ടി20 ലോകകപ്പില്‍ ജസ്പ്രീത് ബുമ്രയുടെ പകരക്കാരന്‍ ആരാകുമെന്ന് ഇതുവരെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല
മുംബൈ: രവീന്ദ്ര ജഡേജയ്ക്കും ജസ്പ്രീത് ബുമ്രയ്ക്കും പിന്നാലെ പേസര്‍ ദീപക് ചാഹറും പുറത്തായതോടെ ഇന്ത്യയുടെ ട്വന്‍റി 20 ലോകകപ്പ് ടീമിൽ ട്വിസ്റ്റുകള്‍ തുടരുകയാണ്. പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയ ദീപക് ചാഹര്‍ പരിക്ക് ഭേദമാകാത്തതിനാൽ നാളെ ഓസ്ട്രേലിയയിലേക്ക് പോകില്ല. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷർദ്ദുൽ ഠാക്കൂർ എന്നിവരാണ് ഓസ്ട്രേലിയയിലെത്തുക. ഇവരില്‍ ആരാകും പ്രധാന സ്‌ക്വാഡില്‍ ബുമ്രയുടെ പകരക്കാരനാവുക എന്ന ആകാംക്ഷ ഇരട്ടിച്ചിരിക്കുകയാണ്.
ടി20 ലോകകപ്പില്‍ ജസ്പ്രീത് ബുമ്രയുടെ പകരക്കാരന്‍ ആരാകുമെന്ന് ഇതുവരെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. കൊവിഡിൽ നിന്ന് മുക്തനായ മുഹമ്മദ് ഷമിക്കാണ് കൂടുതൽ സാധ്യതയെങ്കിലും ജൂലൈക്ക് ശേഷം താരം ഒരു ടി20 മത്സരം പോലും കളിച്ചിട്ടില്ല. താരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഫിറ്റ്‌നസ് പരീക്ഷ പാസായിട്ടുണ്ട്. കൊവിഡ് കാരണം ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ പരമ്പര ഷമിക്ക് നഷ്ടമായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന പരമ്പരയിലെ മികച്ച താരമായത് അതേസമയം മുഹമ്മദ് സിറാജിന്‍റെ സാധ്യത കൂട്ടുന്നുമുണ്ട്. നേരത്തെ പകരക്കാരുടെ പട്ടികയിൽ ഇടംപിടിച്ച ശ്രേയസ് അയ്യർ, രവി ബിഷ്ണോയ് എന്നിവർ ഇപ്പോൾ ഓസ്ട്രേലിയന്‍ മണ്ണിലേക്ക് യാത്രതിരിക്കില്ല.
ലോകകപ്പിനായി ഓസീസിലെത്തിയ ഇന്ത്യയുടെ പ്രധാന താരങ്ങള്‍ ഇതിനകം വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ ആദ്യ പരിശീലന മത്സരം പൂര്‍ത്തിയാക്കിയിട്ടുണ്ട്. രണ്ടാം മത്സരം നാളെ നടക്കും. ഇതിന് ശേഷം 17, 19 തിയതികളില്‍ യഥാക്രമം ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെ ഇന്ത്യ ഐസിസിയുടെ ഔദ്യോഗിക വാം-അപ് മത്സരങ്ങള്‍ കളിക്കും. ഈ മത്സരങ്ങള്‍ സ്റ്റാര്‍ സ്പോര്‍ട്‌സിലൂടെ ഇന്ത്യയില്‍ കാണാം.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്.
ടി20 ലോകകപ്പ്: ബുമ്രയുടെ പകരക്കാരനാവാന്‍ മത്സരം മുറുകുന്നു, ഷമി ഫിറ്റ്നെസ് ടെസ്റ്റ് പാസായി