പാവം പയ്യൻ, ടെസ്റ്റൊന്നും കളിക്കാൻ അവനായിട്ടില്ല, പ്രസിദ്ധ് കൃഷ്ണക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം

By Web TeamFirst Published Dec 30, 2023, 9:06 AM IST
Highlights

പാവം പയ്യനാണ് പ്രസിദ്ധ്, അവന് ടെസ്റ്റ് കളിക്കാനുള്ള പാകതയൊന്നുമില്ല. അതുപോലെ ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ സ്പെല്‍ എറിയാനുള്ള കഴിവുമില്ല.

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഇന്നിംഗ്സ് തോല്‍വിക്ക് പിന്നാലെ പേസര്‍ പ്രസിദ്ധ് കൃഷ്ണക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം. പ്രസിദ്ധിന് ടെസ്റ്റ് കളിക്കാനുള്ള പാകത ആയിട്ടില്ലെന്നും ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ടാമത്തെയും മൂന്നാമത്തെയും സ്പെല്‍ എറിയാനുളള കഴിവ് പ്രസിദ്ധിനില്ലെന്നും പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയില്‍ മുന്‍ ഇന്ത്യന്‍ ബൗളര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

പാവം പയ്യനാണ് പ്രസിദ്ധ്, അവന് ടെസ്റ്റ് കളിക്കാനുള്ള പാകതയൊന്നുമില്ല. അതുപോലെ ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ സ്പെല്‍ എറിയാനുള്ള കഴിവുമില്ല. ഉയരം കൂടിയ ബൗളറായതുകൊണ്ട് ബൗണ്‍സ് കിട്ടുമെന്ന് കരുതിയാണ് അവനെ സെഞ്ചൂറിയനില്‍ കളിപ്പിച്ചത്. പക്ഷെ ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് മറന്നൊരു കാര്യമുണ്ട്. അവൻ അവസാനം എന്നാണ് രഞ്ജി ട്രോഫിയില്‍ കളിച്ചതെന്ന്. ഇന്ത്യ എ ക്കായി ഒരു മത്സരം കളിച്ച് നേരിട്ട് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനാവില്ല.

Latest Videos

ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് പുതിയ നായകൻ, ക്യാപ്റ്റനായി വിരമിക്കാൻ ഡീന്‍ എല്‍ഗാര്‍

രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ആവേശ് ഖാനെ ഉള്‍പ്പെടുത്തിയെങ്കിലും വലിയ വ്യത്യാസമുണ്ടാകാനിടയില്ലെന്നും മുന്‍ താരം പറഞ്ഞു. ഇന്ത്യന്‍ ബൗളര്‍മാരുടെ യഥാര്‍ത്ഥ പ്രശ്നം ബുമ്രയെയും ഷമിയെയും സിറാജിനെയും പോലെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള ആവേശമോ ആത്മവിശ്വാസമോ പുതുതലമുറ ബൗളര്‍മാര്‍ക്കില്ല എന്നതാണ്. രണ്ടാം ടെസ്റ്റിനുള്ള ടീമിലെടുത്ത ആവേശ് ഖാനും പ്രസിദ്ധ് കൃഷ്ണയെപ്പോലുള്ള ബൗളറാണ്. പക്ഷെ റെഡ് ബോള്‍ ക്രിക്കറ്റില്‍ സ്ഥിരമായി കളിക്കുന്നതിന്‍റെ ആനുകൂല്യമുണ്ട്. അതുകൊണ്ടുതന്നെ മികച്ച ലെങ്ത് കണ്ടെത്താന്‍ ആവേശിന് കഴിയും.  നവദീപ് സെയ്നിയെപ്പോലൊരു ബൗളര്‍ ആറ് വര്‍ഷമായി ഇന്ത്യ എക്കായി കളിക്കുന്നു. ഇപ്പോഴും എ ടീമിനപ്പുറം ഒരു സ്ഥാനം കിട്ടുന്നില്ലെന്ന് അറിഞ്ഞാല്‍ മതി കാര്യം മനസിലാവാന്‍.

'അവര്‍ ഒന്നും ജയിച്ചിട്ടില്ല', ഇന്ത്യൻ ടീം ഒരിക്കലും പ്രതീക്ഷക്കൊത്ത് ഉയരാത്തവരെന്ന് മൈക്കല്‍ വോണ്‍

ഹാര്‍ദ്ദിക് പാണ്ഡ്യ ടെസ്റ്റ് കളിച്ചിരുന്നെങ്കില്‍ പേസ് ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ കളിക്കുന്ന ഷാര്‍ദ്ദുല്‍ ഠാക്കൂര്‍ ടെസ്റ്റ് ടീമിലേ എത്തില്ലായിരുന്നു. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഓള്‍ റൗണ്ട് മികവുള്ള ക്രിക്കറ്റര്‍മാരുടെ അഭാവം ആണ് ഷാര്‍ദ്ദുലിനെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. ലഭ്യമായതില്‍ ഭേദപ്പെട്ട കളിക്കാരനെ തെര‍ഞ്ഞെടുത്തുവെന്ന് മാത്രം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഇത്തവണയെങ്കിലും നേടണമെങ്കില്‍ 20 വിക്കറ്റ് വീഴ്ത്താൻ കഴിയുന്ന ബൗളര്‍മാര്‍ വേണമെന്നും മുന്‍ ബൗളര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!