ടി20യില്‍ രണ്ട് ഇന്നിംഗ്സ്, ഇതെന്താ ടെസ്റ്റോ എന്ന് ചോദിക്കുന്നവര്‍ അറിയേണ്ടത്; സിസിഎല്‍ നിയമങ്ങള്‍ ഇങ്ങനെ

By Web Team  |  First Published Feb 20, 2023, 9:52 AM IST

റൺ റേറ്റിന്‍റെ അടിസ്ഥാനത്തിൽ ആണ് രണ്ടാം ഇന്നിംഗ്സില്‍ ആര് ആദ്യം ബാറ്റ് ചെയ്യണമെന്നത് തീരുമാനിക്കുക. ടെസ്റ്റ് മത്സരങ്ങളിലേതുപോലെ രണ്ടാം ഇന്നിംഗ്സില്‍ ഉയര്‍ത്തുന്ന സ്കോര്‍ കൂടി ചേര്‍ത്താലെ ഒരു ടീമിന്‍റെ ടോട്ടല്‍ സ്കോറാവു. ഇത് മറികടക്കുന്ന ടീമാവും വിജയികളാകുക.


കൊച്ചി: മൂന്ന് വര്‍ഷത്തെ ഇടവേളക്കുശേഷം സിനിമാ താരങ്ങള്‍ പങ്കെടുക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (സിസിഎല്‍) വീണ്ടും തുടങ്ങിയതിന്‍റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകര്‍. ഉണ്ണി മുകുന്ദന്‍ നായകനാകുന്ന കേരള സ്ട്രൈക്കേഴ്സ് ആണ് സിസിഎല്ലിലെ കേരളത്തിന്‍റെ ടീം. ടി20 ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചിരിക്കുന്നതെങ്കിലും സാധാരണ ടി20 ഫോര്‍മാറ്റിലേതുപോലെ ഒരു ടീം 20 ഓവറും തുടര്‍ച്ചയായി ബാറ്റ് ചെയ്യുന്ന രീതിയിലല്ല ഇത്തവണ ടൂര്‍ണമെന്‍റ് നടത്തുന്നത് എന്ന പ്രത്യേകതയുണ്ട്.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ പുതിയ നിയമങ്ങള്‍ എങ്ങനെയെന്ന് നോക്കാം.

ടെസ്റ്റ് മത്സരങ്ങളിലേതുപോലെ നാല് ഇന്നിംഗ്സുകളായാണ് ഇത്തവണ സിസിഎല്ലിലെ മത്സരങ്ങള്‍. 10 ഓവര്‍ വീതമുള്ള നാല് ഇന്നിംഗ്സുകളിലായാണ് സിസിഎല്ലിലെ മത്സരങ്ങള്‍ നടക്കുക. ആദ്യം 10 ഓവര്‍ വീതം ബാറ്റ് ചെയ്ത ശേഷം രണ്ട് ടീമുകളും വീണ്ടും 10 ഓവര്‍ വീതം ബാറ്റ് ചെയ്യുന്നതാണ് സിസിഎല്ലിലെ പുതിയ രീതി. ആദ്യം ബാറ്റ് ചെയ്യുന്ന ടീം 10 ഓവറില്‍ ഉയര്‍ത്തിയ സ്കോര്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം മറികടന്നാലും വിജയികളാവില്ലെന്ന് ചുരുക്കം. എങ്കിലും ലീഡ് നേടുന്ന ടീമിന് രണ്ടാം ഇന്നിംഗ്സില്‍ മുന്‍തൂക്കം ലഭിക്കും. റൺ റേറ്റിന്‍റെ അടിസ്ഥാനത്തിൽ ആണ് രണ്ടാം ഇന്നിംഗ്സില്‍ ആര് ആദ്യം ബാറ്റ് ചെയ്യണമെന്നത് തീരുമാനിക്കുക.

Latest Videos

ആദ്യ മത്സരത്തില്‍ തെലുങ്കിനോട് വന്‍ തോല്‍വി; സിസിഎല്ലില്‍ കേരള സ്‍ട്രൈക്കേഴ്‍സിന് തുടക്കം പിഴച്ചു

ടെസ്റ്റ് മത്സരങ്ങളിലേതുപോലെ രണ്ടാം ഇന്നിംഗ്സില്‍ ഉയര്‍ത്തുന്ന സ്കോര്‍ കൂടി ചേര്‍ത്താലെ ഒരു ടീമിന്‍റെ ടോട്ടല്‍ സ്കോറാവു. ഇത് മറികടക്കുന്ന ടീമാവും വിജയികളാകുക. മുമ്പ് ഏകദിന മത്സരങ്ങള്‍ കൂടുതല്‍ ആവേശകരമാക്കുന്നതിന് 25 ഓവര്‍ വീതമുള്ള രണ്ട് ഇന്നിംഗ്സുകളിലായി കളിക്കണമെന്ന് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നിര്‍ദേശിച്ചിരുന്നു. ഇതേ മാതൃകയാണ് സിസിഎല്ലിലെ ടി20 മത്സരങ്ങള്‍ നടത്തുന്നത്.

