വെടിക്കെട്ട് സെഞ്ചുറിയുമായി നായകന്‍ ഓയിന്‍ മോര്‍ഗന്‍(148 റണ്‍സ്) നയിച്ച ബാറ്റിംഗും മൂന്ന് പേരെ വീതം പുറത്താക്കി ആദിലും ആര്‍ച്ചറുമാണ് ഇംഗ്ലണ്ടിന് അനായാസ ജയമൊരുക്കിയത്.
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഓള്‍ഡ് ട്രാഫോര്‍ഡിലെ റണ്‍മല കാട്ടി അഫ്‌ഗാനെ വിറപ്പിച്ച് ഇംഗ്ലണ്ടിന് 150 റണ്‍സിന്‍റെ കൂറ്റന്‍ ജയം. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 398 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്‌ഗാന് 50 ഓവറില്‍ എട്ട് വിക്കറ്റിന് 247 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. വെടിക്കെട്ട് സെഞ്ചുറിയുമായി നായകന്‍ ഓയിന്‍ മോര്‍ഗന്‍(148 റണ്‍സ്) നയിച്ച ബാറ്റിംഗും മൂന്ന് പേരെ വീതം പുറത്താക്കി ആദിലും ആര്‍ച്ചറുമാണ് ഇംഗ്ലണ്ടിന് അനായാസ ജയമൊരുക്കിയത്. അഫ്‌ഗാനായി ഹഷ്‌മത്തുള്ള അര്‍ദ്ധ സെഞ്ചുറി നേടി.
മറുപടി ബാറ്റിംഗില്‍ അഫ്‌ഗാന്‍റെ തുടക്കം ഒട്ടും ശുഭമായിരുന്നില്ല. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ അക്കൗണ്ട് തുറക്കും മുന്‍പ് ഓപ്പണര്‍ നൂര്‍ അലിയെ ആര്‍ച്ചര്‍ ബൗള്‍ഡാക്കി. മറ്റൊരു ഓപ്പണറായ നായകന്‍ ഗുല്‍ബാദിന് എടുക്കാനായത് 37 റണ്‍സ്. പിന്നീട് വന്നവരില്‍ റഹ്‌മത്ത് ഷാ(46), അസ്‌ഗാര്‍ അഫ്‌ഗാന്‍(44), എന്നിവര്‍ തിളങ്ങി. ഇതിനിടെ മാര്‍ക്ക് വുഡിന്‍റെ ബൗണ്‍സര്‍ ഹഷ്‌മത്തുള്ള ഷാഹിദിയുടെ ഹെല്‍മറ്റില്‍ പതിച്ചത് മൈതാനത്തും ഗാലറിയും ആശങ്കയുളവാക്കി.
എന്നാല്‍ ബൗണ്‍സര്‍ ഏറ്റ ശേഷം ശക്തമായി തിരിച്ചെത്തിയ ഹഷ്‌മത്തുള്ള 68 പന്തില്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. അധികം വൈകാതെ മുഹമ്മദ് നബിയെ(9) ആദില്‍ റഷീദ് സ്റ്റോക്‌സിന്‍റെ കൈകളിലെത്തിച്ചു. ഒരറ്റത്ത് പൊരുതിയ ഹഷ്‌മത്തുള്ളയെ 76ല്‍ നില്‍ക്കേ ആര്‍ച്ചര്‍ ബൗള്‍ഡാക്കിയതോടെ അഫ്‌ഗാന്‍ പ്രതിരോധം അവസാനിച്ചു. നജീബുള്ള(15), റഷീദ്(8), ഇക്രം(3*), ദൗലത്ത്(0*) എന്നിവര്‍ക്ക് കൂറ്റന്‍ വിജയലക്ഷ്യം നിലനില്‍ക്കേ അവസാന ഓവറുകളില്‍ കാര്യമായി ഒന്നും ചെയ്യാനായില്ല.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റിന് 397 റണ്‍സെടുത്തു. ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. മോര്‍ഗന്‍ 71 പന്തില്‍ 148 റണ്‍സെടുത്തപ്പോള്‍ ബെയര്‍സ്റ്റോ 90ഉം റൂട്ട് 88 റണ്‍സും നേടി. അവസാന ഓവറുകളില്‍ മൊയിന്‍ അലി വെടിക്കെട്ടും(ഒന്‍പത് പന്തില്‍ 31) ഇംഗ്ലണ്ടിന് കരുത്തായി. 17 സിക്‌സുകളുമായി ഏകദിനത്തില്‍ ഒരു ഇന്നിംഗ്‌സിലെ സിക്‌സര്‍ വേട്ടയുടെ റെക്കോര്‍ഡ് മോര്‍ഗന്‍ നേടി.
ഇംഗ്ലണ്ടിനായി ഓപ്പണര്‍ ജെയിംസ് വിന്‍സ് 26ഉം ജോണി ബെയര്‍സ്റ്റോ 90 റണ്‍സുമെടുത്തു. മൂന്നാം വിക്കറ്റില്‍ റൂട്ട്- മോര്‍ഗന്‍ സഖ്യം ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. സ്റ്റാര്‍ സ്‌പിന്നര്‍ റഷീദ് ഖാനെ കണക്കിന് ശിക്ഷിച്ച മോര്‍ഗന്‍ 57 പന്തില്‍ നൂറിലെത്തി. എന്നാല്‍ റൂട്ടിന് ശതകം തികയ്‌ക്കാനായില്ല. 88 എടുത്ത റൂട്ടിനെ 47-ാം ഓവറില്‍ നൈബ് പുറത്താക്കി. ഇതേ ഓവറില്‍ മോര്‍ഗനും വീണു. നാലാമനായി ഇറങ്ങിയ മോര്‍ഗന്‍ 71 പന്തില്‍ കുറിച്ചത് 148 റണ്‍സ്.
മോര്‍ഗന്‍ പുറത്താകുമ്പോള്‍ 359-4 എന്ന സ്‌കോറിലെത്തിയിരുന്നു ഇംഗ്ലണ്ട്. ദൗലത്തിന്‍റെ 48-ാം ഓവറിലെ നാലാം പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ബട്‌ലറും(2) പുറത്തായി. ദൗലത്തിന്‍റെ അവസാന പന്തില്‍ സ്റ്റോക്‌സും മടങ്ങി. നേടാനായത് ആറ് പന്തില്‍ രണ്ട് റണ്‍സ്. എന്നാല്‍ മൊയിന്‍ അലിയും(31) ക്രിസ് വോക്‌സും(1) ഇംഗ്ലണ്ട് ഇന്നിംഗ്‌സ് 397-6 എന്ന നിലയിലെത്തിച്ചു. ദൗലത്തും നൈബും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. സ്റ്റാര്‍ സ്‌പിന്നര്‍ റഷീദ് ഖാന്‍ 9 ഓവറില്‍ 110 റണ്‍സ് വഴങ്ങി.