കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലില്‍ പരാജയപ്പെട്ട ശേഷം ധോണി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയിട്ടില്ല.
മെല്‍ബണ്‍: ഇന്ത്യന്‍ പ്രീമിയല്‍ ലീഗിനേക്കാള്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് പലരും. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലില്‍ പരാജയപ്പെട്ട ശേഷം ധോണി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയിട്ടില്ല. മിക്കവരും കാത്തിരിക്കുന്നത് ധോണി കളിക്കുന്നത് കാണാനാണ്. അതിലൂടെ ഒരിക്കല്‍കൂടി അദ്ദേഹം അന്താരാഷ്ട്ര് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
അതിനിടെ മറ്റൊരു കാര്യം വ്യക്തമാക്കിയിരിക്കുകാണ് മുന്‍ ഓസീസ് ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍. ധോണിക്ക് 40 വയസുവരെ ക്രിക്കറ്റില്‍ തുടരാന്‍ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ചെന്നൈ സൂപ്പര്‍ കിം്ഗസിന്റെ ഓപ്പണര്‍ കൂടിയാണ് വാട്‌സണ്‍. അദ്ദേഹത്തിന്റെ വാക്കുകള്‍... ''മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിക്ക് 40 വയസുവരെ ക്രിക്കറ്റില്‍ തുടരാന്‍ സാധിക്കും. അദ്ദേഹം ആരോഗ്യം നന്നായി ശ്രദ്ധിച്ചിട്ടുണ്ട്. ഐപിഎല്‍ മാത്രമല്ല, അന്താരാഷ്ട്ര ക്രിക്കറ്റിലും അദ്ദേഹത്തിന് തുടരാനുള്ള ആരോഗ്യമുണ്ട്. വിക്കറ്റിനിടയിലെ ഓട്ടത്തിലും വിക്കറ്റിന് പിന്നിലും അദ്ദേഹം ഇപ്പോഴും മിടുക്കനാണ്. ധോണി കളിക്കുന്നത് കാണുന്നത് തന്നെ സന്തോഷം.'' വാട്‌സണ്‍ പറഞ്ഞുനിര്‍ത്തി.
ഇതിനിടെ 2022 വരെ ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം തുടരുമെന്ന് ഫ്രാഞ്ചൈസിയുടെ സിഇഒ കാശി വിശ്വനാഥ് വ്യക്തമാക്കി. ''അദ്ദേഹവുമായുള്ള കൂട്ടുകെട്ടിനെ കുറിച്ച് യാതൊരുവിധ സംശയങ്ങളും ഞങ്ങള്‍ക്കില്ല. താരം എന്നും സിഎസ്‌കെ കുടുംബത്തിലുണ്ടാവും. ഈ മാസം 15ന് അദ്ദേഹം ചെന്നൈയിലെത്തും. ഇവിടത്തെ ക്യാംപിന് ശേഷം യുഎഇയിലേക്ക് പറക്കും.'' അദ്ദേഹം പറഞ്ഞു.