വെറുതെയല്ല ജോ റൂട്ട് ഇന്ത്യക്ക് തലവേദനയായത്; ലോക്ക്‌ഡൗണ്‍ ഇംപാക്‌ട്!

By Web Team  |  First Published Aug 16, 2021, 8:24 AM IST

എന്താണ് റൂട്ടിന്‍റെ സ്വപ്‌ന ഫോമിന് പിന്നിലെ രഹസ്യമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇംഗ്ലീഷ് മുന്‍ നായകന്‍ മൈക്കല്‍ അതേര്‍ട്ടന്‍


ലണ്ടന്‍: ഇംഗ്ലണ്ടില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് വലിയ തലവേദനയായിരിക്കുകയാണ് ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിന്‍റെ മിന്നും ഫോം. ആദ്യ രണ്ട് ടെസ്റ്റിലും തകര്‍പ്പന്‍ സെഞ്ചുറികളുമായി കളംനിറഞ്ഞിരിക്കുകയാണ് താരം. എന്താണ് റൂട്ടിന്‍റെ സ്വപ്‌ന ഫോമിന് പിന്നിലെ രഹസ്യമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇംഗ്ലീഷ് മുന്‍ നായകന്‍ മൈക്കല്‍ അതേര്‍ട്ടന്‍. 

'ലോക്ക് ഡൗണില്‍ ചെയ്‌ത ചില പ്രയത്നങ്ങളുടെ ഫലമാണിത്. ഇതിനകം വിസ്‌മയ കരിയറുള്ള താരത്തിന് 29 വയസുപ്പോഴാണ് ഇത് വന്നുചേര്‍ന്നത്. ലോക്ക്ഡൗണ്‍ അദേഹത്തിന് വിശ്രമത്തിന് അവസരം നല്‍കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പുറത്തായതിന്‍റെ എല്ലാ വീഡിയോകളും റൂട്ട് വീഡിയോ അനലിസ്റ്റിനോട് ആവശ്യപ്പെട്ടു. അത് കണ്ട് എന്തൊക്കെയാണ് പരിഹരിക്കേണ്ടത് എന്ന് മനസിലാക്കി. അതിന്‍റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്. 

Latest Videos

സാങ്കേതികമായി റൂട്ട് ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ വര്‍ഷാദ്യം ലങ്കന്‍ പര്യടനം മുതല്‍ സുവര്‍ണ ഫോമിലാണ് താരം. ഏഷ്യയിലെ സ്‌പിന്‍ പിച്ചുകളിലും ഇപ്പോള്‍ നാട്ടിലെ പേസ് സൗഹാര്‍ദ പിച്ചുകളിലും എല്ലാ മികവും കാട്ടുന്നു. നായക സമ്മര്‍ദവും പ്രതീക്ഷകളുടെ അമിതഭാരവുമില്ലാതെ റൂട്ട് ഇങ്ങനെ കളിക്കുന്നു എന്നതാണ് മനോഹരം. ലോര്‍ഡ്‌സിലെ ആദ്യ ഇന്നിംഗ്‌സില്‍ ഹാട്രിക് ബോളിലാണ് റൂട്ട് ക്രീസിലെത്തിയത് എന്ന സാഹചര്യം ചിന്തിക്കുക. നായകന്‍റെ തൊപ്പിയുടെ ഭാരമോ സമ്മര്‍ദമോയില്ലാതെ വളരെ സ്വാതന്ത്ര്യത്തോടെയാണ് റൂട്ട് കളിക്കുന്നത്' എന്നും അതേര്‍ട്ടന്‍ പറഞ്ഞു. 

ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ പുറത്താകാതെ 180 റണ്‍സെടുത്തിരുന്നു ജോ റൂട്ട്. ടെസ്റ്റ് കരിയറില്‍ റൂട്ടിന്‍റെ 22-ാം സെഞ്ചുറി കൂടിയാണിത്. ഈ വര്‍ഷം ടെസ്റ്റില്‍ റൂട്ട് അഞ്ചാം തവണയാണ് മൂന്നക്കം കാണുന്നത് എന്നതും സവിശേഷത. ട്രെന്‍ഡ് ബ്രിഡ്‌ജില്‍ നടന്ന ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ 109 റണ്‍സ് റൂട്ടിന്‍റെ ബാറ്റില്‍ പിറന്നിരുന്നു. ടെസ്റ്റില്‍ 2013 ആഷസിലെ ഇയാന്‍ ബെല്ലിന് ശേഷം ഒരു ഇംഗ്ലീഷ് താരം തുടർച്ചയായ ഇന്നിംഗ്സുകളില്‍ സെഞ്ചുറി തികയ്ക്കുന്നതും ഇതാദ്യം. 

ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ താരങ്ങളില്‍ മൂന്നാം സ്ഥാനത്തെത്താന്‍ ലോർഡ്സ് ഇന്നിംഗ്സിലൂടെ ജോ റൂട്ടിനായി. 33 ശതകങ്ങളുമായി അലിസ്റ്റർ കുക്കും 23 എണ്ണവുമായി കെവിന്‍ പീറ്റേഴ്സണുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 22 സെഞ്ചുറികളുമായി വാലി ഹാമോണ്ടിനും കോളിന്‍ കൗഡ്രിക്കും ജെഫ് ബോയ്ക്കോട്ടിനും ഇയാന്‍ ബെല്ലിനും ഒപ്പം മൂന്നാം സ്ഥാനം പങ്കിടുകയാണ് റൂട്ട്. 

ഇന്ത്യക്കെതിരായ പരമ്പരയ്‌ക്കിടെ ടെസ്റ്റ് കരിയറില്‍ 9000 റണ്‍സ് പിന്നിട്ടുകഴിഞ്ഞു ജോ റൂട്ട്. ഈ വര്‍ഷാദ്യം ലങ്കയ്‌ക്കെതിരെ ഇരട്ട സെഞ്ചുറിയുമായാണ് റൂട്ട് തുടങ്ങിയത്. ഇതിന് ശേഷം ഇന്ത്യക്കെതിരെ നടന്ന പരമ്പരയിലും താരം ഇരട്ട ശതകം സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ പുരോഗമിക്കുന്ന പരമ്പരയിലും ഇന്ത്യക്കെതിരെ റൂട്ട് 2021ലെ വിസ്‌മയ ഫോമില്‍ റണ്‍വേട്ട തുടരുകയാണ്. 

ഇംഗ്ലീഷ് താരങ്ങള്‍ പന്തില്‍ കൃത്രിമം കാണിച്ചോ ? ചോദ്യവുമായി സെവാഗും ചോപ്രയും; ബ്രോഡിന്റെ വിശദീകരണമിങ്ങനെ

ഇന്ത്യക്ക് ലീഡ്, ലോര്‍ഡ്‌സ് ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്; എറിഞ്ഞിടാമെന്ന പ്രതീക്ഷയില്‍ ഇംഗ്ലണ്ട്

സെഞ്ചുറിപ്പൂരമായി 2021; ഇംഗ്ലീഷ് നായകരിലെ രാജാവായി ജോ റൂട്ട്! റെക്കോർഡ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!