'രഹാനെയെ വിമര്‍ശിക്കുന്നവര്‍ ഓസ്‌ട്രേലിയയിലെ ജയം മറക്കരുത്'; ലോര്‍ഡ്‌സ് ഹീറോയിസത്തിന് കയ്യടിച്ച് സെവാഗ്

By Web Team  |  First Published Aug 16, 2021, 11:00 AM IST

രഹാനെയുടെ കീഴിലായിരുന്നു വിദേശത്ത് ടീം ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് പരമ്പര ജയം എന്ന് ഓസ്‌ട്രേലിയന്‍ പര്യടനം ചൂണ്ടിക്കാണിച്ച് വീരു ഓര്‍മ്മിപ്പിച്ചു


ലണ്ടന്‍: ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സിലെ ബാറ്റിംഗ് പിഴയ്‌ക്ക് വലിയ വിമര്‍ശനം നേരിട്ട താരമാണ് അജിങ്ക്യ രഹാനെ. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ടീം ഇന്ത്യക്ക് ജീവന്‍ തിരിച്ചുനല്‍കിയ അര്‍ധ സെഞ്ചുറിയുമായി രഹാനെ വിമര്‍ശകരുടെ വായടപ്പിച്ചു. ഇപ്പോള്‍ ലോര്‍ഡ്‌സിലെ മികവിന് രഹാനെയെ പ്രശംസകൊണ്ട് മൂടുകയാണ് ഇന്ത്യന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. രഹാനെയെ നമ്മള്‍ ഏറെ വിമര്‍ശിക്കാറുണ്ട്, എന്നാല്‍ അദേഹത്തിന്‍റെ കീഴിലായിരുന്നു വിദേശത്ത് ടീം ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് പരമ്പര ജയം എന്ന് ഓസ്‌ട്രേലിയന്‍ പര്യടനം ചൂണ്ടിക്കാണിച്ച് വീരു ഓര്‍മ്മിപ്പിച്ചു. 

'മികച്ച ഇന്നിംഗ്‌സാണ് ലോര്‍ഡ്‌സില്‍ രഹാനെ കാഴ്‌ചവെച്ചത്. 39ല്‍ നില്‍ക്കേ ക്യാച്ച് നിലത്തിട്ടത് രഹാനെയ്ക്ക് ഭാഗ്യമായി. അര്‍ധ സെഞ്ചുറി ശതകമായി മാറ്റാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷമായിരുന്നേനേ. രഹാനെയെ വിമര്‍ശിക്കുന്നവര്‍ ഓസ്‌ട്രേലിയയിലെ പരമ്പര ജയം മറക്കരുത്. അഡ്‌ലെയ്‌ഡില്‍ ഇന്ത്യ 36 റണ്‍സില്‍ പുറത്തായ ശേഷം മെല്‍ബണില്‍ രഹാനെ സെഞ്ചുറി നേടിയിരുന്നു. മെല്‍ബണിലും ബ്രിസ്‌ബേനിലും ഇന്ത്യ ജയിക്കുകയും സിഡ്‌നിയില്‍ സമനില നേടുകയും ചെയ്തു. ഓസ്‌ട്രേലിയയിലെ വിജയമാണ് വിദേശത്ത് ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് പരമ്പര നേട്ടമെന്നാണ് കരുതുന്നത്. അത് രഹാനെയുടെ നായകത്വത്തിലായിരുന്നു' എന്നും സെവാഗ് സോണി സ്‌പോര്‍ട്‌സിനോട് പറഞ്ഞു. 

Latest Videos

ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് 27 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ടീം ഇന്ത്യ 55-3 എന്ന നിലയില്‍ തുടക്കത്തിലെ പ്രതിരോധത്തിലായെങ്കിലും രഹാനെ-പൂജാര സഖ്യം കരകയറ്റുകയായിരുന്നു. ഇരുവരും 100 റണ്‍സ് കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ സൃഷ്‌ടിച്ചു. രഹാനെ 146 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 61 റണ്‍സെടുത്താണ് മടങ്ങിയത്. മൊയീന്‍ അലിയുടെ പന്തില്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. എന്നാല്‍ ആദ്യ ഇന്നിംഗ്‌സില്‍ 23 പന്തില്‍ ഒരു റണ്‍ മാത്രമേ താരം നേടിയുള്ളൂ.  

അതേസമയം ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. ഇംഗ്ലണ്ടിനെതിരെ ഭേദപ്പെട്ട ലീഡിനായി ഇന്ത്യ പൊരുതുന്നു. നാലാം ദിവസം കളി നിർത്തുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റിന് 181 റൺസ് എന്ന നിലയിലാണ്. നാല് വിക്കറ്റ് ശേഷിക്കേ ഇന്ത്യക്ക് 154 റൺസ് ലീഡുണ്ട്. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത് അജിങ്ക്യ രാഹാനെയുടെയും ചേതേശ്വർ പൂജാരയുടേയും ചെറുത്തുനിൽപായിരുന്നു. രഹാനെ 61ഉം പുജാര 45ഉം റൺസെടുത്തു. 

ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിന്‍റെ പന്ത് ചുരണ്ടലോ? വിവാദം കത്തുമ്പോള്‍ പ്രതികരിച്ച് ഇന്ത്യന്‍ ബാറ്റിംഗ് കോച്ച്

വെറുതെയല്ല ജോ റൂട്ട് ഇന്ത്യക്ക് തലവേദനയായത്; ലോക്ക്‌ഡൗണ്‍ ഇംപാക്‌ട്!

ബാഴ്‌സയ്‌ക്ക് പുതുയുഗപ്പിറവി; ലാ ലീഗയില്‍ ജയത്തുടക്കം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!