അടുത്തിടെയാണ് വിരാട് കോലി രാജ്യാന്തര ക്രിക്കറ്റില്‍ 25000 റണ്‍സും 75 സെഞ്ചുറികളും നേടിയത്
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ റണ്‍ മെഷിനാണ് വിരാട് കോലി. 75 രാജ്യാന്തര സെഞ്ചുറികള്‍ പേരിലുള്ള കോലിക്ക് 25000ത്തിലേറെ റണ്‍സ് സമ്പാദ്യമായുണ്ട്. എന്നാല്‍ വിരാട് കോലി ഇത്രത്തോളം റണ്‍സ് അടിച്ചുകൂട്ടുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ല എന്നാണ് ഇന്ത്യന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് പറയുന്നത്.
'വിരാട് കോലി വളരെ കഴിവുള്ള താരമാണ് എന്ന് നമുക്കറിയാം. എന്നാല്‍ കോലി ഈ ഉയരത്തില്‍ എത്തുമെന്ന് കരുതിയില്ല. എന്നാല്‍ ഓസ്ട്രേലിയയില്‍ ലസിത് മലിംഗയ്ക്കെതിരെ ബാറ്റ് ചെയ്ത രീതിയും മത്സരം ജയിപ്പിച്ചതും കരിയര്‍ മാറ്റിമറിച്ചു. ഇത്രത്തോളം റണ്‍സും സെഞ്ചുറികളും കോലി നേടുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ എന്‍റെ കണക്കുകൂട്ടല്‍ തെറ്റാണെന്ന് തെളിഞ്ഞു. കോലി നേടിയ നേട്ടങ്ങള്‍ അവിസ്‌മരണീയമാണ്. ദീര്‍ഘകാലം ക്രിക്കറ്റ് കളിക്കണമെങ്കില്‍ വളരെയധികം അച്ചടക്കം വേണമെന്ന് കോലിക്ക് നേരത്തെ അറിയാമായിരുന്നു. വളരെ കുറച്ച് താരങ്ങളെ ഇത് നേരത്തെ തന്നെ മനസിലാക്കിയിട്ടുള്ളൂ. ടീമില്‍ ഏറെ താരങ്ങള്‍ വന്നുംപോയുമിരുന്നു. രോഹിത് ശര്‍മ്മ ടെസ്റ്റ്, വൈറ്റ് ബോള്‍ ടീമുകളിലേക്ക് വന്നു. പിന്നീട് ഇരുവരും തമ്മില്‍ പോരാട്ടമായി. ഇരുവരുടേയും പോരാട്ടം പ്രകടനം മെച്ചപ്പെടുത്താന്‍ സഹായകമായി' എന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.
അടുത്തിടെയാണ് വിരാട് കോലി രാജ്യാന്തര ക്രിക്കറ്റില്‍ 25000 റണ്‍സും 75 സെഞ്ചുറികളും നേടിയത്. 108 ടെസ്റ്റില്‍ 8416 റണ്‍സും 271 ഏകദിനങ്ങളില്‍ 12809 റണ്‍സും 115 രാജ്യാന്തര ട്വന്‍റി 20കളില്‍ 4008 റണ്‍സുമാണ് കോലിയുടെ സമ്പാദ്യം. ടെസ്റ്റില്‍ 28 ഉം ഏകദിനത്തില്‍ 46 ഉം ടി20യില്‍ ഒന്നും ശതകങ്ങള്‍ കോലി പേരിലാക്കി. 2012ല്‍ ഹൊബാര്‍ട്ടിലെ പോരാട്ടത്തില്‍ ലങ്കയ്ക്കെതിരെ 40 ഓവറില്‍ 321 റണ്‍സ് വിജയലക്ഷ്യം പിന്തുടരവേ 86 പന്തില്‍ പുറത്താവാതെ 133* റണ്‍സുമായി അമ്പരപ്പിക്കുകയായിരുന്നു കോലി. 35-ാം ഓവറില്‍ മലിംഗയെ 24 റണ്ണടിച്ചു. കോലിയുടെ കരിയര്‍ മാറ്റിമറിച്ച ഇന്നിംഗ്‌സായാണ് ഇത് വിശേഷിപ്പിക്കുന്നത്.
അതൊരു രഹസ്യമാണ്, എന്തിന് ഇവിടെ പറയണം; രസകരമായ മറുപടിയുമായി ഹാര്‍ദിക് പാണ്ഡ്യ