IPL 2022 : 'ഉമ്രാന്‍ പാകിസ്ഥാനിലായിരുന്നെങ്കില്‍ അരങ്ങേറ്റം നടത്തിയേനെ'; തുറന്നുപറഞ്ഞ് മുന്‍ പാക് താരം

By Sajish A  |  First Published May 14, 2022, 11:20 AM IST

സീസണില്‍ 11 മത്സരങ്ങളാണ് ഉമ്രാന്‍ കളിച്ചത്. 15 വിക്കറ്റുകള്‍ താരം സ്വന്തമാക്കി. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അഞ്ച് വിക്കറ്റ് പ്രകടനവും താരം നടത്തിയിരുന്നു.


ഇസ്ലാമാബാദ്: ഐപിഎല്‍ 15-ാം സീസണില്‍ വിസ്മയമാവുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ (SRH) ഉമ്രാന്‍ മാലിക്ക് (Umran Malik). പേസിനൊപ്പം വിക്കറ്റെടുക്കാനുള്ള ശേഷിയുമാണ് ജമ്മു ആന്‍ഡ് കശ്മീരില്‍ നിന്നുള്ള പേസറെ വ്യത്യസ്തനാക്കുന്നത്. യുവ പേസറെ ടി20 ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്. ഇപ്പോള്‍ താരത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം കമ്രാന്‍ അക്മല്‍ (Kamran Akmal). 

മുന്‍ പാക് സെന്‍സേഷന്‍ ഷൊയ്ബ് അക്തറുമായിട്ടാണ് അക്മല്‍, ഉമ്രാനെ താരതമ്യം ചെയ്യുന്നത്. പാകിസ്ഥാനിലായിരുന്നെങ്കില്‍ ഉമ്രാനിപ്പോള്‍ ആദ്യ മത്സരം കളിച്ചേനെയെന്നും അക്മല്‍ പറയുന്നു. ''ഉമ്രാന്‍ പാകിസ്ഥാനിലായിരുന്നെങ്കില്‍ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചേനെ. നിരന്തരമായി 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ അവന് സാധിക്കുന്നുണ്ട്. ശരിയാണ് ഇന്ത്യന്‍ ടീമില്‍ പേസര്‍മാരുടെ ധാരാളിത്തമുണ്ട്. മുമ്പ് മികച്ച പേസര്‍മാരെ കണ്ടെത്താന്‍ ടീം വിഷമിച്ചിരുന്നു. 

Latest Videos

undefined

എന്നാല്‍ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, നവ്ദീപ് സൈനി എന്നിവര്‍ ക്ഷാമത്തിന് അറുതി വരുത്തി. ഉമേഷ് യാദവും നന്നായിട്ട് പന്തെറിയുന്നു. അതുകൊണ്ടുതന്നെ ഉമ്രാന്‍ ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തുക പ്രയാസമായിരിക്കുംം.'' അക്മല്‍ പറഞ്ഞു.

''കഴിഞ്ഞ സീസണില്‍ അവന്‍ ഒന്നോ രണ്ടോ മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. അവന്‍ പാകിസ്ഥാനിലാണ് ജനിച്ചിരുന്നതെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ക്ക് വേണ്ടി കളിച്ചേനെ. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് അവന് കഴിവ് തെളിയിക്കാനുള്ള അവസരം നല്‍കികൊണ്ടിരിക്കുന്നു. ബ്രറ്റ് ലീ, ഷൊയ്ബ് അക്തര്‍ എന്നിവര്‍ റണ്‍സ് വഴങ്ങിയിരുന്നു. എന്നാല്‍ വിക്കറ്റെടുക്കാന്‍ കെല്‍പ്പുള്ളവരാണ്. ഉമ്രാനേയും ആ ഗണത്തില്‍ ഉള്‍പ്പെടുത്താം.'' മുന്‍ പാക് വിക്കറ്റ് കീപ്പര്‍ വ്യക്തമാക്കി.

സീസണില്‍ 11 മത്സരങ്ങളാണ് ഉമ്രാന്‍ കളിച്ചത്. 15 വിക്കറ്റുകള്‍ താരം സ്വന്തമാക്കി. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അഞ്ച് വിക്കറ്റ് പ്രകടനവും താരം നടത്തിയിരുന്നു.

click me!