വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് അത്ര നല്ല തുടക്കമായിരുന്നില്ല. 34 റണ്‍സിനിടെ അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി.
കാര്‍ഡിഫ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടിയത്. 50 റണ്‍സ് നേടിയ ജേക്ക് ഫ്രേസര്‍ മക്ഗുര്‍കാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 19 ഓവറില്‍ ലക്ഷ്യം മറികടന്നു. 47 പന്തില്‍ 87 റണ്‍സ് നേടിയ ലിയാം ലിവിംഗ്‌സറ്റണാണ് വിജയശില്‍പി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും 1-1ന് ഒപ്പമെത്തി. നിര്‍ണായകമായ മൂന്നാം ടി20 തിങ്കളാഴ്ച്ച മാഞ്ചസ്റ്ററില്‍ നടക്കും.
undefined
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് അത്ര നല്ല തുടക്കമായിരുന്നില്ല. 34 റണ്‍സിനിടെ അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. വില്‍ ജാക്‌സ് (12), ജോര്‍ദാന്‍ കോക്‌സ് (0) എന്നിവരാണ് മടങ്ങിയത്. പിന്നീട് ഫിലിപ് സാള്‍ട്ട് (39) - ലിവിംഗ്സ്റ്റണ്‍ സഖ്യം 45 റണ്‍സ് കൂട്ടിചേര്‍ത്തു. സാള്‍ട്ട് മടങ്ങിയെങ്കിലും ജേക്കബ് ബെഥേലിനൊപ്പം (24 പന്തില്‍ 44) നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കാന്‍ ലിവിംഗ്സ്റ്റണിന് സാധിച്ചു. ഇരുവരും 90 റണ്‍സാണ് കൂട്ടിചേര്‍ത്തത്. രണ്ട് റണ്‍സിന്റെ വേളയില്‍ ഇരുവരും മടങ്ങിയെങ്കിലും ഇംഗ്ലണ്ട് ആറ് പന്തുകള്‍ ശേഷിക്കെ ലക്ഷ്യം മറികടന്നു. സാം കറന്‍ (1), ബ്രൈഡണ്‍ കാര്‍സ് (0) എന്നിവരുടെ വിക്കറ്റുകളും ഇംഗ്ലണ്ടിന് നഷ്ടമായി. ജാമി ഓവര്‍ടോണ്‍ (4), ആദില്‍ റഷീദ് (1) പുറത്താവാതെ നിന്നു. മാത്യൂ ഷോര്‍ട്ട് ഓസീസിനായി അഞ്ച് വിക്കറ്റ് വീഴ്ത്തി.
നേരത്തെ മികച്ച തുടക്കമാണ് ഓസീസിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഷോര്‍ട്ട് (28) - ട്രാവിസ് ഹെഡ് (14 പന്തില്‍ 31) സഖ്യം 52 റണ്‍സ് കൂട്ടിചേര്‍ത്തു. ഹെഡ് ആദ്യം മടങ്ങിയെങ്കിലും മക്ഗുര്‍ക്, ജോഷ് ഇന്‍ഗ്ലിസ് (42) എന്നിവരെല്ലാം ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. മധ്യനിര താരങ്ങള്‍ അല്‍പം ഉത്തരവാദിത്തം കാണിച്ചിരുന്നെങ്കില്‍ ഇതിനേക്കാള്‍ മികച്ച സ്‌കോര്‍ ഓസീസിന് സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു. മാര്‍കസ് സ്‌റ്റോയിനിസ് (2), ടിം ഡേവിഡ് (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. കാമറൂണ്‍ ഗ്രീന്‍ (13), ആരോണ്‍ ഹാര്‍ഡി (9 പന്തില്‍ 20) പുറത്താവാതെ നിന്നു. ലിവിംഗ്സ്റ്റണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.