ആര്‍സിബിക്ക് തിരിച്ചടിയായി ഹേസല്‍വുഡിന്റേയും മാക്‌സ്‌വെല്ലിന്റെയും പരിക്ക്; ആദ്യ മത്സരങ്ങള്‍ക്കുണ്ടായേക്കില്ല

By Web Team  |  First Published Mar 30, 2023, 4:09 PM IST

പരിക്കിനെ തുടര്‍ന്ന് മാക്‌സ്‌വെല്ലിന് ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ അവസാന രണ്ട് മത്സരങ്ങള്‍ നഷ്ടമായിരുന്നു. കഴിഞ്ഞ നവംബറിലേറ്റ പരിക്കില്‍ നിന്ന് പൂര്‍ണ മുക്തനായിട്ടില്ലെന്ന വാര്‍ത്തകളുണ്ടായിരുന്നു.


ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ റോയല്‍ ചലഞ്ചേഴ്‌സ്് ബാംഗ്ലൂരിന് നിരാശ. അവരുടെ ഓസ്‌ട്രേലിയന്‍ താരങ്ങളായ ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഹേസല്‍വുഡ് എന്നിവരുടെ പരിക്കാണ് പ്രധാന പ്രശ്‌നം. മാക്‌സ്‌വെല്ലിന് ആദ്യ മത്സരവും ഹേസല്‍വുഡിന് തുടക്കത്തിലെ ചില മത്സരങ്ങളും നഷ്ടമാവും. ഞായറാഴ്ച്ച മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ആര്‍സിബിയുടെ ആദ്യ മത്സരം. ഹേസല്‍വുഡിന്റെ കാര്യത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ കനിയേണ്ടതുണ്ട്. തീരുമാനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 

പരിക്കിനെ തുടര്‍ന്ന് മാക്‌സ്‌വെല്ലിന് ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ അവസാന രണ്ട് മത്സരങ്ങള്‍ നഷ്ടമായിരുന്നു. കഴിഞ്ഞ നവംബറിലേറ്റ പരിക്കില്‍ നിന്ന് പൂര്‍ണ മുക്തനായിട്ടില്ലെന്ന വാര്‍ത്തകളുണ്ടായിരുന്നു. 2021 ഐപിഎല്‍ ലേലത്തില്‍ 14.25 കോടിക്കാണ് ആര്‍സിബി മാക്‌സ്‌വെല്ലിനെ സ്വന്തമാക്കിയത്. 2022 സീസണില്‍ ടീം അദ്ദേഹത്തെ നിലനിര്‍ത്തുകയായിരുന്നു. കഴിഞ്ഞ സീസണില്‍ 13 മത്സരങ്ങളില്‍ 301 റണ്‍സാണ് മാക്‌സ്‌വെല്‍ നേടിയത്. 169.10 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്രയും റണ്‍.

Latest Videos

ഹേസല്‍വുഡ് ഇന്ത്യക്കെതിരായ ടെസ്റ്റ്- ഏകദിന പരമ്പരയില്‍ കളിച്ചിരുന്നില്ല. നിലവില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ മെഡിക്കല്‍ ടീമിനൊപ്പമാണ് താരം. അവരുടെ പച്ചക്കൊടി കിട്ടിയാല്‍ മാത്രമെ, ഹേസല്‍വുഡ് ഐപിഎല്ലിനെത്തൂ. 2022ല്‍ 7.75 കോടിക്കാണ് ഹേസല്‍വുഡിനെ ആര്‍സിബി സ്വന്തമാക്കിയത്. 12 മത്സരങ്ങളില്‍ 20 വിക്കറ്റ് നേടിക്കൊണ്ട് ഹേസല്‍വുഡ് ഫ്രാഞ്ചൈസിയുടെ തീരുമാനത്തെ ന്യായീകരിച്ചു. 18.85ലായിരുന്നു നേട്ടം. 25 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയതായിരുന്നു മികച്ച പ്രകടനം.

കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനത്തായിരുന്നു ആര്‍സിബി. 14 മത്സരങ്ങളില്‍ എട്ട് ജയമാണ് നേടാനായത്. എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിനെ തോല്‍പ്പിച്ച ആര്‍സിബി രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോല്‍ക്കുകയായിരുന്നു.

ഇന്ത്യക്ക് ധോണിയും കോലിയുമൊക്കെ ഉണ്ടായിരുന്നു,ഞങ്ങള്‍ക്കോ പാല്‍മണം മാറാത്ത കുട്ടികളും, മനസു തുറന്ന് സര്‍ഫ്രാസ്

click me!