ഇന്ന് മാച്ച് വിന്നര്‍മാരുടെ സംഘം, അന്ന് അങ്ങനെയല്ല! രണ്ട് ടി20 ലോകകപ്പ് നേട്ടത്തേയും കുറിച്ച് മുന്‍ താരം

By Web Team  |  First Published Sep 2, 2024, 12:48 PM IST

രോഹിത്തിന്റെ സംഘത്തില്‍ നിരവധി മാച്ച് വിന്നര്‍മാര്‍ ഉണ്ടായിരുന്നുവെന്നാണ് ഹര്‍ഭജന്‍ പറയുന്നത്.


മുംബൈ: ഇതുവരെ രണ്ട് ടി20 ലോകകപ്പുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യത്തേത് 2007ല്‍ എം എസ് ധോണിക്ക് കീഴില്‍ പ്രഥമ ടി20 ലോകകപ്പായിരുന്നു. അന്ന് പാകിസ്ഥാനെ ഫൈനലില്‍ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. പിന്നീട് ഈ വര്‍ഷം നടന്ന ടി20 ലോകകപ്പും ഇന്ത്യ സ്വന്തമാക്കി. ഇത്തവണ രോഹിത് ശര്‍മയ്ക്ക് കീഴില്‍ ഇറങ്ങിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫൈനലില്‍ മറികടക്കുകയായിരുന്നു. ഇപ്പോള്‍ രണ്ട് ലോകകപ്പ് നേടിയ ടീമിനേയും തമ്മില്‍ താരമത്യം ചെയ്യുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. 2007 ലോകകപ്പില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഹര്‍ഭജന്‍.

രോഹിത്തിന്റെ സംഘത്തില്‍ നിരവധി മാച്ച് വിന്നര്‍മാര്‍ ഉണ്ടായിരുന്നുവെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''2024 ലോകകപ്പ് ടീമില്‍ ഞങ്ങളുടെ ടീമിനെ അപേക്ഷിച്ച് കൂടുതല്‍ മാച്ച് വിന്നര്‍മാര്‍ ഉണ്ടായിരുന്നു. അന്ന് അത് ഞങ്ങള്‍ക്ക് വളരെ പുതിയ ഫോര്‍മാറ്റായിരുന്നു. ആദ്യമായി കളിക്കുകയായിരുന്നു. ടി20 ക്രിക്കറ്റിനെക്കുറിച്ച് കാര്യമായ അറിവൊന്നും അന്നുണ്ടായിരുന്നില്ല. ഞങ്ങള്‍ ഒഴുക്കിനൊപ്പം പോയി വിജയിച്ചുകൊണ്ടേയിരുന്നു. വലിയ  രീതിയില്‍ അറിയപ്പെടുന്ന താരങ്ങളൊന്നും ടീമിലുണ്ടായിരുന്നില്ല. യുവരാജ് സിംഗ്, വീരേന്ദര്‍ സെവാഗ്, ഞാനും അജിത്തും അഗാര്‍ക്കറും ഒഴികെ ഭൂരിഭാഗവും പുതിയ താരങ്ങളായിരുന്നു. ധോണി ആദ്യമായി ടീമിനെ നയിക്കുന്നതും അന്നായിരുന്നു.'' അദ്ദേഹം പറഞ്ഞു.

Latest Videos

undefined

ധോണിയെ പോലെയല്ല രോഹിത്! ഇരുവരുടേയും ക്യാപ്റ്റന്‍സി താരതമ്യപ്പെടുത്തി മുന്‍ താരം ഹര്‍ഭജന്‍ സിംഗ്

2024 ലോകകപ്പ് നേടിയ ടീമിനെ കുറിച്ച് ഹര്‍ഭജന്‍ സിംഗ് പറയുന്നതിങ്ങനെ... ''2024 ലോകകപ്പ് ടീമിലുള്ള പേരുകള്‍ നോക്കൂ. രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ... ഇവരെല്ലാം മാച്ച് വിന്നര്‍മാരാണ്. പിന്നെ സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, അക്‌സര്‍ പട്ടേല്‍... അങ്ങനെ നീളുന്ന നിര. ആളുകള്‍ അക്‌സറിനെ കുറിച്ച് കൂടുതല്‍ സംസാരിക്കുന്നില്ലെന്ന് എനിക്ക് തോന്നുന്നു. ഫൈനലിലെ അദ്ദേഹത്തിന്റെ പ്രകടനം അപാരമായിരുന്നു. അര്‍ഷ്ദീപ് സിങ്ങും ജസ്പ്രീത് ബുംറയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇവരെല്ലാം മാച്ച് വിന്നര്‍മാരാണ്. ടൂര്‍ണമെന്റില്‍ അവര്‍ മികച്ച ക്രിക്കറ്റ് കളിച്ചു.'' ഹര്‍ഭജന്‍ കൂട്ടിചേര്‍ത്തു.

ധോണിക്ക് കീഴില്‍ ഇന്ത്യ മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിയിരുന്നു. ടി20 ലോകകപ്പിന് പുറമെ ഏകദിന ലോകകപ്പിലും ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും ഇന്ത്യ ജേതാക്കളായി.

click me!