ഇംഗ്ലണ്ട് കുപ്പായത്തില്‍ തകര്‍ത്തടിച്ച് ജോസ് ബട്‌ലര്‍, രണ്ടാം ടി20യില്‍ പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ ജയം

By Web Team  |  First Published May 25, 2024, 10:35 PM IST

184 റണ്‍സ് വിജയലക്ഷ്യത്തിലേത്ത് ബാറ്റുവീശിയ പാകിസ്ഥാന് ഓപ്പണര്‍ മുഹമ്മദ് റിസ്‌വാനെ(0)ആദ്യ ഓവറില്‍ തന്നെ നഷ്ടമായി. മൊയീന്‍ അലിക്കായിരുന്നു വിക്കറ്റ്.


ബര്‍മിങ്ഹാം: പാകിസ്ഥാനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് 23 റണ്‍സ് ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാകിസ്ഥാന് 19.2 ഓവറില്‍ 160 റണ്‍സിന് ഓള്‍ ഔട്ടായി. 21 പന്തില്‍ 45 റണ്‍സെടുത്ത ഫഖര്‍ സമനും 26 പന്തില്‍ 32 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബാബര്‍ അസമും മാത്രമനെ പാകിസ്ഥാനു വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുള്ളു. ഇംഗ്ലണ്ടിനായി റീസ് ടോപ്‌ലി മൂന്നും മൊയീന്‍ അലിയും ജോഫ്ര ആര്‍ച്ചറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്കോര്‍ ഇംഗ്ലണ്ട് 20 ഓവറില്‍ 183-7, പാകിസ്ഥാന്‍ 19.2 ഓവറില്‍ 160ന് ഓള്‍ ഔട്ട്. നാലു മത്സര പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

184 റണ്‍സ് വിജയലക്ഷ്യത്തിലേത്ത് ബാറ്റുവീശിയ പാകിസ്ഥാന് ഓപ്പണര്‍ മുഹമ്മദ് റിസ്‌വാനെ(0)ആദ്യ ഓവറില്‍ തന്നെ നഷ്ടമായി. മൊയീന്‍ അലിക്കായിരുന്നു വിക്കറ്റ്. നാലാം ഓവറിൽ സയീം അയൂബും(2) ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി. ബാബറും ഫഖര്‍ സമനും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടിലൂടെ പാകിസ്ഥാന് പ്രതീക്ഷ നല്‍കിയെങ്കിലും ബാബറിനെ(26 പന്തില്‍ 32) വിക്കറ്റിന് മുന്നില്‍ കുടുക്കിയ മൊയീന്‍ അലി രണ്ടാം പ്രഹരമേല്‍പ്പിച്ചു. പിന്നീട് ഷദാബ് ഖാന്‍(3), അസം ഖാന്‍(11), എന്നിവരും വീണതിന് പിന്നാലെ ഫഖ‍ർ(21 പന്തില്‍ 45) കൂടി പുറത്തായതോടെ പാകിസ്ഥാന്‍റെ പോരാട്ടം അവസാനിച്ചു. ഇഫ്തീഖര്‍ അഹമ്മദ്(17 പന്തില്‍ 23), ഇമാദ് വാസിം(13 പന്തില്‍ 22) എന്നിവര്‍ നടത്തിയ ചെറുത്തുനില്‍പ്പിന് തോല്‍വിഭാരം കുറക്കാനെ കഴിഞ്ഞുള്ളു.

Latest Videos

ഐപിഎല്‍ ഫൈനലിന് മുമ്പ് ആരാധകര്‍ക്ക് നിരാശവാര്‍ത്ത, കൊല്‍ക്കത്തയുടെ പരിശീലനം മുടക്കി ചെന്നൈയില്‍ മഴ

നേരത്തെ ടേസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. ബട്‌ലര്‍ 51 പന്തില്‍ 84 റണ്‍സടിച്ച് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോററായി. എട്ട് ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് ബട്‌ലറുടെ ഇന്നിംഗ്സ്. ഐപിഎല്‍ ആര്‍സിബിക്കായി തകര്‍ത്തടിച്ച വില്‍ ജാക്സ്(23 പന്തില്‍ 37), ജോണി ബെയര്‍സ്റ്റോ(18 പന്തില്‍ 21) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ ഫിള്‍ സാള്‍ട്ട്(13), ഹാരി ബ്രൂക്ക്(1), മൊയീന്‍ അലി(4) എന്നിവര്‍ നിരാശപ്പെടുത്തി. പാകിസ്ഥാനുവേണ്ടി ഷഹീന്‍ അഫ്രീദി മൂന്നും ഇമാദ് വാസിമും ഹാരിസ് റൗഫും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. പരമ്പരയിലെ മൂന്നാം മത്സരം ചൊവ്വാഴ്ച നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!