IPL 2022 : 'അവനെ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തൂ'; ഉമ്രാനെ പിന്തുണച്ച് രവി ശാസ്ത്രി

By Sajish A  |  First Published May 18, 2022, 2:18 PM IST

മുംബൈക്കെതിരായ പ്രകടനത്തോടെ ഒരിക്കല്‍കൂടി ഉമ്രാനെ വാഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. അതില്‍ പ്രധാനി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി തന്നെയാണ്. ഉമ്രാനെ എത്രയും പെട്ടന്ന് ബിസിസിയുടെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്താനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.


മുംബൈ: കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരെ (Mumbai Indians) തകര്‍പ്പന്‍ പ്രകടനമാണ് സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് താരം ഉമ്രാന്‍ മാലിക്ക് (Umran Malik) പുറത്തെടുത്തത്. മൂന്ന് ഓവറുകളെറിഞ്ഞ ഉമ്രാന്‍ 23 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി. ഇഷാന്‍ കിഷന്‍ (43), ഡാനിയേല്‍ സാംസ് (15), തിലക് വര്‍മ (8) എന്നിവരെയാണ് ഉമ്രാന്‍ പുറത്താക്കിയത്. ഇതോടെ വിക്കറ്റ് വേട്ടക്കാരില്‍ ഉമ്രാന്‍ നാലാനായി. 13 മത്സരങ്ങളില്‍ 21 വിക്കറ്റാണ് താരത്തിനുളളത്. 

മുംബൈക്കെതിരായ പ്രകടനത്തോടെ ഒരിക്കല്‍കൂടി ഉമ്രാനെ വാഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. അതില്‍ പ്രധാനി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി തന്നെയാണ്. ഉമ്രാനെ എത്രയും പെട്ടന്ന് ബിസിസിയുടെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്താനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ശാസ്ത്രിയുടെ വാക്കുകള്‍... ''ഇനിയും ഉമ്രാനെ പുറത്തുനിര്‍ത്തരുത്. അദ്ദേഹത്തെ എത്രയും പെട്ടന്ന് ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തൂ. പരിചയസമ്പന്നരായ മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര എന്നിവര്‍ക്കൊപ്പം ഇടപഴകാനുള്ള അവസരം നല്‍കൂ. അവരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട് ഉമ്രാന്.'' ശാസ്ത്രി പറഞ്ഞു. 

Latest Videos

മുംബൈക്കെതിരെ ആദ്യ ഓവറില്‍ ഉമ്രാന്‍ റണ്‍സ് വഴങ്ങിയിരുന്നു. എന്നാല്‍ രണ്ടാം സ്‌പെല്ലില്‍ അദ്ദേഹം മൂന്ന് വിക്കറ്റെടുത്തു. വിജയസാധ്യതയുണ്ടായിരുന്ന മുംബൈയെ ബാക്ക് ഫൂട്ടിലാക്കിയതും ഈ പ്രകടനമായിരുന്നു. താരത്തിന്റെ കൃത്യതയെ കുറിച്ചും ശാസ്ത്രി സംസാരിച്ചു.

''പേസ് നിലനിര്‍ത്തികൊണ്ടുതന്നെ അവനോട് കൃത്യതയോടെ പന്തെറിയാന്‍ പറയണം. എവിടെ പന്തെറിയണമെന്നും ശരിയായ ലൈന്‍ ഏതാണെന്നും അവനെ പറഞ്ഞു മനസിലാക്കണം. സ്റ്റംപില്‍ മാത്രം എറിഞ്ഞ് ശീലിക്കണം. അതിന് ശേഷം മതി മറ്റെന്തിങ്കിലും പഠിക്കുന്നത്. എനിക്കുറപ്പുണ്ട് ടെസ്റ്റ് ക്രിക്കറ്റില്‍ അവന് പലരും ചെയ്യാന്‍ കഴിയും. ബുമ്ര- ഷമി സഖ്യത്തിനൊപ്പം ഉമ്രാന്‍ വന്നാല്‍ ഇന്ത്യന്‍ പേസ് അറ്റാക്കിനെ വെല്ലാന്‍ കഴിയില്ല.'' ശാസ്ത്രി പറഞ്ഞുനിര്‍ത്തി.

ജമ്മു കശ്മീരില്‍ നിന്നുള്ള പേസര്‍ ഇതിനോടകം ഐപിഎല്‍ ഈ സീസണിലെ വേഗമേറിയ പന്തെറിഞ്ഞിരുന്നു. മണിക്കൂറില്‍ 157 കിലോമീറ്ററായിരുന്നു വേഗം.
 

click me!