സഞ്ജുവിന്‍റെ സെഞ്ചുറി പാഴായില്ല, ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബിയെ തകര്‍ത്ത് ഇന്ത്യ ഡി; ജയം 257 റണ്‍സിന്

By Web Team  |  First Published Sep 22, 2024, 3:59 PM IST

ആറ് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിംഗും നാലു വിക്കറ്റെടുത്ത ആദിത്യ താക്കറെയും ചേര്‍ന്നാണ് ഇന്ത്യ ബിയെ എറിഞ്ഞിട്ടത്.


അനന്ത്പൂര്‍: ദുലീപ് ട്രോഫിയില്‍ ശ്രേയസ് അയ്യരുടെ ഇന്ത്യ ഡി ടീമിന് ഇന്ത്യ ബിക്കെതിരെ 257 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. 373 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ബിയെ 115 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യ ഡി 257 റണ്‍സിന്‍റെ വിജയം സ്വന്തമാക്കിയത്. സൂര്യകുമാര്‍ യാദവും,  മുഷീര്‍ ഖാനും ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ക്യാപ്റ്റൻ അഭിമന്യു ഈശ്വരനുമെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ 115 റണ്‍സിന് ഓള്‍ ഔട്ടായി.

ആറ് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിംഗും നാലു വിക്കറ്റെടുത്ത ആദിത്യ താക്കറെയും ചേര്‍ന്നാണ് ഇന്ത്യ ബിയെ എറിഞ്ഞിട്ടത്. 22.2 ഓവറില്‍ ഇന്ത്യ ബിയുടെ ഇന്നിംഗ്സ് അവസാനിച്ചു. അര്‍ഷ്ദീപും ആദിത്യ താക്കറെയും തുടര്‍ച്ചയായി 11 ഓവറുകള്‍ എറിഞ്ഞാണ് ഇന്ത്യ ബിയെ തകര്‍ത്തത്. ഓപ്പണിംഗ് വിക്കറ്റില്‍ അഭിമന്യു ഈശ്വരനും(19) എന്‍ ജഗദീശനും(5) ചേര്‍ന്ന് 31 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമായിരുന്നു ഇന്ത്യ ബി തകര്‍ന്നടിഞ്ഞത്.

Latest Videos

രാഹുല്‍ ചമ്മിപ്പോയി, റിഷഭ് പന്ത് ഔട്ടെന്ന് ഉറപ്പിച്ച് കസേരയില്‍ നിന്നെഴുന്നേറ്റു; പക്ഷ പിന്നീട് സംഭവിച്ചത്

സുയാഷ് പ്രഭുദേശായി(2), മുഷീര്‍ ഖാന്‍(0), സൂര്യകുമാര്‍ യാദവ്(16), വാഷിംഗ്ടണ്‍ സുന്ദര്‍(5) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ 40 റണ്‍സുമായി പുറത്താകാതെ നിന്ന നിതീഷ് കുമാര്‍ റെഡ്ഡി മാത്രമാണ് ഇന്ത്യ ബി നിരയില്‍ പൊരുതിയത്. ഇന്ത്യ ഡി ക്കായി ആദ്യ ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയും രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറിയും നേടിയ റിക്കി ഭൂയിയാണ് കളിയിലെ താരം. ഇന്ത്യ ഡിക്കായി മലയാളി താരം സഞ്ജു സാംസണ്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്സില്‍ 45 റണ്‍സുമെടുത്തിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ തകര്‍പ്പന്‍ പ്രകടനത്തോടെ അര്‍ഷ്ദീപ് സിംഗ് ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യൻ ടീമില്‍ നാലാം പേസറായി ടീമിലിടം നേടാനുള്ള സാധ്യതയേറി. ആദ്യ ഇന്നിംഗ്സില്‍ അര്‍ഷ്ദീപ് മൂന്ന് വിക്കറ്റെടുത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!