അന്ന് അനുജന്‍മാരെ ചീത്ത വിളിച്ചു; ഇന്നലെ ഷൊറിഫുളിന് ചേട്ടന്‍മാരുടെ വക തല്ലുമാല; സ്മരണ വേണമെന്ന് ആരാധകര്‍

By Gopala krishnan  |  First Published Nov 3, 2022, 10:43 AM IST

മത്സരത്തിനിടെ ഷൊറിഫുള്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ നിരന്തര സ്ലെഡ്ജ് ചെയ്ത് പ്രകോപിപ്പിച്ചിരുന്നു. രവി ബിഷ്ണോയ് അടക്കമുള്ള താരങ്ങള്‍ ഷൊറിഫുളിന്‍റെ സ്ലെഡ്ജിംഗിനെതിരെ അമ്പയറോട് പരാതി പറഞ്ഞു. മത്സരശേഷം ഇന്ത്യ താരങ്ങള്‍ക്ക് മുന്നില്‍ വിജയാഘോഷം നടത്തിയ ബംഗ്ലാ താരങ്ങളും ഇന്ത്യന്‍ താരങ്ങളും തമ്മില്‍ കൈയാങ്കളിയില്‍ വരെയെത്തി.


അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ ഇന്നലെ നടന്ന ഇന്ത്യ-ബംഗ്ലാദേശ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ബംഗ്ലാദേശിന്‍റെ യുവ പേസര്‍ ഷൊറിഫുള്‍ ഇസ്ലാമിനെ കെ എല്‍ രാഹുലും വിരാട് കോലിയും സൂര്യകുമാര്‍ യാദവുമെല്ലാം അടിച്ചോടിക്കുമ്പോള്‍ സന്തോഷിച്ചത് ഇന്ത്യന്‍ യുവതാരങ്ങളായിരിക്കും. 2020ലെ അണ്ടര്‍ 19 ഏകദിന ലോകകപ്പ് ഫൈനല്‍ കണ്ടവരാരും ഷൊറിഫുള്‍ ഇസ്ലാം എന്ന ബംഗ്ലാ പേസറുടെ പേര് മറക്കാനിടയില്ല. ദക്ഷിണാഫ്രിക്കയില്‍ നടന്ന ഫൈനലില്‍ ഇന്ത്യയും ബംഗ്ലാദേശുമായിരുന്നു ഏറ്റുമുട്ടിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി യശസ്വി ജയ്‌സ്വാള്‍(88) മാത്രമെ ബാറ്റിംഗില്‍ തിളങ്ങിയുള്ളു. തിലക് വര്‍മ(38), ധ്രുവ് ജുവല്‍(22) എന്നിവരൊഴികെ മറ്റാരും രണ്ടക്കം കടക്കാതിരുന്നതോടെ ഇന്ത്യന്‍ ഇന്നിംഗ്സ് 47.2 ഓവറില്‍ 177 റണ്‍സില്‍ അവസാനിച്ചു. 10 ഓവര്‍ എറിഞ്ഞ ഷൊറിഫുള്‍ ഒരു മെയ്ഡിന്‍ അടക്കം 31 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങി. ഇന്ത്യയുടെ ടോപ് സ്കോററായ യശ്വസ്വിയെ വീഴ്ത്തിയത് ഷൊറിഫുള്‍ ആയിരുന്നു. 178 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 42.1 ഓവറില്‍ 170-7ല്‍ നില്‍ക്കെ മഴ എത്തിയതോടെ ഡക്‌‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയികളായി.

Latest Videos

'ബുമ്രയ്ക്ക് പകരം ഒരാള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമായിരുന്നു'; അര്‍ഷ്ദീപ് സിംഗിനെ പുകഴ്ത്തി രോഹിത്

മത്സരത്തിനിടെ ഷൊറിഫുള്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ നിരന്തരം സ്ലെഡ്ജ് ചെയ്ത് പ്രകോപിപ്പിച്ചിരുന്നു. രവി ബിഷ്ണോയ് അടക്കമുള്ള താരങ്ങള്‍ ഷൊറിഫുളിന്‍റെ സ്ലെഡ്ജിംഗിനെതിരെ അമ്പയറോട് പരാതി പറഞ്ഞു. മത്സരശേഷം ഇന്ത്യ താരങ്ങള്‍ക്ക് മുന്നില്‍ വിജയാഘോഷം നടത്തിയ ബംഗ്ലാ താരങ്ങളും ഇന്ത്യന്‍ താരങ്ങളും തമ്മില്‍ കൈയാങ്കളിയില്‍ വരെയെത്തി. പ്രിയം ഗാര്‍ഗായിരുന്നു ഇന്ത്യന്‍ നായകന്‍. തോറ്റവരുടെ വേദന അവരെ മനസിലാക്കി കൊടുക്കണമെന്നുണ്ടായിരുന്നു എന്നായിരുന്നു ഷൊറിഫുള്‍ മത്സരശേഷം വിജയാഘോഷത്തെക്കുറിച്ച് പറഞ്ഞത്.

ഇനിയത്രെ പേടിക്കാനില്ല; ടി20 ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ ഇങ്ങനെ

എന്നാല്‍ ഇന്നലെ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ ബംഗ്ലാദശിനായി പന്തെറിഞ്ഞ ഷൊറിഫുളിനെ ഇന്ത്യയുടെ സീനിയര്‍ ബാറ്റര്‍മാര്‍ കൈകാര്യം ചെയ്തുവിട്ടു. നാലോര്‍ എറിഞ്ഞ ഷൊറിഫുള്‍ വഴങ്ങിയത് 57 റണ്‍സ്. വിക്കറ്റൊന്നും വീഴ്ത്താനുമായില്ല. അന്ന് അനുജന്‍മാരെ ചീത്തവിളിച്ചതിന് ചേട്ടന്‍മാരുടെ കൈയില്‍ നിന്ന് കണക്കിന് വാങ്ങിയാണ് ഷൊറിഫുള്‍ മടങ്ങിയത്. ഷൊറിഫുള്‍ എറഞ്ഞ ആദ്യ ഓവറില്‍ രാഹുല്‍ ഒമ്പത് റണ്‍സടിച്ചപ്പോള്‍ രണ്ടാം ഓവറില്‍ കോലിയും രാഹുലും ചേര്‍ന്ന് നേടിയത് 24 റണ്‍സ്. ഷൊറിഫുളിന്‍റെ മൂന്നാം ഓവറില്‍ 10ഉം  അവസാന ഓവറില്‍ 14 ഉം റണ്‍സടിച്ചാണ് സീനിയര്‍ താരങ്ങള്‍ ഷൊറിഫുളിനോട് കണക്കു തീര്‍ത്തത്.

click me!