കൃഷ്ണ പ്രസാദിന് സെഞ്ചുറി! പിന്തുണ നല്‍കി സല്‍മാന്‍ നിസാര്‍; ത്രിപുരയ്‌ക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍

By Web Desk  |  First Published Jan 3, 2025, 1:48 PM IST

നിലവില്‍ ഗ്രൂപ്പ് ഇയില്‍ അവസാന സ്ഥാനത്താണ് കേരളം. നാല് മത്സരങ്ങളില്‍ നിന്ന് മൂന്നും തോറ്റ കേരളത്തിന് രണ്ട് പോയിന്റ് മാത്രമാണുള്ളത്.


ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ ത്രിപുരയ്‌ക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍. കൃഷ്ണ പ്രസാദ് (110 പന്തില്‍ 135) സെഞ്ചുറി നേടിയ മത്സരത്തില്‍ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സാണ് അടിച്ചെടുത്തത്. രോഹന്‍ കുന്നുമ്മല്‍ (57), സല്‍മാന്‍ നിസാര്‍ (34 പന്തില്‍ പുറത്താവാതെ 42) നിര്‍ണായക പ്രകടനം പുറത്തെടുത്തു. അഹമ്മദ് ഇമ്രാന്‍, ഷോണ്‍ റോജര്‍ എന്നിവരില്ലാതെയാണ് ഇന്ന് കേരളം ഇറങ്ങിയത്. കൃഷ്ണ പ്രസാദ്, ആനന്ദ് എന്നിവര്‍ ടീമിലെത്തി. നിലവില്‍ ഗ്രൂപ്പ് ഇയില്‍ അവസാന സ്ഥാനത്താണ് കേരളം. നാല് മത്സരങ്ങളില്‍ നിന്ന് മൂന്നും തോറ്റ കേരളത്തിന് രണ്ട് പോയിന്റ് മാത്രമാണുള്ളത്. ഒരു മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.

ഹൈദരാബാദില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളത്തിന് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ആനന്ദ് - രോഹന്‍ സഖ്യം 46 റണ്‍സ് ചേര്‍ത്തു. 12-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ആനന്ദിനെ അര്‍ജുന്‍ ദേബ്‌നാദ് പുറത്താക്കുകയായിരുന്നു. പിന്നാലെ കൃഷ്ണപ്രസാദ് - രോഹന്‍ സഖ്യം 80 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഭട്ടാചാര്‍ജീ ബ്രേക്ക് ത്രൂമായെത്തി. രോഹന്‍ പുറത്ത്. 66 പന്തുകള്‍ നേരിട്ട താരം ആറ് ബൗണ്ടറികള്‍ നേടി. തുടര്‍ന്ന് അസറുദ്ദീന്‍ - കൃഷ്ണ പ്രസാദ് സഖ്യം 51 റണ്‍സ് കൂട്ടിചേര്‍ത്തു. അസറുദ്ദീന്‍ 38-ാം ഓവരില്‍ മടങ്ങി. പിന്നീടെത്തിയ അബ്ദുള്‍ ബാസിത്തിന് (9) തിളങ്ങാനായില്ല.

Latest Videos

അന്ന് ജയ്‌സ്വാള്‍ ഇന്ന് സുന്ദര്‍! ഇന്ത്യന്‍ താരത്തിന്റെ വിക്കറ്റിനെ ചൊല്ലി വിവാദം; ചതിയെന്ന് സോഷ്യല്‍ മീഡിയ

ഇതിനിടെ കൃഷ്ണ പ്രസാദ് സെഞ്ചുറി പൂര്‍ത്തിയാക്കി. പിന്നീട് സല്‍മാന്‍ നിസാറിനൊപ്പം 99 റണ്‍സ് ചേര്‍ത്തിന് ശേഷമാണ് കൃഷ്ണ പ്രസാദ് മടങ്ങുന്നത്. 110 പന്തുകള്‍ നേരിട്ട താരം എട്ട് സിക്‌സും ആറ് ഫോറും. ഷറഫുദ്ദീന്‍ (20) സല്‍മാനൊപ്പം പുറത്താവാതെ നിന്നു. സഞ്ജു ഇല്ലാതെ കേരളത്തിന്റെ തുടര്‍ച്ചയായ അഞ്ചാം മത്സരമാണിത്. കേരളത്തിന്റെ പ്ലേയിംഗ് ഇലവന്‍ അറിയാം.

കേരളാ ടീം: രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍ (ക്യാപ്റ്റന്‍), മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), ജലജ് സക്സേന, കൃഷ്ണ പ്രസാദ്, അബ്ദുള്‍ ബാസിത്ത്, ആനന്ദ് കൃഷ്ണന്‍, ആദിത്യ സര്‍വതെ, ഷറഫുദ്ദീന്‍, എം.ഡി. നിധീഷ്, ബേസില്‍ തമ്പി.

കഴിഞ്ഞ മത്സരത്തില്‍ കേരളം ബംഗാളിനോട് 24 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തപ്പോള്‍ 207 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ കേരളം 47ആം ഓവറില്‍ 182 റണ്‍സിന് ഓള്‍ ഔട്ടായി. 49 റണ്‍സെടുത്ത ക്യാപ്റ്റന്‍ സല്‍മാന്‍ നിസാറാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ബംഗാളിന് വേണ്ടി 7.5 ഓവറില്‍ 33 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത സായന്‍ ഘോഷാണ് കേരളത്തെ എറിഞ്ഞിട്ടത്. മുകേഷ് കുമാര്‍ രണ്ട് വിക്കറ്റെടുത്തു.

click me!