സ്‌പെഷ്യല്‍ ഗ്രൗണ്ടില്‍ സഞ്ജു ഷോ? കേരളത്തിനെതിരെ സര്‍വീസസിന് ഭേദപ്പെട്ട സ്‌കോര്‍, അഖിലിന് അഞ്ച് വിക്കറ്റ്

By Web Team  |  First Published Nov 23, 2024, 6:02 PM IST

അഖില്‍ അഞ്ചും നിധീഷ് രണ്ടും വിക്കറ്റ് വീഴ്ത്തി. അഞ്ചില്‍ നാല് വിക്കറ്റും അഖില്‍ ഒരോവറിലാണ് സ്വന്തമാക്കിയത്.


ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ സര്‍വീസസിനെതിരെ കേരളത്തിന് 150 റണ്‍സ് വിജയക്ഷ്യം. ഹൈദരാബാദ്, രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സര്‍വീസസിനെ അഖിന്‍ സ്‌കറിയയുടെ നിധീഷ് എം ഡി എന്നിവര്‍ നിയന്ത്രിച്ച് നിര്‍ത്തുകയായിരുന്നു. ഒമ്പത് വിക്കറ്റുകള്‍ സര്‍വീസസിന് നഷ്ടമായി. അഖില്‍ അഞ്ചും നിധീഷ് രണ്ടും വിക്കറ്റ് വീഴ്ത്തി. അഞ്ചില്‍ നാല് വിക്കറ്റും അഖില്‍ ഒരോവറിലാണ് സ്വന്തമാക്കിയത്. 29 പന്തില്‍ 41 റണ്‍സെടുത്ത മോഹിത് അഹ്ലാവദാണ് സര്‍വീസസിന്റെ ടോപ് സ്‌കോറര്‍. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് മത്സരം ജിയോ സിനിമയില്‍ കാണാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. നേരത്തെ, ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശിനെതിരെ അവസാന ടി20 സഞ്ജു സെഞ്ചുറി നേടിയത് ഇതേ ഗ്രൗണ്ടിലാണ്. അതുകൊണ്ടുതന്നെ ഒരു വെടിക്കെട്ട് പ്രതീക്ഷിക്കുന്നുണ്ട് ആരാധകര്‍ 

മോശം തുടക്കമായിരുന്നു സര്‍വീസസിന്. പവര്‍ പ്ലേ തീരുന്നതിന് മുമ്പ് അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ കുമാര്‍ പതക് (16), രോഹില്ല (2) എന്നിവരെ നിതീഷ് പുറത്താക്കുകയായിരുന്നു. ഇതോടെ രണ്ടിന് 35 എന്ന നിലയിലായി സര്‍വീസസ്. പിന്നാലെ വിതീക് ധന്‍കര്‍ (35) - മോഹിത് സഖ്യം 40 റണ്‍സ് കൂട്ടിചേര്‍ത്ത് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. എന്നാല്‍ മോഹിത്തിനെ പുറത്താക്കി സിജോ മോന്‍ കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നാണ് മോഹിത്തിനൊപ്പം അരുണ്‍ കുമാര്‍ (22 പന്തില്‍ 28) ചേര്‍ന്നത്. 

Latest Videos

undefined

ഇരുവരും 49 റണ്‍സ് ടോട്ടലിനൊപ്പം ചേര്‍ത്തു. എന്നാല്‍ അരുണിനെ പുറത്താക്കി വിനോദ് കുമാര്‍ കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. വൈകാതെ 19-ാം ഓവറില്‍ അഹ്ലാവദിനെ, അഖില്‍ സ്‌കറിയയും മടക്കി. തൊട്ടടുത്ത പന്തില്‍ പി എസ് പൂനിയ (0)യും നാലാം പന്തില്‍ എം എസ് രതിയേയും (8) അവസാന പന്തില്‍ ഗൗരവ് ശര്‍മയേയും (1) അഖില്‍ മടക്കി. ഒരോവറില്‍ മാത്രം നാല് വിക്കറ്റാണ് അഖില്‍ വീഴ്ത്തിയത്. നാല് ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങിയാണ് അഖില്‍ അഞ്ച് പേരെ പുറത്താക്കിയത്.

എറിയെടാ, ഒന്ന് എറിഞ്ഞുനോക്കെടാ! ക്രീസില്‍ കയറാതെ ലബുഷെയ്‌നെ കൊതിപ്പിച്ച് ജയ്‌സ്വാള്‍ -വീഡിയോ

കേരളം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, അബ്ദുള്‍ ബാസിത്, അഖില്‍ സ്‌കറിയ, സിജോമോന്‍ ജോസഫ്, വിനോദ് കുമാര്‍, നിധീഷ് എം ഡി.

കേരളത്തിന്റെ മുഴുവന്‍ സ്‌ക്വാഡ്: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി, രോഹന്‍ കുന്നുമ്മല്‍, ജലജ് സക്സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, ബേസില്‍ തമ്പി, അഖില്‍ സ്‌കറിയ, അജ്നാസ് എം, സിജോമോന്‍ ജോസഫ്, എസ് മിഥുന്‍, വൈശാഖ് ചന്ദ്രന്‍, സി വി വിനോദ് കുമാര്‍, എന്‍ പി ബേസില്‍, ഷറഫുദീന്‍, നിതീഷ് എം ഡി. 

ട്രാവലിംഗ് റിസേഴ്സ്: വരുണ്‍ നായനാര്‍, ഷോണ്‍ ജോര്‍ജ്, അഭിഷേക് നായര്‍.

click me!