രോഹിത്തിനെ മാനസികമായി തളര്‍ത്താന്‍ ഓസീസിന് സാധിച്ചുവെന്നാണ ഒകീഫ് പറയുന്നത്.
സിഡ്‌നി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ 3-1നാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ ഇന്ത്യ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ കാണാതെ പുറത്താവുകയും ചെയ്തു. ഫൈനലില്‍ കടന്നില്ലെന്ന് മാത്രമല്ല, സീനിയര്‍ താരങ്ങള്‍ വിരമിക്കണമെന്നുള്ള ആവശ്യവും ഉയര്‍ന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ മോശം പ്രകടനമാണ് പുറത്തെടുത്തത്. ശുഭ്മാന്‍ ഗില്ലിന് പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാന്‍ സാധിച്ചില്ല. സിഡ്‌നി ടെസ്റ്റ് ഒഴിച്ചുനിരല്‍ത്തിയാല്‍ റിഷഭ് പന്തിനും സ്വതസിദ്ധമായ രീതിയില്‍ ബാറ്റ് ചെയ്യാന്‍ സാധിച്ചതുമില്ല.
ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് കാരണം വ്യക്തമാക്കുകയാണ് മുന്‍ ഓസീസ് സ്പിന്നര്‍ കെറി ഒകീഫ്. രോഹിത്തിനെ മാനസികമായി തളര്‍ത്താന്‍ ഓസീസിന് സാധിച്ചുവെന്നാണ ഒകീഫ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''എതിര്‍ ക്യാപ്റ്റന്‍മാരെ മാനസികമായി തകര്‍ക്കാനുള്ള ഓസ്ട്രേലിയയുടെ പരമ്പരാഗത തന്ത്രത്തിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കീഴടങ്ങി. മറ്റ് ഇന്ത്യന്‍ താരങ്ങള്‍ ഓസീസിന്റെ ഈ തന്ത്രത്തെ മറികടക്കാന്‍ ശ്രമിച്ചെങ്കിലും ക്യാപ്റ്റന്‍ മാനസികമായി തളര്‍ന്നു. അത് ടീമിന്റെ മൊത്തം പ്രകടനത്തെ ബാധിച്ചു. കഴിഞ്ഞ തവണ അജിന്‍ക്യ രഹാനെയെ ഇത്തരത്തില്‍ കീഴടക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ രോഹിത് ആ കെണിയില്‍ പെട്ടു.'' ഒകീഫ് പറഞ്ഞു.
ജസ്പ്രിത് ബുമ്ര, വിരാട് കോലി, യശസ്വി ജയ്സ്വാള്‍ തുടങ്ങി എല്ലാ താരങ്ങള്‍ക്ക് മേലും മാനസിക ആധിപത്യം നേടാന്‍ ഓസീസ് ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെല്ലാം അതേ നാണയത്തില്‍ മറുപടി നല്‍കുകയാണ് ചെയ്തതെന്നും ഒകീഫ് കൂട്ടിചേര്‍ത്തു. ഓസീസിനെതിരെ ഇന്ത്യ അടിയറവ് പറഞ്ഞപ്പോള്‍ ഏറ്റവും മോശം പ്രകടനമാണ് രോഹിത് നടത്തിയത്. മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 6.20 ശരാശരിയില്‍ 31 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ഒടുവില്‍ അഞ്ചാം ടെസ്റ്റില്‍ നിന്ന് താരം പിന്മാറുകയും ചെയ്തു. ആദ്യമായിട്ടാണ് ഫോം കണ്ടെത്താന്‍ വലഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒരു ടെസ്റ്റ് പരമ്പരയ്ക്കിടെ പിന്മാറുന്നത്.
മോശം പ്രകടനമാണെങ്കില്‍ ടെസ്റ്റില്‍ നിന്ന് ഉടനൊന്നും വിരമിക്കില്ലെന്ന് രോഹിത് പരമ്പരയ്ക്കിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം രോഹിത് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കോലിയുടെ കാര്യത്തില്‍ വ്യക്തതയൊന്നും ഇതുവരെ ആയിട്ടില്ല. അധികം വൈകാതെ അദ്ദേഹവും വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും.