ആദ്യം തന്നെ പറയട്ടെ കോലിക്കും രോഹിത്തിനും പകരമാവാന്‍ ആര്‍ക്കും കഴിയില്ല. എങ്കിലും 2026ലെ ടി20 ലോകകപ്പില്‍ ഇരുവര്‍ക്കും പകരം ടീമിലെത്താന്‍ സാധ്യതയുള്ള നാലു കളിക്കാരെങ്കിലുമുണ്ട്.
മുംബൈ: ലോകകപ്പ് നേട്ടത്തോടെ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും പകരക്കാരാവാന്‍ സാധ്യതയുള്ള താരങ്ങളുടെ പേരുമായി മുന്‍ ഇന്ത്യൻ താരം ദിനേശ് കാര്‍ത്തിക്. കോലിക്കും രോഹിത്തിനും പകരം വെക്കാന്‍ ആര്‍ക്കും കഴിയില്ലെങ്കിലും 2026ലെ ടി20 ലോകകപ്പില്‍ ഇവര്‍ക്ക് പകരം ടീമിലെത്താനിടയുള്ള താരങ്ങളെയാണ് കാര്‍ത്തിക് തെരഞ്ഞെടുത്തത്.
ആദ്യം തന്നെ പറയട്ടെ കോലിക്കും രോഹിത്തിനും പകരമാവാന്‍ ആര്‍ക്കും കഴിയില്ല. എങ്കിലും 2026ലെ ടി20 ലോകകപ്പില്‍ ഇരുവര്‍ക്കും പകരം ടീമിലെത്താന്‍ സാധ്യതയുള്ള നാലു കളിക്കാരെങ്കിലുമുണ്ട്. നിലവില്‍ റുതുരാജ് ഗെയ്ക്‌വാദ്, അഭിഷേക് ശര്‍മ, തിലക് വര്‍മ, യശസ്വി ജയ്സ്വാള്‍ എന്നിവരാണവര്‍. ടി20 ലോകകപ്പില്‍ ടീമിലുണ്ടായിട്ടും പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിക്കാതിരുന്ന യശസ്വി ജയ്സ്വാള്‍ വൈകാതെ ടി20 ടീമിലെ സ്ഥിരം സാന്നിധ്യമാവുമെന്നും കാര്‍ത്തിക് ക്രിക് ബസിലെ ചര്‍ച്ചയില്‍ പറഞ്ഞു.
രോഹിത്തിന്‍റെയും കോലിയുടെയും അഭാവത്തില്‍ സിംബാബ്‌വെക്കെതിരായ അവസാന മൂന്ന് ടി20 മത്സരങ്ങളിലും ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളുമാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ആദ്യ രണ്ട് മത്സരങ്ങളില്‍ യശസ്വിയുടെ അഭാവത്തില്‍ അഭിഷേക് ശര്‍മയായിരുന്നു ഗില്ലിനൊപ്പം ഓപ്പണറായത്. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ അഭിഷേക് രണ്ടാം മത്സരത്തില്‍ സെഞ്ചുറി നേടിയെങ്കിലും മൂന്നാം മത്സരത്തില്‍ ഓപ്പണര്‍ സ്ഥാനം വിട്ട് മൂന്നാം നമ്പറിലേക്ക് മാറേണ്ടിവന്നിരുന്നു.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ഓപ്പണ്‍ ചെയ്യുന്ന റുതുരാജ് ഗെയ്ക്‌വാദാകട്ടെ സിംബാബ്‌വെക്കെതിരെ മധ്യനിരയിലാണ് കളിച്ചത്. അവസാന മൂന്ന് കളികളില്‍ ഓപ്പണറായ യശസ്വി നാലാം മത്സരത്തില്‍ 53 പന്തില്‍ 93 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമനെ പ്രഖ്യാപിച്ചപ്പോള്‍ റുതുരാജിനെയും അഭിഷേകിനെയും സെലക്ടര്‍മാര്‍ തഴഞ്ഞപ്പോള്‍ ഗില്ലിനെയും യശസ്വിയെയുമാണ് ടീമിലുള്‍പ്പെടുത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക