ശ്രീശാന്തുമായുള്ള പോര്‍വിളി മൈതാനത്തിന് പുറത്തേക്ക്, നിഗൂഢ ട്വീറ്റുമായി ഗൗതം ഗംഭീര്‍; വഴിത്തിരിവ്

By Web Team  |  First Published Dec 7, 2023, 7:56 PM IST

ശ്രീശാന്തുമായുള്ള പോര്‍വിളി മൈതാനത്തിന് പുറത്തേക്ക് നീട്ടി ഗൗതം ഗംഭീര്‍, ഇനി എന്ത്?


സൂറത്ത്: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഇന്നലെ ഇന്ത്യ ക്യാപിറ്റല്‍സും ഗുജറാത്ത് ജയന്‍റ്സും തമ്മിലുള്ള മത്സരത്തിനിടെ മലയാളി താരം എസ് ശ്രീശാന്തും ക്യാപിറ്റല്‍സ് നായകന്‍ ഗൗതം ഗംഭീറും തമ്മിലുണ്ടായ വാക്‌‌പോര് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ശ്രീശാന്ത് പന്തെറിയുമ്പോള്‍ ക്രീസിലുണ്ടായിരുന്ന ഗംഭീര്‍ പ്രകോപനപരമായി സംസാരിച്ചതാണ് വാക്പോരില്‍ കലാശിച്ചത്. സഹതാരങ്ങളും അംപയര്‍മാരും ഇടപെട്ട് രംഗം ശാന്തമാക്കിയെങ്കിലും മൈതാനത്ത് പുറത്ത് ട്വിറ്റില്‍ പോരിന്‍റെ തുടര്‍ച്ച ഗംഭീര്‍ നടത്തുകയാണ് എന്ന സൂചനയാണ് പുറത്തുവരുന്നത്. 

എസ് ശ്രീശാന്തുമായുള്ള വിവാദ സംഭവത്തിന് പിന്നാലെ ഇന്ന് ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ അവ്യക്തമായ കുറിപ്പോടെ ഗൗതം ഗംഭീര്‍ താന്‍ ചിരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്‌തു. 'ലോകം ശ്രദ്ധിക്കുമ്പോള്‍ ചിരിക്കൂ' എന്ന കുറിപ്പോടെയാണ് ഗംഭീറിന്‍റെ ട്വീറ്റ്. ശ്രീശാന്തിനുള്ള മറുപടിയാണ് ഈ ട്വീറ്റ് എന്നാണ് ആരാധകര്‍ പലരും വിലയിരുത്തുന്നത്. 

Smile when the world is all about attention! pic.twitter.com/GCvbl7dpnX

— Gautam Gambhir (@GautamGambhir)

Latest Videos

undefined

ഇന്നലെ മത്സരശേഷം ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ് ശ്രീശാന്ത് പരസ്യമായി രംഗത്തെത്തിരുന്നു. 'വീരു ഭായിയെപ്പോലുള്ള സീനിയർ കളിക്കാരെ പോലും ഗംഭീര്‍ ബഹുമാനിക്കാറില്ല. അതുതന്നെയാണ് ഇന്നും സംഭവിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ, അദേഹം എനിക്കെതിരെ മോശം വാക്കുകള്‍ പ്രയോഗിച്ചുകൊണ്ടേയിരുന്നു. ഗംഭീറിന്‍റെ വാക്കുകള്‍ വേദനിപ്പിച്ചുവെന്നും ഗ്രൗണ്ടില്‍ വെച്ച് ഒരു കളിക്കാരനോട് ഒരിക്കലും പറയാന്‍ പാടില്ലാത്ത വാക്കുകളാണ് അദേഹം  ഉപയോഗിച്ചത്' എന്നുമായിരുന്നു ശ്രീശാന്തിന്‍റെ പ്രതികരണം. 'മത്സരത്തിനിടെ ഗംഭീറിനെ ഒരിക്കലും പ്രകോപിപ്പിച്ചിട്ടില്ല. പക്ഷേ എന്നിട്ടും ഗംഭീര്‍ മോശം വാക്കുകള്‍ പ്രയോഗിക്കുകയായിരുന്നു' എന്നും ശ്രീശാന്ത് വാദിക്കുന്നു. 

മത്സരത്തില്‍ ഗൗതം ഗംഭീര്‍ 30 പന്തില്‍ 51 റണ്‍സുമായി ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ മൂന്നോവര്‍ പന്തെറിഞ്ഞ എസ് ശ്രീശാന്ത് 35 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് നേടിയത്. മത്സരം ഇന്ത്യ ക്യാപിറ്റല്‍സ് 12 റണ്‍സിന് വിജയിച്ചിരുന്നു. സ്കോര്‍: ഇന്ത്യ ക്യാപിറ്റല്‍സ്- 223/7 (20), ഗുജറാത്ത് ജയന്‍റ്‌സ്- 211/7 (20). 

Read more: 'തുടർച്ചയായി ആ വാക്കുകൾ വിളിച്ച് എന്നെ അപമാനിച്ചു', ഗംഭീറുമായുള്ള തർക്കത്തിൽ വെളിപ്പെടുത്തലുമായി ശ്രീശാന്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!