എല്ലാവര്‍ക്കും ബാറ്റിംഗിനിറങ്ങാനാവില്ല

ഇങ്ങനെ ബാറ്റ് ചെയ്യുമ്പോള്‍ പക്ഷെ ആദ്യ ഇന്നിംഗ്സില്‍ 1,2,3 സ്ഥാനങ്ങളില്‍ ഇറങ്ങിയവര്‍ക്ക് രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണര്‍മാരായി ഇറങ്ങാനാവില്ല. അതുപോലെ ആദ്യ ഇന്നിംഗ്സില്‍ പവര്‍ പ്ലേയില്‍ പന്തെറിഞ്ഞ ബൗളര്‍മാര്‍ക്ക് രണ്ടാം ഇന്നിംഗ്സിലെ ആദ്യ നാലോവറില്‍ പന്തെറിയാനുമാവില്ല.

എട്ട് ടീമുകളാണ് ഇത്തവണത്തെ സിസിഎല്ലില്‍ മാറ്റുരക്കുന്നത്. 19 മത്സരങ്ങളാണ് ടൂര്‍ണമെന്‍റില്‍ ആകെയുള്ളത്. ജയ്പൂര്‍, ഹൈദരാബാദ്, റായ്പൂര്‍, ജോധ്പൂര്‍, ബാംഗ്ലൂര്‍, തിരുവനന്തപുരം എന്നിവയുള്‍പ്പെടെ രാജ്യത്തെ  ആറ് നഗരങ്ങളിലായാണ് ടൂര്‍ണമെന്‍റ് നടക്കുക. ഭോജ്പുരി ദബാങ്സ്, ബംഗാള്‍ ടൈഗേഴ്സ്, ചെന്നൈ റൈനോസ്, കേരള സ്ട്രൈക്കേഴ്സ്, മുംബൈ ഹീറോസ്, പഞ്ചാബ് ഡി ഷെര്‍, തെലുങ്ക് വാരിയര്‍, കര്‍ണാടക ബുള്‍ഡോസേഴ്സ് എന്നിവയാണ് ടീമുകള്‍. ഓരോ ടീമും റൗണ്ട് റോബിന്‍ ലീഗ് അടിസ്ഥാനത്തില്‍ ലീഗ് ഘട്ടത്തില്‍ നാല് മത്സരങ്ങള്‍ വീതം കളിക്കും. മുന്നിലെത്തുന്ന നാല് സ്ഥാനക്കാര്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടും.

കേരള സ്ട്രൈക്കേഴ്സ് ടീം

കുഞ്ചാക്കോ ബോബന്‍ ആണ് സി 3 കേരള സ്ട്രൈക്കേഴ്സിന്‍റെ ക്യാപ്റ്റനും ബ്രാന്‍ഡ് അംബാസിഡറും. സിസിഎല്ലിലെ കേരള ടീമില്‍ ഇന്ദ്രജിത്ത് എസ്, ആസിഫ് അലി, സൈജു കുറുപ്പ്, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദൻ, രാജീവ് പിള്ള, അർജുൻ നന്ദകുമാർ, വിവേക് ​ഗോപൻ, മണിക്കുട്ടൻ, സിജു വിൽസൺ, ഷഫീഖ് റഹ്മാൻ, വിനു മോഹൻ, പ്രശാന്ത് അലക്സാണ്ടർ, നിഖിൽ മേനോൻ, സഞ്ജു ശിവറാം, പ്രജോദ് കലാഭവൻ, ആന്റണി പെപ്പെ, സിദ്ധാർത്ഥ് മേനോൻ, ജീൻ പോൾ ലാൽ എന്നിവരൊക്കെയുണ്ട്. ദീപ്തി സതി, പ്രയാഗ മാർട്ടിൻ എന്നിവരാണ് ടീമിന്‍റെ വനിതാ അംബാസിഡര്‍മാര്‍. 2014, 2017 വർഷങ്ങളിൽ റണ്ണേഴ്സ് അപ്പ് ആയിരുന്നു കേരളം.

click me!