങള്‍ ആരൊക്കെ എന്ന് നോക്കാം.


ചെന്നൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്ര് റൈഡേഴ്സ് ചാമ്പ്യന്‍മാരായതിന് പിന്നാലെ ഓരോ ടീമിലെയും പ്രതീക്ഷ കാത്ത താരങ്ങളെയും നിരാശപ്പെടുത്തിയ താരങ്ങളെയും കണ്ടെത്തുന്ന തിരക്കിലാണ് ആരാധകര്‍. 24.75 കോടി മുടക്കി കൊല്‍ക്കത്ത സ്വന്തമാക്കിയ മിച്ചല്‍ സ്റ്റാര്‍ക്കും 20.50 കോടി കൊടുത്ത് ഹൈദരാബാദ് ടീമിലെടുത്ത നായകന്‍ പാറ്റ് കമിന്‍സും പ്രതീക്ഷ കാത്തപ്പോള്‍ ഇത്തവണ താരലേലത്തില്‍ കോടികള്‍ പ്രതിഫലം നല്‍കി സ്വന്തമാക്കിയിട്ടും പ്രതീക്ഷിച്ചതിന്‍റെ പത്തിലൊന്ന് പ്രകടനം പോലും പുറത്തെടുക്കാത്ത മൂന്ന് താരങ്ങള്‍ ആരൊക്കെ എന്ന് നോക്കാം.

Latest Videos

undefined

ഗ്ലെന്‍ മാക്സ്‌വെല്‍: ഐപിഎല്ലില്‍ തുടര്‍ജയങ്ങളുമായി ആര്‍സിബി പ്ലേ ഓഫിലെത്തി വിസ്മയിച്ചപ്പോഴും വമ്പന്‍ നിരാശ സമ്മാനിച്ച താരം ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ്‌വെല്ലായിരുന്നു. 2022ലെ മെഗാ താരലേലത്തിന് മുമ്പ് 11 കോടി മുടക്കിയാണ് ആര്‍സിബി മാക്സ്‌വെല്ലിനെ നിലനിര്‍ത്തിയത്. 2022ലും 2023ലും ഭേദപ്പെട്ട പ്രകടനങ്ങളുണ്ടായെങ്കിലും ഈ സീസണില്‍ മാക്സ്‌വെല്‍ തീര്‍ത്തും നിരാശപ്പെടുത്തി. ആര്‍സിബിക്കായി 10 മത്സരങ്ങളില്‍ കളിച്ച മാക്സ്‌വെല്‍ ആകെ നേടിയത് 52 റണ്‍സാണ്. ഇതില്‍ കൊല്‍ക്കത്തക്കെതിരെ ഒരു മത്സരത്തില്‍ 28 റണ്‍സ് നേടിയതൊഴിച്ചാല്‍ പിന്നീട് കളിച്ച എട്ട് ഇന്നിംഗ്സുകളില്‍ നിന്ന് ആകെ നേടിയത് 24 റണ്‍സ് മാത്രമാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ അവസാന പ്ലേ ഓഫ് മത്സരത്തില്‍ 5 പന്തില്‍ 16 റണ്‍സ് നേടിയത് കൂടി കണക്കിലെടുത്താല്‍ പിന്നീട് ഏഴ് ഇന്നിംഗ്സുകളില്‍ നേടിയത് എട്ട റണ്‍സും.

ദേവ്ദത്ത് പടിക്കല്‍: രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് 7.75 കോടി രൂപക്ക് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിലെത്തിയ മലയാളി താരം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയശേഷമാണ് ഐപിഎല്ലിനിറങ്ങിയത്.കെ എല്‍ രാഹുല്‍ ഡി കോക്കിനൊപ്പം ഓപ്പണറായതോടെ മൂന്നാം നമ്പറിലാണ് പടിക്കല്‍ കൂടുതല്‍ മത്സരങ്ങളിലും കളിച്ചത്. സീസണില്‍ കളിച്ച ഏഴ് ഇന്നിംഗ്സുകളില്‍ 53 പന്തുകള്‍ നേരിട്ട പടിക്കല്‍ ആകെ അടിച്ചത് 38 റണ്‍സ് മാത്രം. അതിലാകെയുള്ളത് മൂന്ന് ബൗണ്ടറികള്‍ മാത്രം. സീസണിലെ ശരാശരി 5.42ഉം സ്ട്രൈക്ക് റേറ്റ് 71.69ഉം മാത്രം.

കുമാര്‍ കുശാഗ്ര: ഡല്‍ഹി ക്യാപിറ്റല്‍സ് താരലേലത്തില്‍ 7.2 കോടി മുടക്കി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുമാര്‍ കുശാഗ്രയെ സ്വന്തമാക്കിയപ്പോള്‍ ആരാധകര്‍ പലരും അമ്പരന്നു. കുമാര്‍ കുശാഗ്ര ഡല്‍ഹിയുടെ പ്ലേയിംഗ് ഇലവനില്‍ സ്ഥിരമാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും നാലു കളികളില്‍ മാത്രം പ്ലേയിംഗ് ഇലവനിലെത്തിയ കുശാഗ്രക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. മൂന്ന് ഇന്നിംഗ്സില്‍ മാത്രമാണ് കുശാഗ്രക്ക് ബാറ്റിംഗിന് അവസരം ലഭിച്ചത്. ആകെ നേടിയത് മൂന്ന് റണ്‍സ് മാത്രവും. ഉയര്‍ന്ന സ്കോറാകട്ടെ രണ്ട് റണ്‍സും. 42.86 മാത്രമായിരുന്നു യുവതാരത്തിന്‍റെ സീസണിലെ സ്ട്രൈക്ക് റേറ്റ്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ ഹീറോ ആവാന്‍ അവസരമുണ്ടായിരുന്നെങ്കിലും ഒരു റണ്ണെടുത്ത് സിറാജിന് മുന്നില്‍ വീണു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!