മികച്ച പ്രതിരോധവുമായി ഓസ്ട്രേലിയന്‍ ബൗളര്‍മാരുടെ മനോവീര്യം തകര്‍ക്കുന്നതില്‍ മുന്‍ പരമ്പരകളില്‍ പൂജാര പുറത്തെടുത്ത മികവാണ് ടെസ്റ്റ് ടീമിലേക്ക് പൂജാരയെ തിരിച്ചുവിളിക്കണമെന്ന് ഗംഭീര്‍ ആവശ്യപ്പെടാന്‍ കാരണം.
സിഡ്നി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിയോടെ ഇന്ത്യൻ സീനിയര്‍ താരങ്ങളുടെ മോശം പ്രകടനം വീണ്ടും ചര്‍ച്ചയാകുകയാണ്. വിരാട് കോലിയും രോഹിത് ശര്‍മയും മോശം ഫോമില്‍ തുടരുകയും ഏറെ പ്രതീക്ഷയര്‍പ്പിച്ച റിഷഭ് പന്ത് തുടര്‍ച്ചയായി നിരുത്തരവാദപരമായ ഷോട്ടുകൾ കളിച്ച് പുറത്താകുകയും ചെയ്യുമ്പോള്‍ കഴിഞ്ഞ പരമ്പരകളില്‍ ഇന്ത്യൻ മധ്യനിരയുടെ നട്ടെല്ലായ ചേതേശ്വര്‍ പൂജാരയുടെയും അജിങ്ക്യാ രഹാനെയുടെയും അഭാവവും ചര്‍ച്ചയായിരുന്നു.
ഇതിനിടെ ഓസ്ട്രേലിയന്‍ പരമ്പരക്കുള്ള ടീമില്‍ ചേതേശ്വര്‍ പൂജാരയെ ഉൾപ്പടുത്തണമെന്ന് കോച്ച് ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇത് തളളുകയായിരുന്നുവെന്നും ഇന്ത്യൻ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മികച്ച പ്രതിരോധവുമായി ഓസ്ട്രേലിയന്‍ ബൗളര്‍മാരുടെ മനോവീര്യം തകര്‍ക്കുന്നതില്‍ മുന്‍ പരമ്പരകളില്‍ പൂജാര പുറത്തെടുത്ത മികവാണ് ടെസ്റ്റ് ടീമിലേക്ക് പൂജാരയെ തിരിച്ചുവിളിക്കണമെന്ന് ഗംഭീര്‍ ആവശ്യപ്പെടാന്‍ കാരണം. 2018ലെ ഓസ്ട്രേലിയന്‍ പരമ്പരയില്‍ 521 റണ്‍സടിച്ച് ടോപ് സ്കോററായ പൂജാര 2020-21 പരമ്പരയില്‍ 271 റണ്‍സടിച്ചിരുന്നു. ഗാബയില്‍ 211 പന്തുകള്‍ നേരിട്ട് പൂജാര നേടിയ 56 റണ്‍സ് ഇന്ത്യയുടെ ചരിത്ര വിജയത്തില്‍ നിര്‍ണായകമാകുകയും ചെയ്തിരുന്നു.
മൂന്നാം നമ്പറിലിറങ്ങി പ്രതിരോധിച്ചു നില്‍ക്കുന്ന പൂജാര ഓസ്ട്രേലിയൻ ബൗളര്‍മാരുടെ തന്ത്രങ്ങളെ അതിജീവിക്കുന്നതില്‍ കാണിച്ച മിടുക്കാണ് ഇത്തവണയും സീനിയര്‍ താരത്തെ ടീമിലെടുക്കണമെന്ന് ഗംഭീറും ആവശ്യപ്പെടാന്‍ കാരണം. എന്നാല്‍ സെലക്ടര്‍മാര്‍ ഗംഭീറിന്‍റെ ആവശ്യം തള്ളി. ഇന്ത്യൻ ടീമില്‍ കെ എല്‍ രാഹുല്‍ മാത്രമാണ് നിലവില്‍ പൂജാരയുടെ ഡിഫന്‍സീവ് ശൈലിയില്‍ ബാറ്റ് ചെയ്യുന്ന ഒരേയൊരു താരം. ബാക്കിയുള്ളവരെല്ലാം പന്ത് ലീവ് ചെയ്യുന്നതിനോ ഡിഫന്‍സീവ് ഷോട്ട് കളിച്ച് ക്രീസില്‍ പിടിച്ചു നില്‍ക്കുന്നതിനോ പകരം ആക്രമണോത്സുക ഷോട്ടുകള്‍ കളിക്കുന്നവരാണ്.
'എനിക്ക് മതിയായി; ഇനിയും ഇത് തുടരാനാവില്ല', സീനിയര്‍ താരങ്ങൾക്ക് മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍
മെല്‍ബണില്‍ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റില്‍ പിടിച്ചു നിന്നാല്‍ സമനില കിട്ടുമായിരിക്കെ മോശം ഷോട്ടുകള്‍ കളിച്ച് റിഷഭ് പന്തും വിരാട് കോലിയും രോഹിത് ശര്‍മയുമെല്ലാം പുറത്തായപ്പോള്‍ 11 ഓവറുകൾ മാത്രം ബാക്കിയിരിക്കെയാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ഇവിടെയാണ് പൂജാരയെപ്പോലെ ഡിഫന്‍സീവ് ക്രിക്കറ്റ് കളിക്കുന്ന ബാറ്ററുടെ വില ഇന്ത്യ തിരിച്ചറിഞ്ഞത്. 2023 ജൂണില്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് 36കാരനായ പൂജാര ഇന്ത്യക്കായി അവസാനം കളിച്ചത്. ഓസ്ട്രേലിയന്‍ പരമ്പരക്കുള്ള ടീമിലിടം കിട്ടാതിരുന്ന പൂജാര നിലവില്‍ സ്റ്റാര്‍ സ്പോര്‍ട്സ് ടീമിന്‍റെ ഹിന്ദി കമന്‍റേറ്ററാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക