ബുമ്രയെ ഉപയോഗിച്ച രീതിയില്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്.
മുംബൈ: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ അഞ്ച് മത്സരങ്ങളും കളിച്ചിരുന്നു ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര. ഒന്നാകെ 32 വിക്കറ്റുകള്‍ വീഴ്ത്തിയ താരം പരമ്പരയിലെ താരവുമായി. എന്നാല്‍ സിഡ്‌നി ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ അദ്ദേഹത്തിന് പന്തെറിയാന്‍ സാധിച്ചിരുന്നില്ല. പുറം വേദനയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിക്കിപ്പിക്കുകയും പിന്നീട് സ്‌കാനിംഗിന് ശേഷം തിരിച്ചെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് അദ്ദേഹം ബാറ്റ് ചെയ്യാന്‍ മാത്രമാണ് ഗ്രൗണ്ടിലേക്കെത്തിയത്. ഇംഗ്ലണ്ടിനെതിരെ വരാനിരിക്കുന്ന ടി20 - ഏകദിന പരമ്പരകളില്‍ അദ്ദേഹം കളിക്കില്ലെന്നും വാര്‍ത്തകള്‍ വരുന്നു. ഇനി ഐസിസി ചാംപ്യന്‍സ് ട്രോഫിയിലാണ് ബുമ്ര ഇന്ത്യന്‍ ജേഴ്‌സി അണിയുക.
ഇപ്പോള്‍ ബുമ്രയെ ഉപയോഗിച്ച രീതിയില്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം... കരിമ്പില്‍ നീരെടുക്കുന്നത് പോലെ ബുമ്രയെ പിഴിഞ്ഞെടുത്തുവെന്ന് ഹര്‍ഭജന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''കരിമ്പില്‍ നിന്ന് നീര് പിഴിഞ്ഞെടുക്കുന്നതുപോലെയാണ് ബുമ്രയെ ഉപയോഗിച്ചത്. ട്രാവിസ് ഹെഡ് വന്നപ്പോവും മര്‍നസ് ലബുഷെയ്ന്‍ ക്രീസിലെത്തിയപ്പോഴും സ്റ്റീവന്‍ സ്മിത്ത് വന്നപ്പോഴും ബുമ്രയ്ക്ക് പന്ത് നല്‍കുകയെന്ന തന്ത്രമാണ് നിങ്ങളെടുത്തത്.'' ഹര്‍ഭജന്‍ നിരീക്ഷിച്ചു.
റാഷിദ് ഖാന് 11 വിക്കറ്റ്! കുത്തിത്തിരിപ്പില്‍ സിംബാബ്‌വെ വീണു, അഫ്ഗാനിസ്ഥാന് ടെസ്റ്റ് പരമ്പര
സിഡ്‌നിയില്‍ രണ്ടാം ഇന്നിംഗ്‌സില്‍ പന്തെറിയാന്‍ ബുമ്ര ഉണ്ടായിരുന്നുവെങ്കില്‍ ഇന്ത്യ ജയിച്ചേനെ എന്നും ഹര്‍ഭജന്‍. ''ബുമ്ര എത്ര ഓവര്‍ ബൗള്‍ ചെയ്യും? അവസാനം അദ്ദേഹം പന്തെറിയാന്‍ പോലും വയ്യാത്ത സാഹചര്യമാക്കി. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്ക് വിജയ സാധ്യതയെങ്കിലും ഉണ്ടായേനെ. എട്ട് വിക്കറ്റെങ്കിലും അവര്‍ക്ക് നഷ്ടമാകുമായിരുന്നു. ബുമ്രയ്ക്ക് കൂടുതല്‍ ജോലി നല്‍കി നിങ്ങളവന് പരിക്കേല്‍പ്പിച്ചു. അദ്ദേഹത്തിന് എത്ര ഓവര്‍ നല്‍കണമെന്ന് മാനേജ്‌മെന്റ് തീരുമാനിക്കേണ്ടതായിരുന്നു.'' ഹര്‍ഭജന്‍ പറഞ്ഞു.
സിഡ്‌നിയില്‍ രണ്ട് സ്പിന്നര്‍മാരെ കളിപ്പിച്ചതിലും ഹര്‍ഭജന്‍ വിയോജിപ്പ് രേഖപ്പെടുത്തി. ''ടീം സെലക്ഷന്‍ ശരിയായില്ല. പേസര്‍മാരെ സഹായിക്കുന്ന പിച്ചില്‍ രണ്ട് സ്പിന്നര്‍മാരെ കളിപ്പിച്ചു. ഇത്രയധികം ക്രിക്കറ്റ് കളിച്ചിട്ടും നിങ്ങള്‍ക്കത് മനസിലാവാത്തത് വലിയ പിഴവാണ്.'' ഹര്‍ഭജന്‍ കുറ്റപ്പെടുത്തി.