'ആഭ്യന്തരം കളിക്കൂ, അല്ലാതെ..'; ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഗംഭീര്‍

By Web Desk  |  First Published Jan 5, 2025, 9:47 PM IST

എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നാണ് ഗംഭീര്‍ പറയുന്നത്.


സിഡ്‌നി: അടുത്ത കാലത്ത് മോശം ഫോമിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. അവസാന 15 ഇന്നിംഗ്സുകളില്‍ നിന്ന് 10.93 ശരാശരിയില്‍ 64 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. അതില്‍ ഒരു അര്‍ദ്ധ സെഞ്ച്വറി. ഓസ്ട്രേലിയയില്‍ 6.20 ശരാശരിയില്‍ 31 റണ്‍സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി അവസാന 19 ഇന്നിംഗ്സുകളില്‍ നിന്ന് 22.47 ശരാശരിയില്‍ ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും സഹിതം 382 റണ്‍സാണ് നേടിയത്. ഓസീസിനെതിരെ പെര്‍ത്തിലെ സെഞ്ചുറി കൂടി ഇല്ലായിരുന്നെങ്കില്‍ ഇതിലും പരിതാപകരമായേനെ കോലിയുടെ അവസ്ഥ.

ഇപ്പോള്‍ സീനിയര്‍ താരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നാണ് ഗംഭീര്‍ പറയുന്നത്. ഇന്ത്യന്‍ പരിശീലകന്റെ വാക്കുകള്‍... ''എനിക്ക് ഒരു കളിക്കാരന്റെയും ഭാവിയെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല. അത് അവരാണ് തീരുമാനിക്കേണ്ടത്. അവരിപ്പോഴും റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കുന്നവരാണ്. അവര്‍ക്ക് ഇപ്പോഴും അഭിനിവേശമുണ്ട്. തിരിച്ചുവരാന്‍ അവര്‍ക്ക് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകുന്നത് തുടരുക. അവര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മികച്ച താല്‍പ്പര്യത്തിനായി ചിന്തിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.'' ഗംഭീര്‍ പറഞ്ഞു.

Latest Videos

9 സിക്‌സ്, 10 ഫോര്‍! വിജയ് ഹസാരെയില്‍ അതിവേഗ സെഞ്ചുറിയുമായി മുംബൈയുടെ കൗമാരതാരം; മുംബൈക്ക് ജയം

എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഗംഭീര്‍ പറയുന്നു. ''എല്ലാവരോടും സത്യസന്ധത പുലര്‍ത്തുക എന്നതാണ് എന്റെ ജോലി. കുറച്ച് കളിക്കാര്‍ക്ക് മാത്രം മുന്‍ഗണന നല്‍കുന്ന രീതി എനിക്കില്ല. അരങ്ങേറ്റം കുറിക്കുന്നവരേയും 100 ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയവരേയും ഒരുപോലെയാണ് ഞാന്‍ കാണുന്നത്. എല്ലാവരോടും നീതി പുലര്‍ത്തണം. എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നു. റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കുക.'' ഗംഭീര്‍ കൂട്ടിചേര്‍ത്തു.

നേരത്തെ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനും സീനിയര്‍ താരങ്ങള്‍ക്കെതിരെ തിരിഞ്ഞിരുന്നു. കോലിക്കെതിരെയാണ് പത്താന്‍ സംസാരിച്ചത്.  മുന്‍ ഇടങ്കയ്യന്‍ പേസറുടെ വാക്കുകള്‍... ''നമുക്ക് സൂപ്പര്‍ സ്റ്റാര്‍ സംസ്‌കാരം അവസാനിപ്പിക്കണം, ടീം സംസ്‌കാരമാണ് വേണ്ടത്. താരങ്ങള്‍ സ്വയം മെച്ചപ്പെടുകയും ഇന്ത്യന്‍ ടീമിനെ മെച്ചപ്പെടുത്തുകയും വേണം. ഈ പരമ്പരയ്ക്ക് മുമ്പും മത്സരങ്ങള്‍ ഉണ്ടായിരുന്നു, അവര്‍ക്ക് ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ അവസരമുണ്ടായിരുന്നു, പക്ഷേ അവര്‍ ചെയ്തില്ല. ആ ചിന്ത മാറ്റണം.'' പത്താന്‍ പറഞ്ഞു.

click me!