ഇഷാന്‍ കിഷന്‍ ഏഴ് കളികളില്‍ 316 റണ്‍സടിച്ചപ്പോള്‍ ആറ് മത്സരങ്ങളില്‍ 247റണ്‍സടിച്ച മുഹമ്മദ് അസറുദ്ദീന്‍ ആണ് കേരളത്തിന്‍റെ താരങ്ങളില്‍ മുന്നിലുള്ളത്.
മുംബൈ: അടുത്ത മാസം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കും ഈ മാസം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന പരമ്പരക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനാരിക്കെ ആഭ്യന്തര ഏകദിന ടൂര്‍ണമെന്‍റായ വിജയ് ഹസാരെ ട്രോഫിയില്‍ റണ്‍വേട്ടയില്‍ രണ്ടാമതെത്തി മലയാളി താരം കരുണ്‍ നായര്‍. വിദര്‍ഭക്കായി കളിക്കുന്ന കരുണ്‍ നായര്‍ ആറ് കളികളില്‍ 115.07 പ്രഹരശേഷിയില്‍ നാലു സെഞ്ചുറി അടക്കം 542 റണ്‍സടിച്ചാണ് കരുണ്‍ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഏഴ് മത്സരങ്ങളില്‍ നാലു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം 613 റണ്‍സടിച്ച മുന്‍ ഇന്ത്യൻ ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ് റണ്‍വേട്ടയില്‍ ഒന്നാമത്.
മഹാരാഷ്ട്രയുടെ സിദ്ദേഷ് വീര്‍(490), പഞ്ചാബിന്‍റെ പ്രഭ്‌സിമ്രാന്‍ സിംഗ്(484), മുംബൈയുടെ ആയുഷ് മാത്രെ(458) എന്നിവരും ആദ്യ പത്തിലുള്ളപ്പോള്‍ പഞ്ചാബ് ക്യാപ്റ്റന്‍ അഭിഷേക് ശര്‍മ(448)യും തിളങ്ങി. ഇഷാന്‍ കിഷന്‍ ഏഴ് കളികളില്‍ 316 റണ്‍സടിച്ചപ്പോള്‍ ആറ് മത്സരങ്ങളില്‍ 247റണ്‍സടിച്ച മുഹമ്മദ് അസറുദ്ദീന്‍ ആണ് കേരളത്തിന്‍റെ താരങ്ങളില്‍ മുന്നിലുള്ളത്. ഇന്ത്യൻ ടീമിലിടം പ്രതീക്ഷിക്കുന്ന മഹാരാഷ്ട്ര നായകന്‍ റുതുരാജ് ഗെയ്ക്‌വാദിന് ഏഴ് കളികളില്‍ 182 റണ്‍സെ നേടാനായുള്ളു. ഒരു കോടിക്ക് മുകളില്‍ നല്‍കി ഐപിഎല്‍ താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിലെടുത്ത 13കാരന്‍ വൈഭവ് സൂര്യവന്‍ശിക്ക് ബിഹാറിനായി ആറ് കളികളില്‍ 132 റണ്‍സ് മാത്രമാണ് നേടാനായത്.
വിക്കറ്റ് വേട്ടയില്‍ ഇന്ത്യൻ താരം അര്‍ഷ്ദീപ് സിംഗ് ആറ് കളികളില്‍ 17 വിക്കറ്റുമായി ചാമ്പ്യൻസ് ട്രോഫി ടീമില്‍ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. ഏഴ് കളികളില്‍ 16 വിക്കറ്റെടുത്തിട്ടുള്ള ഗുജറാത്തിന്‍റെ ചിന്തന്‍ ഗുജയാണ് വിക്കറ്റ് വേട്ടയില്‍ രണ്ടാമത്. ഇന്ത്യൻ പേസര്‍ മുകേഷ് കുമാര്‍ ആറ് കളികളില്‍ 11 വിക്കറ്റുമായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ രവി ബിഷ്ണോയ് ഏഴ് കളികളില്‍ 10 വിക്കറ്റുമായി ഗുജറാത്തിനായി തിളങ്ങി.
ഈ മാസം 12ന് മുമ്പാണ് ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന തീയതി. അതിന് മുമ്പ് ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും ഇന്ത്യ കളിക്കുന്നുണ്ട്. വിജയ് ഹസാരെയില്‍ തിളങ്ങിയ താരങ്ങള്‍ക്ക് ചാമ്പ്യന്‍സ് ട്രോഫി ടീമിലോ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലോ അവസരം കിട്ടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക