പുതുവർഷത്തിൽ ഗുരുത്വാകർഷണത്തെപ്പോലും വെല്ലുവിളിക്കുന്ന അവിശ്വസനീയ ക്യാച്ചുമായി ഞെട്ടിച്ച് ഗ്ലെൻ മാക്സ്‌‌വെൽ

By Web Desk  |  First Published Jan 1, 2025, 5:38 PM IST

ഡാന്‍ ലോറന്‍സ് എറിഞ്ഞ പതിനേഴാം ഓവറിലെ ആദ്യ പന്തിലായിരുന്നു മാക്സ്‌വെല്ലിന്‍റെ അവിശ്വസനീയ ക്യാച്ച് പിറന്നത്.


മെല്‍ബണ്‍: ഓസ്ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗില്‍ അവിശ്വസനീയ ക്യാച്ചുമായി ഞെട്ടിച്ച് ഗ്ലെന്‍ മാക്സ്‌വെല്‍. പുതുവര്‍ഷത്തില്‍ നടന്ന മത്സരത്തില്‍ ബ്രിസ്ബേന്‍ ഹീറ്റിനെതിരെയായിരുന്നു ഗുരുത്വാകര്‍ഷണത്തെപോലും  വെല്ലുവിളിക്കുന്ന അവിശ്വസനീയ ക്യാച്ച് ബൗണ്ടറിയില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനായി മാക്സ്‌വെല്‍ കൈയിലൊതുക്കിയത്.

ബ്രിസ്ബേന്‍ ഹീറ്റിന്‍റെ വില്‍ പ്രെസ്റ്റ്‌വിഡ്ജ് അടിച്ച സിക്സെന്നുറപ്പിച്ച ഷോട്ടാണ് ലോംഗ് ഓണ്‍ ബൗണ്ടറിയില്‍ ഉയര്‍ന്നു ചാടി കൈയിലൊതുക്കിയ മാക്സ്‌വെല്‍ വായുവില്‍ വെച്ചുതന്നെ പന്ത് ബൗണ്ടറിക്ക് അകത്തേക്ക് ഉയര്‍ത്തിയെറിഞ്ഞശേഷം തിരികെ വന്ന് ഓടിപ്പിടിച്ചത്. ഈ വര്‍ഷം പല അവിശ്വസനീയ ക്യാച്ചുകളും നമ്മള്‍ കാണാനാരിക്കുന്നുവെങ്കിലും എത്ര എണ്ണം വന്നാലും ഇത് അതില്‍ തലപ്പത്തുണ്ടാകുമെന്നായിരുന്നു ഫോക്സ് സ്പോര്‍ട്സിനുവേണ്ടി കമന്‍ററി ബോക്സിലുണ്ടായിരുന്ന മാര്‍ക്ക് ഹോവാര്‍ഡ് മാക്സ്‌വെല്ലിന്‍റെ ക്യാച്ചിനെ വിശേഷിപ്പിച്ചത്.

Latest Videos

രോഹിത് സ്ഥാനമൊഴിഞ്ഞാൽ ഇന്ത്യൻ ക്യാപ്റ്റനാവാന്‍ തയാറാണെന്ന് സീനിയര്‍ താരം, അത് വിരാട് കോലിയെന്ന് റിപ്പോര്‍ട്ട്

ബാസ്കറ്റ് ബോള്‍ ഇതിഹാസം ലെബ്രോണ്‍ ജെയിംസിന്‍റെ ഉയര്‍ന്നു ചാടലിന് സമാനമായാണ് മാക്സ്‌വെല്ലും വായുവില്‍ ഉയര്‍ന്നു പൊങ്ങിയതെന്ന് ഹോവാര്‍ഡ് പറഞ്ഞു. ഡാന്‍ ലോറന്‍സ് എറിഞ്ഞ പതിനേഴാം ഓവറിലെ ആദ്യ പന്തിലായിരുന്നു മാക്സ്‌വെല്ലിന്‍റെ അവിശ്വസനീയ ക്യാച്ച് പിറന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബേന്‍ ഹീറ്റ്സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. 48 പന്തില്‍ 77 റണ്‍സെടുത്ത മാക്സ് ബ്രയാന്‍റാണ് ഹീറ്റിന്‍റെ ടോപ് സ്കോറര്‍.

2025 STARTS WITH A GLENN MAXWELL STUNNER. 🤯pic.twitter.com/RD6vUGYado

— Mufaddal Vohra (@mufaddal_vohra)

150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മെല്‍ബണ്‍ സ്റ്റാര്‍സ് തുടക്കത്തില്‍ 14-3ലേക്ക് തകര്‍ന്നടിഞ്ഞെങ്കിലും ഡാനിയേല്‍ ലോറന്‍സിന്‍റെയും(38 പന്തില്‍ 64), ക്യാപ്റ്റൻ മാര്‍ക്കസ് സ്റ്റോയ്നിസിന്‍റെയും(48 പന്തില്‍ 62) അര്‍ധസെഞ്ചുറികളുടെ മികവില്‍ 18.1 ഓവറില്‍ ലക്ഷ്യത്തിലെത്തി. പറന്നുപിടിച്ച് തിളങ്ങിയ മാക്സ്‌വെല്‍ പക്ഷെ ബാറ്റിംഗിനിറങ്ങിയപ്പോള്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായി നിരാശപ്പെടുത്തി. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു റിലീസ് ചെയ്ത മാക്സ്‌വെല്‍ ഇത്തവണ പഞ്ചാബ് ടീമിനായാണ് കളിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!