മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ദീപ്ദാസ് ഗുപ്ത പറയുന്നതും ഇതാണ്. ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു വ്യക്തിഗത പ്രകടനത്തേക്കാളും ടീമിന് പ്രാധാന്യം നല്‍കിയെന്നാണ് ദീപ്ദാസ് പറയുന്നത്.
അഹമ്മദാബാദ്: ഈ ഐപിഎല്‍ (IPL 2022) റണ്‍വേട്ടക്കാരില്‍ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (Sanju Samson). പതിനാറ് മത്സരങ്ങളില്‍ 444 റണ്‍സാണ് മലയാളി താരം നേടിയത്. 147.51 സ്‌ട്രൈക്ക് റേറ്റാണ് സഞ്ജുവിനുള്ളത്. ശരാശരി 29.60 റണ്‍സും. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയും ഈ സീസണില്‍ പ്രശംസിക്കപ്പെട്ടു. രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരം തന്നെ ഒരുദാഹരണം. മികച്ച സ്‌കോറിലേക്ക് പോകുമായിരുന്ന ആര്‍സിബിയെ നിയന്ത്രിച്ചുനിര്‍ത്തുന്നതില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിക്ക് വലിയ പങ്കുണ്ടായിരുന്നു.
മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ദീപ്ദാസ് ഗുപ്ത പറയുന്നതും ഇതാണ്. ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു വ്യക്തിഗത പ്രകടനത്തേക്കാളും ടീമിന് പ്രാധാന്യം നല്‍കിയെന്നാണ് ദീപ്ദാസ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ... ''ഈ വര്‍ഷം ഞാന്‍ സഞ്ജു സാംസണെ വിമര്‍ശിക്കാനില്ല. പലപ്പോഴും വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിന് വേണ്ടിയാണ് സഞ്ജു കളിച്ചത്. അവരുടെ പ്രധാന താരമായ ജോസ് ബട്‌ലര്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കാതിരിക്കാനാണ് സഞ്ജു ശ്രമിച്ചത്. സഞ്ജുവിന് ഇത് വിജയകരമായ സീസണായിരുന്നു. അത്തരത്തിലാണ് സഞ്ജു ഐപിഎല്ലിനെ സമീപിച്ചത്.'' ദീപ്ദാസ് ഗുപ്ത പറഞ്ഞു. പ്രമുഖ സ്‌പോര്‍ട്‌സ് വെബ് സൈറ്റായ ക്രിക്ക് ട്രാക്കേഴ്‌സിന്റെ 'നോട്ട് ജസ്റ്റ് ക്രിക്കറ്റ്' എന്ന പരിപാടിയില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
രണ്ടാം ക്വാളിഫയറില്‍ ക്യാപ്റ്റന്‍സിയില്‍ തിളങ്ങിയെങ്കിലും ബാറ്റിംഗില്‍ സഞ്ജു നിരാശപ്പെടുത്തി. നന്നായി തുടങ്ങിയ സഞ്ജു 21 പന്തില്‍ 23 റണ്‍സാണ് നേടിയത്. ഇതില്‍ രണ്ട് സിക്‌സും ഒരു ഫോറുമുണ്ടായിരുന്നു. എന്നാല്‍ വാനിന്ദു ഹസരങ്കയുടെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ചപ്പോള്‍ പുറത്താവുകയായിരുന്നു. ഗ്ലൂഗി മനസിലാക്കാതെ ക്രീസില്‍ നിന്ന് ചാടിയിറങ്ങിയ സഞ്ജുവിന് പിഴച്ചു. വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു താരത്തെ.
അതേസമയം, മത്സരത്തില്‍ രാജസ്ഥാന്‍ വിജയം സ്വന്തമാക്കി. ഇതോടെ, ഞായറാഴ്ച്ച ഗുജറാത്ത് ടൈറ്റന്‍സ്- രാജസ്ഥാന്‍ ഫൈനലിന് വഴി തെളിഞ്ഞു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിനാണ് സഞ്ജു സാംസണും സംഘവും ജയിച്ചുകയറിയത്. ജോസ് ബട്‌ലറുടെ സെഞ്ചുറിയാണ് (60 പന്തില്‍ പുറത്താവാതെ 106) രാജസ്ഥാന് ജയമൊരുക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് രജത് പടിദാറിന്റെ (58) ഇന്നിംഗ്‌സാണ് തുണയായത്. മൂന്ന് വിക്കറ്റ് വീതം നേടിയ പ്രസിദ്ധ് കൃഷ്ണ, ഒബെദ് മക്‌കോയ് എന്നിവരാണ് ആര്‍സിബിയെ കൂറ്റന്‍ സ്‌കോറില്‍ നിന്ന് അകറ്റി നിര്‍ത്തിയത്. മാറ്റമൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്.