92 വര്‍ഷത്തിനിടെ ആദ്യം, തോൽവികളെ പിന്നിലാക്കി ഇന്ത്യ, ടെസ്റ്റ് വിജയങ്ങളിൽ ഒരടി മുന്നിൽ; റെക്കോർഡുമായി അശ്വിൻ

By Web TeamFirst Published Sep 22, 2024, 12:45 PM IST
Highlights

ഇന്ന് ആറ് വിക്കറ്റ് വീഴ്ത്തിയതോടെ ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ അശ്വിന്‍ എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ചെന്നൈ: ബംഗ്ലാദേശിനെതിരായ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ 280 റണ്‍സിന്‍റെ ആധികാരിക ജയം സ്വന്തമാക്കിയതോടെ ഇന്ത്യ ടെസ്റ്റ് വിജയങ്ങളില്‍ തോല്‍വികളെ പിന്നിലാക്കി മുന്നിലെത്തി. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ഇതുവരെ കളിച്ച 580 ടെസ്റ്റുകളില്‍ 179 മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ 178 മത്സരങ്ങളില്‍ തോറ്റു. 222 മത്സരങ്ങള്‍ സമനിലയിലായി. ഒരു മത്സരം ടൈ ആയി. ഇതാദ്യമായാണ് ഇന്ത്യ ടെസ്റ്റ് തോല്‍വികളെ മറികടക്കുന്നത്.

ബംഗ്ലാദേശിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയതോടെ നാലാം ഇന്നിംഗ്സില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറെന്ന നേട്ടം അശ്വിന്‍ സ്വന്തമാക്കി. 99 വിക്കറ്റുകളാണ് നാലാം ഇന്നിംഗ്സില്‍ മാത്രം അശ്വിന്‍ വീഴ്ത്തിയത്. 94 വിക്കറ്റെടുത്തിരുന്ന അനില്‍ കുബ്ലെയാണ് അശ്വിന്‍ ഇന്ന് മറികടന്നത്. ബിഷന്‍ സിംഗ് ബേദി(60), ഇഷാന്ത് ശര്‍മ/ രവീന്ദ്ര ജഡേജ(54) എന്നിവരാണ് അശ്വിന് പിന്നിലുള്ളത്.

Latest Videos

വിക്കറ്റില്‍ ആറാടി അശ്വിന്‍, ബംഗ്ലാദേശിനെ കറക്കി വീഴത്തി ഇന്ത്യ; ചെന്നൈ ടെസ്റ്റില്‍ വമ്പന്‍ ജയം

ഇന്ന് ആറ് വിക്കറ്റ് വീഴ്ത്തിയതോടെ ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ അശ്വിന്‍ എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 522 വിക്കറ്റുകളുമായാണ് അശ്വിന്‍ എട്ടാമത് എത്തിയത്. 530 വിക്കറ്റുകള്ള ഓസ്ട്രേലിയയുടെ നഥാന്‍ ലിയോണ്‍ ആണ് അശ്വിന് തൊട്ടു മുന്നിലുള്ളത്. ഗ്ലെന്‍ മക്‌ഗ്രാത്ത്(563), സ്റ്റുവര്‍ട്ട് ബ്രോഡ്(604), അനില്‍ കുംബ്ലെ(619), ജെയിംസ് ആന്‍ഡേഴ്സണ്‍(704), ഷെയ്ന്‍ വോണ്‍(708), മുത്തയ്യ മുരളീധരന്‍(800) എന്നിവരാണ് ഇനി അശ്വിന് മുന്നിലുള്ളവര്‍.

A GOAT IN TESTS - Ashwin. 🐐 pic.twitter.com/bn5YG3iH7Q

— Johns. (@CricCrazyJohns)

ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ 280 റണ്‍സിന്‍റെ വമ്പന്‍ ജയവുമായാണ് ഇന്ത്യ രണ്ട് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്തിയത്. 515 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ബംഗ്ലാദേശ് നാലാം ദിനം 236 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 82 റണ്‍സെടുത്ത ക്യാപ്റ്റൻ നജ്മുള്‍ ഹൗസൈന്‍ ഷാന്‍റോ മാത്രമാണ് ബംഗ്ലാദേശിനായി പൊരുതിയത്. ഇന്ത്യക്കായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ അശ്വിന്‍ രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് വീഴ്ത്തി കളിയുടെ താരമായി. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!