രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. നേരിട്ട മൂന്നാം പന്തില്‍ തന്നെ പുറത്തായി സഞ്ജു.
പൂനെ: ഇന്ത്യക്കെതിരായ നാലാം ടി20യില്‍ ഇംഗ്ലണ്ടിന് 182 റണ്‍സ് വിജയലക്ഷ്യം. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയുടെ മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ (53), ശിവം ദുബെ (53) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. അഭിഷേക് ശര്‍മ (29), റിങ്കും സിംഗ് (30) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഒമ്പത് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. സഞ്ജു സാംസണും (1), സൂര്യുകുമാര്‍ യാദവും (0) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ഇംഗ്ലണ്ടിന് വേണ്ടി സാകിബ് മെഹ്മൂദ് മൂന്ന് വിക്കറ്റ് നേടി.
രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. നേരിട്ട മൂന്നാം പന്തില്‍ തന്നെ പുറത്തായി സഞ്ജു. സാകിബ് മെഹ്മൂദിന്റെ ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ടിന് ഷോട്ടിന് ശ്രമിച്ച് സ്‌ക്വയര്‍ ലെഗില്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു സഞ്ജു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇതേ രീതിയില്‍ തന്നെയാണ് സഞ്ജു പുറത്തായത്. ഇന്നും മാറ്റമൊന്നുമുണ്ടായില്ല. മൂന്നാമതായി ക്രീസിലെത്തിയ തിലക് വര്‍മ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. സാകിബിനെതിരെ ക്രീസ് വിട്ട് അനാവശ്യ ഷോട്ടിന് ശ്രമിച്ച തിലക് (0) തേര്‍ഡ്മാനില്‍ ആര്‍ച്ചര്‍ക്ക് തന്നെ ക്യാച്ച് നല്‍കി. അതേ ഓവറില്‍ തന്നെ സൂര്യകുമാര്‍ യാദവും ക്രീസ് വിട്ടു. നാല് പന്ത് നേരിട്ട സൂര്യ ഇംഗ്ലണ്ട് ഒരുക്കിയ കെണിയില്‍ വീഴുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ റണ്‍സ് നേടും മുമ്പ് ഷോര്‍ട്ട് മിഡ് ഓണില്‍ ബ്രൈഡണ്‍ കാര്‍സെക്ക് ക്യാച്ച് നല്‍കി. ഇതോടെ മൂന്നിന് 12 എന്ന നിലയിലായി ഇന്ത്യ.
പിന്നാലെ അഭിഷേക് - റിങ്കു സഖ്യം 45 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ എട്ടാം ഓവറില്‍ അഭിഷേകിനെ പുറത്താക്കി ആദില്‍ റഷീദ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. 19 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും നാല് ഫോറും നേടി. അധികം വൈകാതെ റിങ്കുവും മടങ്ങി. ഇത്തവണ കാര്‍സെയാണ് വിക്കറ്റ് വീഴ്ത്തിയത്. ഇതോടെ അഞ്ചിന് 79 എന്ന നിലയിലായി ഇന്ത്യ. ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ലായ കൂട്ടുകെട്ടുണ്ടായത് പിന്നീടാണ്. ഹാര്‍ദിക് - ദുബെ സഖ്യം അടിച്ചെടുത്തത് 87 റണ്‍സ്. ഹാര്‍ദിക് ആദ്യം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. പിന്നാലെ മടങ്ങുകയും ചെയ്തു. 30 പന്തുകള്‍ മാത്രം നേരിട്ട താരം നാല് വീതം ഫോറും സിക്‌സും നേടി. അക്‌സര്‍ പട്ടേലാണ് (5) പുറത്തായ മറ്റൊരു താരം. ഇരുവരേയും ജാമി ഓവര്‍ടണാണ് മടക്കിയത്. അവസാന ഓവറില്‍ അര്‍ഷ്ദീപ് സിംഗ് (0) റണ്ണൗട്ടായി. ദുബെ അവസാന പന്തിലും റണ്ണൗട്ടായി. 33 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും ഏഴ് ഫോറും നേടി.
മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. റിങ്കു സിംഗ്, ശിവം ദുബെ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറല്‍, മുഹമ്മദ് ഷമി എന്നിവരാണ് പുറത്തായത്. ഇംഗ്ലണ്ട് രണ്ട് മാറ്റം വരുത്തിയിട്ടുണ്ട്. മാര്‍ക്ക് വുഡിന് പകരം സാക്കിബ് മെഹ്മൂദ് ടീമിലെത്തി. പരിക്ക് മാറിയ ജേക്കബ് ബേഥല്‍ തിരച്ചെത്തിയപ്പോള്‍ ജാമി സ്മിത്ത് പുറത്തായി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി.
ഇംഗ്ലണ്ട്: ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ബെന്‍ ഡക്കറ്റ്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍, ജേക്കബ് ബേഥല്‍, ജാമി ഓവര്‍ട്ടണ്‍, ബ്രൈഡണ്‍ കാര്‍സെ, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, സാഖിബ് മഹ്മൂദ്.