IPL 2022 : ഐപിഎല്‍ ഫൈനലില്‍ ആരൊക്കെ നേര്‍ക്കുനേര്‍ വരും? പ്രവചനവുമായി മുന്‍ ഇംഗ്ലണ്ട് താരം

By Web Team  |  First Published May 23, 2022, 10:33 PM IST

ജോസ് ബട്‌ലര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍ എന്നിവരുടെ പ്രകടനമാണ് രാജസ്ഥാനെ മുന്നോട്ട് നയിക്കുന്നത്. റണ്‍വേട്ടക്കാരില്‍ ബട്‌ലറാണ് ഒന്നാമന്‍. വിക്കറ്റ് നേടിയവരില്‍ ചാഹലും.


കൊല്‍ക്കത്ത: ഐപിഎല്‍ (IPL 2022) ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ (Gujarat Titans) നേരിടാനൊരുങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals). ജയിക്കുന്നവര്‍ക്ക് ഫൈനലിലെത്താം. തോല്‍ക്കുന്നര്‍ എലിമിനേറ്റര്‍ ജയിച്ചെത്തുന്ന ടീമുമായി രണ്ടാം ക്വാളിയഫയര്‍ കളിക്കും. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലാണ് എലിമിനേറ്റര്‍. ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒന്നാമതായിരുന്നു ഗുജറാത്ത്. രാജസ്ഥാന്‍ രണ്ടാമതും.

ഇപ്പോള്‍ ഏത് ടീം ആദ്യം ഫൈനലിലെത്തുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരവും ഇപ്പോള്‍ കമന്റേറ്ററുമായ ഗ്രെയിം സ്വാന്‍. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ആദ്യം ഫൈനലിലെത്തുമെന്നാണ് അദ്ദേഹം പറയുന്നത്. ''ഗുജറാത്തിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ജയിക്കും. ഇരുവരുമാണ് ടൂര്‍ണമെന്റിലെ മികച്ച ടീമുകളെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ടുതന്നെ ഫൈനലിലും ഇവര്‍ നേര്‍ക്കുനേര്‍ വരും.'' അദ്ദേഹം വിശദികരിച്ചു.

Latest Videos

undefined

ജോസ് ബട്‌ലര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍ എന്നിവരുടെ പ്രകടനമാണ് രാജസ്ഥാനെ മുന്നോട്ട് നയിക്കുന്നത്. റണ്‍വേട്ടക്കാരില്‍ ബട്‌ലറാണ് ഒന്നാമന്‍. വിക്കറ്റ് നേടിയവരില്‍ ചാഹലും. അശ്വിന്‍ ഒരു വശത്ത് നിന്ന് സമ്മര്‍ദ്ദം ചെലുന്നതിനൊപ്പം ബാറ്റിംഗിലും നിര്‍ണായക പ്രകടനം പുറത്തെടുക്കുന്നു. യശസ്വി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍ എന്നിവരുടെ പിന്തുണയും രാജസ്ഥാനെ മികച്ച ടീമാക്കുന്നു.

14 മല്‍സരങ്ങളില്‍ നിന്ന് 629 റണ്‍സാണ് ബട്ലര്‍ അടിച്ചെടുത്തത്. മൂന്നു വീതം സെഞ്ചുറികളും ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ചാഹല്‍ 14 മല്‍സരങ്ങില്‍ 26 വിക്കറ്റാണ് നേടിയത്. 

14 മല്‍സരങ്ങളില്‍ ഒമ്പതെണ്ണം ജയിച്ചാണ് രാജസ്ഥാന്‍ രണ്ടാമതെത്തിയത്. അഞ്ച് മത്സരങ്ങള്‍ പരാജയപ്പെട്ടു. മൂന്നാമതുള്ള ലഖ്‌നൗവിന് ഇത്രയും പോയിന്റുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റ് ഗുണം ചെയ്തു. ടൂര്‍ണമെന്റിലെ കന്നിക്കാരായ ഗുജറാത്തിന് 20 പോയിന്റാണുള്ളത്. നാല് മത്സരങ്ങളില്‍ മാത്രമാണ് അവര്‍ തോല്‍വി അറിഞ്ഞത്.
 

click me!