കാര്‍ത്തികിനെ സന്ദീപും പുറത്താക്കിയതോടെ അഞ്ചിന് 242 റണ്‍സ് എന്ന നിലയിലായി രാജസ്ഥാന്‍.
വഡോദര: രാജസ്ഥാനെതിരെ വിജയ് ഹസാരെ ട്രോഫി പ്രീ ക്വാര്‍ട്ടറില്‍ തമിഴ്‌നാടിന് 268 റണ്‍സ് വിജയലക്ഷ്യം. അഭിജിത് തോമര്‍ (111) രാജസ്ഥാന് വേണ്ടി സെഞ്ചുറി നേടിയെങ്കിലും വരുണ്‍ ചക്രവര്‍ത്തിയുടെ അഞ്ച് വിക്കറ്റ് നേട്ടം ടീമിന്റെ നടുവൊടിച്ചു. തോമറിന് പുറമെ മഹിപാല്‍ ലോംറോര്‍ (60) മികച്ച പ്രകടനം പുറത്തെടുത്തു. 35 റണ്‍സെടുത്ത കാര്‍ത്തിക് ശര്‍മയും രാജസ്ഥാന്‍ നിരയില്‍ തിളങ്ങി. വരുണിന് പുറമെ മലയാളി താരം സന്ദീപ് വാര്യര്‍, സായ് കിഷോര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ തമിഴ്‌നാട് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
സ്‌കോര്‍ബോര്‍ഡില്‍ 24 റണ്‍സുള്ളപ്പോള്‍ സച്ചിന്റെ യാദവിന്റെ വിക്കറ്റ് രാജസ്ഥാന് നഷ്ടമായി. പിന്നീട് തോമര്‍ - ലോംറോര്‍ സഖ്യം മൂന്നാം വിക്കറ്റില്‍ 160 റണ്‍സ് കൂട്ടിചേര്‍ത്തു. ലോംറോറിനെ പുറത്താക്കി വരുണാണ് തമിഴ്‌നാടിന് ബ്രേക്ക് ത്രൂ നല്‍കുന്നത്. ബൗള്‍ഡായി മടങ്ങുമ്പോള്‍ നാല് സിക്‌സും മൂന്ന് ഫോറും താരം നേടിയിരുന്നു. പിന്നീട് ദീപക് ഹൂഡയേയും (7) വരുണ്‍ ബൗള്‍ഡാക്കി. അടുത്ത ഇര തോമറായിരുന്നു. വരുണിന്റെ പന്തില്‍ തുഷാര്‍ രഹേജയ്ക്ക് ക്യാച്ച്. 125 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും 12 ഫോറും നേടി.
കാര്‍ത്തികിനെ സന്ദീപും പുറത്താക്കിയതോടെ അഞ്ചിന് 242 റണ്‍സ് എന്ന നിലയിലായി രാജസ്ഥാന്‍. ശേഷിക്കുന്ന വിക്കറ്റുകള്‍ 25 റണ്‍സിനിടെ രാജസ്ഥാന് നഷ്ടമായി. കുക്‌ന അജയ് സിംഗ് (2), സമര്‍പിത് ജോഷി (15), മാനവ് സുതര്‍ (1), അനികേത് ചൗധരി (2), ഖലീല്‍ അഹമ്മദ് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അമന്‍ ഷെഖാവത് (4) പുറത്താവാതെ നിന്നു.
മറുപടി ബാറ്റിംഗ് ആരംഭിച്ച തമിഴ്‌നാട് ഒടുവില്‍ വിവരം ലിക്കുമ്പോള്‍ 10 ഓവറില്‍ രണ്ട് വിക്കറ്റിന് 70 എന്ന നിലയിലാണ്. രഹേജ (11), ഭൂപതി വൈഷ്ണ കുമാര്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. എന്‍ ജഗദീഷന്‍ (48), ബാബ ഇന്ദ്രജിത് (2) എന്നിവര്‍ ക്രീസില്‍. ഖലീല്‍ അഹമ്മദ്, അനികേത് ചൗധരി എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.