കഴിഞ്ഞ 20 വര്‍ഷമായി ക്രിക്കറ്റായിരുന്നു എന്‍റെ ശ്വാസവും ജീവനും ആവേശവും. എന്നാല്‍ ഇന്ന് അഭിമാനത്തോടെ ഞാന്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നുവെന്നായിരുന്നു ആരോണിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
ലഖ്നൗ: ഇന്ത്യൻ ടീമില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷ അവസാനിച്ചതോടെ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ വരുണ്‍ ആരോണ്‍. കഴിഞ്ഞ ആഭ്യന്തര സീസണൊടുവില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ആരോണ്‍ ഇന്ന് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി പന്തെറിഞ്ഞ ആരോണിന് നാല് കളികളില്‍ മൂന്ന് വിക്കറ്റ് മാത്രമെ നേടാനായിരുന്നുള്ളു. വിജയ് ഹസാരെയില്‍ ജാര്‍ഖണ്ഡ് ക്വാര്‍ട്ടറിലെത്താതെ പുറത്തായതിന് പിന്നാലെയാണ് ആരോണിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം.
കഴിഞ്ഞ 20 വര്‍ഷമായി ക്രിക്കറ്റായിരുന്നു എന്‍റെ ശ്വാസവും ജീവനും ആവേശവും. എന്നാല്‍ ഇന്ന് അഭിമാനത്തോടെ ഞാന്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നുവെന്നായിരുന്നു ആരോണിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. 2010-2011 സീസണില്‍ 21-ാം വയസില്‍ വിജയ് ഹസാരെയിലൂടെ തന്നെയായിരുന്നു ആരോണ്‍ വരവറിയിച്ചത്. സ്ഥിരമായി 150 കിലോ മീറ്ററിലേറെ വേഗത്തില്‍ പന്തെറിഞ്ഞ ആരോണ്‍ വൈകാതെ ദേശീയ ടീമിലെത്തി.
2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു ആരോണിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. ഇന്ത്യന്‍ കുപ്പായത്തില്‍ ഒമ്പത് ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള വരുണ്‍ ആരോണ്‍ 14 ഇന്നിംഗ്സുകളില്‍ നിന്ന് 18 വിക്കറ്റുകള്‍ സ്വന്തമാക്കി. 97 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തതാണ് മികച്ച ബൗളിംഗ് പ്രകടനം. 2015ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആണ് അവസാന ടെസ്റ്റ് കളിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ വരുണ്‍ ആരോണിന്‍റെ ബൗണ്‍സര്‍ മൂക്കില്‍ കൊണ്ട് ചോരയൊലിപ്പിച്ചു നില്‍ക്കുന്ന സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ചിത്രം ആരാധകര്‍ ഇപ്പോഴും മറന്നിട്ടുണ്ടാവില്ല.
ഇന്ത്യക്കായി ഒമ്പത് ഏകദിനങ്ങളിലും വരുണ്‍ ആരോണ്‍ പന്തെറിഞ്ഞു. ഒമ്പത് ഏകദിനങ്ങളില്‍ 11 വിക്കറ്റാണ് ആരോണിന്‍റെ നേട്ടം. 10 വര്‍ഷം മുമ്പ് 2014ലാണ് ഇന്ത്യന്‍ കുപ്പായത്തില്‍ അവസാന ഏകദിനം കളിച്ചത്. വേഗം കൊണ്ട് ഞെട്ടിച്ച വരുണ്‍ ആരോണിന്‍റെ കരിയറില്‍ പരിക്കാണ് പലപ്പോഴും വില്ലനായത്. വേഗത്തിനൊപ്പം നിയന്ത്രണമില്ലാത്തതും റണ്‍സേറെ വഴങ്ങുന്നതും ഇടക്കിടെ വന്ന പരിക്കുമാണ് ആരോണിന്‍റെ കരിയർ മുന്നേറ്റത്തില്‍ വിലങ്ങുതടിയായത്. 88 ലിസ്റ്റ് എ മത്സരങ്ങളില്‍ 141 വിക്കറ്റും 95 ടി20 മത്സരങ്ങളില്‍ 93 വിക്കറ്റും ആരോണ്‍ നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ ഒമ്പത് സീസണുകളിലായി ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, കൊല്‍ക്കത്ത, ബെംഗലൂരു, ഗുജറാത്ത് ടീമുകള്‍ക്കായി കളിച്ച ആരോണ്‍ 52 മത്സരങ്ങളില്‍ 44 വിക്കറ്റും സ്വന്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക