സൂര്യകുമാർ യാദവിനെ ടി20 ക്യാപ്റ്റനാക്കാനുള്ള തീരുമാനം ഒരു ദിവസം കൊണ്ട് എടുത്തതല്ലെന്ന് അഗാര്‍ക്കര്‍
മുംബൈ: ടി20 ലോകകപ്പില്‍ രോഹിത് ശര്‍മക്ക് കീഴില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കാതെ ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കാനുള്ള കാരണം വിശദീകരീച്ച് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിഗ് അഗാര്‍ക്കറും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും. ഇന്ത്യൻ ടീമിന്‍റെ ശ്രീലങ്കന്‍ പര്യടനത്തിന് തൊട്ടു മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇരുവരും ഇതുസംബന്ധിച്ച വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയത്.
സൂര്യകുമാർ യാദവിനെ ടി20 ക്യാപ്റ്റനാക്കാനുള്ള തീരുമാനം ഒരു ദിവസം കൊണ്ട് എടുത്തതല്ലെന്ന് അഗാര്‍ക്കര്‍ പറഞ്ഞു. ഹാര്‍ദ്ദിക്കിന്‍റെ ഫിറ്റ്നെസിന്‍റെ കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. ക്യാപ്റ്റന്‍ എല്ലായ്പ്പോഴും ഗ്രൗണ്ടില്‍ ഉണ്ടാകേണ്ട കളിക്കാരനാണ്. അതുപോലെ ഡ്രസ്സിംഗ് റൂമില്‍ കളിക്കാരോടുള്ള സമീപനവും മറ്റ് പല ഘടകങ്ങളും നോക്കിയാണ് സൂര്യകുമാറിനെ ക്യാപ്റ്റനാക്കിയത്. ടി20 ബാറ്ററെന്ന നിലയില്‍ സൂര്യയുടെ ബാറ്റിംഗിനെക്കുറിച്ചും ആശങ്കയില്ല.
ഹാര്‍ദ്ദിക്കിന് പരിക്കേറ്റ് പുറത്തായാല്‍ മുമ്പ് നയിക്കാന്‍ രോഹിത് ശര്‍മയുണ്ടായിരുന്നു. എന്നാല്‍ രോഹിത് ടി20യില്‍ നിന്ന് വിരമിച്ചതോടെ ക്യാപ്റ്റന് പരിക്കേല്‍ക്കുകയോ ഫോം ഔട്ടാവുകയോ ചെയ്താൽ പകരം ആരെന്ന ചോദ്യം ഉയരും. അതുകൊണ്ടാണ് സൂര്യകുമാറിനെ ടി20 ക്യാപ്റ്റനാക്കിയതും മൂന്ന് ഫോര്‍മാറ്റിലും കളിക്കുമെന്ന് ഉറപ്പുള്ള ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയതും. ഹാര്‍ദ്ദിക് ഇന്ത്യയുടെ പ്രധാനപ്പെട്ട കളിക്കാരനാണ്. ഹാർദ്ദിക്കിനെപ്പോലെ ഓള്‍ റൗണ്ട് മികവുള്ള താരങ്ങള്‍ അപൂര്‍വമാണ്. പക്ഷെ ഫിറ്റ്നെസ് മാത്രമാണ് ഹാർദ്ദിക്കിന് മുന്നിലെ പ്രധാന വെല്ലുവിളി. അതുകൊണ്ട് തന്നെ എല്ലായ്പ്പോഴും ടീമിലുണ്ടാകുമെന്ന് ഉറപ്പുള്ള ഒരു കളിക്കാരനെയാണ് ഞങ്ങള്‍ നോക്കിയത്. അങ്ങനെ വരുമ്പോള്‍ ടി20 ടീമിന്‍റെ കാര്യത്തില്‍ അത് സൂര്യകുമാറാണെന്നും അഗാര്‍ക്കര്‍ വിശദീകരിച്ചു.
Agarkar said "Hardik is a very important player, his skill-set is rare but fitness is clearly one challenge and we want someone to be likely available all the time". [About Surya as T20I Captain] pic.twitter.com/yLAUSz2U3b
— Johns. (@CricCrazyJohns)ടി20 ക്യാപ്റ്റനാക്കിയെങ്കിലും സൂര്യകുമാറിനെ ഏകദിന ടീമിലേക്ക് ഇപ്പോള്‍ പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും അഗാര്‍ക്കർ വ്യക്തമാക്കി. ഏകദിന ടീമില്‍ ശ്രേയസ് അയ്യരും കെ എല്‍ രാഹുലും തിരിച്ചെത്തിയതോടെ മധ്യനിര കൂടുതല്‍ ശക്തിപ്പെട്ടുവെന്നും അജിത് അഗാര്‍ക്കര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക