'ക്യാപ്റ്റന്‍സി മോഹം മാറ്റിവെക്കൂ, ടീമില്‍ നിലനില്‍ക്കാന്‍ ശ്രമിക്കൂ'; ഗില്ലിനെതിരെ തുറന്നടിച്ച് മുന്‍താരം

By Web Desk  |  First Published Jan 9, 2025, 4:08 PM IST

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായതിന് പിന്നാലെ ഗില്ലിനെ ഏകദിന, ട്വന്റി20 ടീമുകളുടെ വൈസ് ക്യാപ്റ്റനാക്കിയിരുന്നു.


മുംബൈ: ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ മോശം പ്രകടനം നടത്തിയ ശുഭ്മന്‍ ഗില്ലിനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ക്യാപ്റ്റന്‍സി മോഹിക്കുന്ന ഗില്‍ ആദ്യം കഴിവുവച്ച് ടീമില്‍ നിലനില്‍ക്കാന്‍ ശ്രമിക്കണമെന്ന് മഞ്ജരേക്കര്‍ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു. അര്‍ഹിക്കുന്ന താരങ്ങള്‍ക്ക് അവസരം നല്‍കാതെ ഗില്ലിനെ സെലക്ഷന്‍ കമ്മിറ്റി അമിതമായി പിന്തുണയ്ക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് മഞ്ജരേക്കറുടെ പരിഹാസം.

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായതിന് പിന്നാലെ ഗില്ലിനെ ഏകദിന, ട്വന്റി20 ടീമുകളുടെ വൈസ് ക്യാപ്റ്റനാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അവസാന മത്സരത്തില്‍ രോഹിത് ശര്‍മ കളിക്കാതിരുന്നതോടെ, യുവതാരം ഗില്ലിന്റെ പേര് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ജസ്പ്രീത് ബുമ്രയെ ആണ് നായകനായി നിയമിച്ചത്. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 93 റണ്‍സ് മാത്രമാണ് ഗില്‍ നേടിയത്. ശുഭ്മാന്‍ ഗില്ലിന് ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാംപ്യന്‍സ് ട്രോഫിയില്‍ ജസ്പ്രീത് ബുമ്ര വൈസ് ക്യാപ്റ്റനാകാനാണ് സാധ്യത. ഫോം കണ്ടെത്തിയില്ലെങ്കില്‍ ഗില്‍ പ്ലേയിങ് ഇലവനില്‍ നിന്നും പുറത്തായേക്കും.

Latest Videos

ഓസ്‌ട്രേലിയക്കെതിരെ കളിച്ച മൂന്ന് ടെസ്റ്റുകളിലെ ആറ് ഇന്നിംഗ്‌സുകളില്‍ 31, 28, 1, 20, 13 എന്നിങ്ങനെയായിരുന്നു ഗില്ലിന്റെ സ്‌കോര്‍. അടുത്തിടെ മുന്‍ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത് ഗില്ലിനെതിരെ രംഗത്ത് വന്നിരുന്നു. ശുഭ്മാന്‍ ഗില്‍ ശരിക്കും ഓവര്‍റേറ്റഡ് കളിക്കാരനാണെന്നും അര്‍ഹിക്കുന്ന താരങ്ങള്‍ക്ക് അവസരം നല്‍കാതെ ഗില്ലിനെപ്പോലെയുള്ള താരങ്ങളെ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി അനാവശ്യമായി പിന്താങ്ങുകയാണെന്നും ശ്രീകാന്ത് പറഞ്ഞു.

ഞാന്‍ എല്ലായ്‌പ്പോഴും പറയാറുള്ള കാര്യമാണ്, ഗില്‍ ഓവര്‍ റേറ്റഡ് കളിക്കാരനാണെന്ന്, പക്ഷെ ആരും കേട്ടില്ല. ഇത്രയും അവസരം ഗില്ലിന് കിട്ടുമ്പോള്‍ സൂര്യകുമാര്‍ യാദവിനെപ്പോലെയുള്ള താരങ്ങള്‍ക്കും ടെസ്റ്റില്‍ അവസരം നല്‍കാവുന്നതല്ലെ ഏന്നാരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. സൂര്യകുമാര്‍ യാദവിനൊപ്പം റുതുരാജ് ഗെയ്ക്വാദിനെയും സായ് സുദര്‍ശനെയുമെല്ലാം ടോപ് ഓര്‍ഡറില്‍ ഗില്ലിന് പകരം സെലക്ടര്‍മാര്‍ പരിഗണിക്കണമെന്നും ഇവര്‍ ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരമായി മികവ് കാട്ടുന്നുണ്ടെന്നും ശ്രീകാന്ത് യുട്യൂബ് ചാനലില്‍ പറഞ്ഞു.

click me!