തന്റെ ഹീറോയായ സുനില്‍ നരെയ്‌ന്റെ വിക്കറ്റെടുത്ത ശേഷമായിരുന്നു ഇത്തവണ ആഘോഷം
ബിസിസിഐയുടെ താക്കിതിനും പിഴയ്ക്കും വില കൊടുക്കാതെ ലക്നൗ സൂപ്പര്‍ ജയന്റ്സ് താരം ദിഗ്വേഷ് രാത്തി. വിക്കറ്റെടുത്തതിന് ശേഷം നോട്ട്‌ബുക്കില്‍ എഴുതുന്നതുപോലുള്ള ആഘോഷമാണ് ദിഗ്വേഷിന് കുരുക്കായത്. രണ്ട് വട്ടം ബിസിസിഐ നടപടിയെടുത്തിട്ടും വീണ്ടും ആഘോഷം തുടരുകയാണ് താരം. കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തിലും ഇത് ആവര്‍ത്തിച്ചു.
തന്റെ ഹീറോയായ സുനില്‍ നരെയ്‌ന്റെ വിക്കറ്റെടുത്ത ശേഷമായിരുന്നു ഇത്തവണ ആഘോഷം. കഴിഞ്ഞ മത്സരങ്ങളിലെല്ലാം സാങ്കല്‍പ്പികമായുള്ള നോട്ട്ബുക്ക് എഴുത്ത് കയ്യിലായിരുന്നെങ്കില്‍ ഇത്തവണ ചെറിയ വ്യത്യാസം വരുത്തിയിട്ടുണ്ട് താരം. കൈ ഉപയോഗിക്കുന്നതിന് പകരം മൈതാനത്താണ് നരെയ്ന്റെ വിക്കറ്റെടുത്ത ശേഷം ദിഗ്വേഷ് എഴുതിയത്.
ഇതോടെ ദിഗ്വേഷിന് ബാൻ നല്‍കാൻ ബിസിസിഐ തയാറാകുമോയെന്നാണ് ആശങ്ക. ഒരു ഡിമെറിറ്റ് പോയിന്റ് കൂടി ലഭിച്ചാല്‍ ദിഗ്വേഷിനെ വിലക്ക് ലഭിക്കുമെന്നിരിക്കെയായിരുന്നു ഇന്ന് വീണ്ടും ആഘോഷം ആവര്‍ത്തിച്ചത്. പവര്‍പ്ലെയ്ക്ക് ശേഷമായിരുന്നു ലക്നൗ നായകൻ റിഷഭ് പന്ത് ദിഗ്വേഷിനെ പരീക്ഷിച്ചത്. രണ്ടാം പന്തില്‍ തന്നെ വിക്കറ്റെടുത്തു താരം. കൂറ്റനടിക്ക് ശ്രമിച്ച നരെയന് ലോങ് ഓണില്‍ ക്യാച്ച് നല്‍കിയാണ് പുറത്തായത്.
പഞ്ചാബ് കിംഗ്സ് താരം പ്രിയാൻഷ് ആര്യയെ പുറത്താക്കിയപ്പോഴായിരുന്നു ആദ്യമായി ദിഗ്വേഷ് നോട്ട്ബുക്ക് ആഘോഷം പുറത്തെടുത്തത്. അന്ന് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡിമെറിറ്റ് പോയിന്റുമായിരുന്നു ശിക്ഷ. എന്നാല്‍ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തില്‍ നമൻ ധീറിനെ പുറത്താക്കിയപ്പോള്‍ വീണ്ടും ആഘോഷം പുറത്തെടുത്തു. അന്ന് മാച്ച് ഫീയുടെ 50 ശതമാനം പിഴയും രണ്ട് ഡിമെറിറ്റ് പോയിന്റുമാണ് ദിഗ്വേഷിന് ലഭിച്ചത്.
ഇന്നത്തെ മത്സരത്തിലെ ആഘോഷത്തോടെ ഒരു ഡിമെറിറ്റ് പോയിന്റ് കൂടി ദിഗ്വേഷിന് ലഭിച്ചേക്കും. ഇതോടെ ഒരു മത്സരത്തില്‍ സസ്പെൻഷനും ലഭിക്കാം. 36 മാസത്തിനിടെ നാല് ഡിമെറിറ്റ് പോയിന്റാണ് ഒരു സസ്പെൻഷിനിലേക്ക് നയിക്കുന്നത്.