ലഖ്‌നൗവിലെ പാണ്ഡ്യയുടെ തീരുമാനം ഏറെ അത്ഭുതപ്പെടുത്തി; നായകന്‍റെ തന്ത്രങ്ങള്‍ ചോദ്യം ചെയ്‌ത് ഗംഭീര്‍

By Web Team  |  First Published Jan 31, 2023, 5:11 PM IST

ഹാര്‍ദിക് പാണ്ഡ്യയുടെ ഈ തീരുമാനം അത്ഭുതപ്പെടുത്തിയതായി പറയുന്നു ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍


ലഖ്‌നൗ: ന്യൂസിലന്‍ഡിന് എതിരായ രണ്ടാം ട്വന്‍റി 20യില്‍ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബൗളിംഗ് തീരുമാനങ്ങള്‍ വലിയ അമ്പരപ്പുണ്ടാക്കിയിരുന്നു. ആദ്യ ട്വന്‍റി 20യില്‍ ഒരോവര്‍ എറിഞ്ഞ് 16 റണ്‍സ് വിട്ടുകൊടുത്ത ഉമ്രാന്‍ മാലിക്കിന് പകരം സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അദേഹത്തിന് വെറും രണ്ട് ഓവറുകള്‍ മാത്രമാണ് നല്‍കിയത്. അതേസമയം പാര്‍ട്‌ടൈം ബൗളര്‍ ദീപക് ഹൂഡ നാല് ഓവറുകള്‍ എറിയുകയും ചെയ്‌തു. 

ഹാര്‍ദിക് പാണ്ഡ്യയുടെ ഈ തീരുമാനം അത്ഭുതപ്പെടുത്തിയതായി പറയുന്നു ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. 'വലിയ സര്‍പ്രൈസ്. എനിക്ക് ഈ ചോദ്യത്തിന് ഉത്തരം നല്‍കാനാവില്ല. അതും ഇത്തരമൊരു വിക്കറ്റില്‍. ട്വന്‍റി 20 ഫോര്‍മാറ്റില്‍ നമ്പര്‍ 1 സ്‌പിന്നറാണ് യുസ്‌വേന്ദ്ര ചാഹല്‍. രണ്ട് ഓവറുകള്‍ മാത്രം അദേഹത്തോട് എറിയാനാവശ്യപ്പെടുകയും ഫിന്‍ അലന്‍റെ നിര്‍ണായക വിക്കറ്റ് അയാള്‍ വീഴ്‌ത്തുകയും ചെയ്തു. എന്നിട്ടും നാല് ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കാന്‍ ചാഹലിനെ പന്തേല്‍പിക്കാതിരുന്നതിന്‍റെ യു‌ക്തി തനിക്ക് പിടികിട്ടുന്നില്ല' എന്നും ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു. 

Latest Videos

മറ്റ് ചില അഭിപ്രായങ്ങളും ഗൗതം ഗംഭീറിനുണ്ട്. 'അര്‍ഷ്‌ദീപ് സിംഗിനും ശിവം മാവിക്കും തീര്‍ച്ചയായും അവസരം നല്‍കണം. എന്നിട്ട് ചാഹലിനെ കൊണ്ട് അവസാനത്തേയോ അതിന് മുമ്പോ എറിയിക്കണമായിരുന്നു. ആ തന്ത്രം പാണ്ഡ്യയുടെ ഭാഗത്ത് നിന്നുണ്ടായില്ല. അങ്ങനെ ചെയ്‌തിരുന്നെങ്കില്‍ ഇത്തരമൊരു പിച്ചില്‍ ന്യൂസിലന്‍ഡ് 80ഓ 85ഓ റണ്‍സിന് ഓള്‍ഔട്ടാകുമായിരുന്നു. ചാഹലിന് പന്ത് കൊടുക്കാതെ ഹൂഡയെ കൊണ്ട് നാല് ഓവര്‍ എറിയിച്ചത് വലിയ അത്ഭുതമുണ്ടാക്കി' എന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. 

ലഖ്‌നൗവില്‍ നടന്ന രണ്ടാം ട്വന്‍റി 20യില്‍ ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 99 റണ്‍സ് മാത്രമാണ് നേടിയത്. നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും സ്‌പിന്നര്‍ കുല്‍ദീപ് യാദവും പാര്‍ട്‌ടൈമര്‍ ദീപക് ഹൂഡയും നാല് ഓവര്‍ വീതമെറിഞ്ഞു. വാഷിംഗ്‌‌ടണ്‍ സുന്ദര്‍ 3, യുസ്‌വേന്ദ്ര ചാഹല്‍ 2, അര്‍ഷ്‌ദീപ് സിംഗ് 2, ശിവം മാവി 1 എങ്ങനെയാണ് മറ്റ് താരങ്ങള്‍ വീതമെറിഞ്ഞ ഓവറുകള്‍. അര്‍ഷ് രണ്ടും പാണ്ഡ്യയും സുന്ദറും ചാഹലും ഹൂഡയും കുല്‍ദീപും ഓരോ വിക്കറ്റ് വീഴ്‌ത്തി. മറുപടി ബാറ്റിംഗില്‍ 19.5 ഓവറില്‍ നാല് വിക്കറ്റിന് 101ലെത്തിയ ഇന്ത്യ ആറ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. 

സഞ്ജുവിന്‍റെ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഹോം മത്സരങ്ങള്‍ മറ്റൊരു നഗരത്തിലേക്കും?

click me!