സിഎസ്‌കെയ്ക്ക് അമളി പറ്റി! ഒഴിവാക്കിയ ശേഷം സെഞ്ചുറിമേളം, ഡബിള്‍; ജഗദീശന്‍ ലേലത്തില്‍ കോടിക്കിലുക്കമാകും

By Jomit Jose  |  First Published Nov 21, 2022, 2:51 PM IST

വിജയ് ഹസാരെ ട്രോഫിയില്‍ അരുണാചല്‍ പ്രദേശിന് എതിരെയാണ് തമിഴ്‌നാട് താരമായ നാരായന്‍ ജഗദീശന്‍ ഇരട്ട സെഞ്ചുറിയുമായി തകര്‍ത്താടിയത്


ബെംഗളൂരു: ഐപിഎല്‍ പതിനാറാം സീസണിന് മുന്നോടിയായുള്ള താരലേലത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കൈവിട്ട താരങ്ങളിലൊരാളാണ് എന്‍ ജഗദീശന്‍. പുരോഗമിച്ചുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്‌നാടിനായി കഴിഞ്ഞ മത്സരങ്ങളില്‍ തുടര്‍ച്ചയായി നാല് സെഞ്ചുറികള്‍ നേടിയ താരം ഇന്ന് ഇരട്ട ശതവുമായി ലോക റെക്കോര്‍ഡുമിട്ടു. എല്ലാ ഇന്നിംഗ്‌സുകളും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒഴിവാക്കിയ ശേഷമാണ് എന്നതാണ് സവിശേഷത. 

വിജയ് ഹസാരെ ട്രോഫിയില്‍ അരുണാചല്‍ പ്രദേശിന് എതിരെയാണ് തമിഴ്‌നാട് താരമായ നാരായന്‍ ജഗദീശന്‍ ഇരട്ട സെഞ്ചുറിയുമായി തകര്‍ത്താടിയത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 141 പന്തില്‍ 277 റണ്‍സെടുത്ത് താരം പുറത്തായി. പുരുഷ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണിത്. 2002ല്‍ 268 റണ്‍സ് നേടിയ അലിസ്റ്റര്‍ ബ്രൗണിന്‍റെ റെക്കോര്‍ഡ് പഴങ്കഥയായി. 114 പന്തില്‍ ഇരട്ട സെഞ്ചുറി തികച്ചപ്പോള്‍ അതുമൊരു റെക്കോര്‍ഡായി. ലിസ്റ്റ് എ ക്രിക്കറ്റില്‍ വേഗത്തില്‍ ഡബിള്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തി.  

Latest Videos

പുരുഷ ലിസ്റ്റ് എ ക്രിക്കറ്റില്‍ തുടര്‍ച്ചയായി അഞ്ച് ശതകങ്ങള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും ജഗദീശന്‍ പേരിലാക്കി. കുമാര്‍ സംഗക്കാര(2014-15), ആല്‍വിരോ പീറ്റേര്‍സണ്‍(2015-16), ദേവ്‌ദത്ത് പടിക്കല്‍(2020-21) എന്നിവരാണ് ലിസ്റ്റ് എയില്‍ മുമ്പ് തുടര്‍ച്ചയായി നാല് ഇന്നിംഗ്‌സുകളില്‍ സെഞ്ചുറി കണ്ടെത്തിയിട്ടുള്ളൂ. 

ജഗദീശന്‍ ഇരട്ട സെഞ്ചുറിയും സായ് സുദര്‍ശന്‍ സെഞ്ചുറിയുമായി(102 പന്തില്‍ 154) കത്തിക്കയറിയപ്പോള്‍ മത്സരത്തില്‍ തമിഴ്‌നാട് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 506 റണ്‍സ് പടുത്തുയര്‍ത്തി. പുരുഷ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇതാദ്യമായാണ് ഒരു അഞ്ഞൂറിലധികം റണ്‍സ് നേടുന്നത്. ഈ വര്‍ഷാദ്യം നെതര്‍ലന്‍ഡ്‌സിനെതിരെ ഇംഗ്ലണ്ട് നാല് വിക്കറ്റിന് നേടിയ 498 റണ്‍സായിരുന്നു മുമ്പത്തെ റെക്കോര്‍ഡ്. ഡിസംബര്‍ 23ന് ഐപിഎല്‍ മിനി താരലേലം വരാനിക്കേ നാരായന്‍ ജഗദീശനായി ശക്തമായ ലേലം നടക്കുമെന്നുറപ്പാണ്. കൈവിട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തന്നെ ലേലത്തില്‍ താരത്തെ റാഞ്ചുമോ എന്ന് ഇനി കണ്ടറിയണം. 

'തല' തന്നെ ക്യാപ്റ്റന്‍, ബ്രാവോ യുഗം അവസാനിച്ചു, മലയാളിയും പുറത്ത്! സിഎസ്‍കെയിലെ മാറ്റങ്ങളിങ്ങനെ


 

click me!