ഒരൊറ്റ സെഞ്ചുറി, ഒരുപിടി റെക്കോര്‍ഡുകള്‍; ഇതിഹാസങ്ങള്‍ക്കൊപ്പം ഇനി യശസ്വി ജയ്‌സ്വാളും

By Web Team  |  First Published Nov 24, 2024, 11:59 AM IST

23 വയസിന് മുമ്പ് കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടുന്ന ഇന്ത്യൻ താരങ്ങളില്‍ ജയ്സ്വാള്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.


പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടിയതോടെ ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാള്‍ സ്വന്തമാക്കിയത് ഒരുപിടി റെക്കോര്‍ഡുക‌ൾ. ഓസ്ട്രേലിയയിലെ തന്‍റെ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയതിലൂടെ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരമെന്ന റെക്കോര്‍ഡ് യശസ്വി സ്വന്തമാക്കി.

1968ല്‍ ബ്രിസ്ബേനില്‍ മോടാഗാൻഹള്ളി ജയ്‌സിംഹയും(101) 1977ല്‍ ബ്രിസ്ബേനില്‍ സുനില്‍ ഗവാസ്കറുമാണ്(113) ഓസ്ട്രേലിയയില്‍ അരങ്ങേറ്റ ടെസ്റ്റില്‍ ജയ്സ്വാളിന് മുമ്പ് സെഞ്ചുറി നേടിയിട്ടുള്ള ഇന്ത്യൻ താരങ്ങള്‍. പെര്‍ത്തില്‍ 2000നുശേഷം സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ ബാറ്ററുമാണ് ജയ്സ്വാള്‍. 2018ല്‍ വിരാട് കോലിയാണ് ഈ നൂറ്റാണ്ടില്‍ പെര്‍ത്തില്‍ സെഞ്ചുറി നേടിയ മറ്റൊരു ഇന്ത്യൻ താരം.

Latest Videos

undefined

ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലാദ്യം; പെര്‍ത്തില്‍ അപൂര്‍വ റെക്കോര്‍ഡുമായി രാഹുല്‍-ജയ്സ്വാള്‍ സഖ്യം

ഇതിന് പുറമെ 23 വയസിന് മുമ്പ് കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടുന്ന ഇന്ത്യൻ താരങ്ങളില്‍ ജയ്സ്വാള്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(8), രവി ശാസ്ത്രി(5) എന്നിവരാണ് 23 വയസാകും മുമ്പ് ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി നേടിയ ഇന്ത്യൻ താരങ്ങളില്‍ മുന്നിലുള്ളവര്‍.

നാലു സെഞ്ചുറികള്‍ നേടിയ വിനോദ് കാംബ്ലിക്കൊപ്പമാണ് ജയ്സ്വാളിപ്പോള്‍. ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടുന്ന ഇന്ത്യൻ താരങ്ങളിലും ജയ്സ്വാള്‍ മൂന്നാം സ്ഥാനത്തെത്തി. 1971ല്‍ സുനില്‍ ഗവാസ്കര്‍(4), 1993ല്‍ വിനോദ് കാംബ്ലി(4) എന്നിവരാണ് ജയ്സ്വാളിന് മുന്നിലുള്ളത്. 1984ല്‍ രവി ശാസ്ത്രിയും 1992ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും മൂന്ന് സെഞ്ചുറികള്‍ വീതം നേടിയിട്ടുണ്ട്.

സെഞ്ചുറിയുമായി യശസ്വി, പിന്തുണയുമായി പടിക്കല്‍; പെര്‍ത്ത് ടെസ്റ്റില്‍ ഓസീസിനെതിരെ ഇന്ത്യയുടെ ലീഡ് 300 കടന്നു

ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ 297 പന്തുകളില്‍ 15 ഫോറും മൂന്ന് സിക്സും പറത്തി 161 റണ്‍സെടുത്താണ് യശസ്വി പുറത്തായത്. കരിയറില്‍ ഇതുവരെ 15 ടെസ്റ്റുകള്‍ കളിച്ച ജയ്സ്വാള്‍ 58.07 ശരാശരിയില്‍ രണ്ട് ഡബിള്‍ സെഞ്ചുറികളടക്കം നാലു സെഞ്ചുറികളും എട്ട് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 1568 റണ്‍സാണ് ഇതുവരെ നേടിയത്. ആദ്യ 15 ടെസ്റ്റുകള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ റൺസടിച്ച താരങ്ങളില്‍ ഡോണ്‍ ബ്രാഡ്മാന്‍(2115), മാര്‍ക് ടെയ്‌ലര്‍(1618), എവര്‍ട്ടൺ വീക്സ്(1576) എന്നിവര്‍ മാത്രമാണ് ഇനി ജയ്സ്വാളിന് മുന്നിലുള്ളത്. ഇന്ത്യൻ താരങ്ങളില്‍ വിജയ് ഹസാരെയെ(1420) ജയ്സ്വാള്‍ നേരത്തെ മറികടന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!