നായക സ്വപ്നം പൊലിഞ്ഞ് സൂര്യയും ബുമ്രയും, ഹാർദ്ദിക്കിന് ഒന്നും എളുപ്പമാവില്ല; തുടർചലനങ്ങളില്‍ കണ്ണുനട്ട് ആരാധകർ

By Web Team  |  First Published Dec 16, 2023, 12:27 PM IST

എന്നാല്‍ ആരാധകരെയും മുംബൈ മാനേജ്മെന്‍റിനെയും ഞെട്ടിച്ച് ഹാര്‍ദ്ദിക് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ നായകനായി പോയി. ഇതോടെ വളര്‍ത്തി വലുതാക്കിയ ടീമിനെ വഞ്ചിച്ച ചതിയന്‍ ചന്തുവിന്‍റെ പ്രതിച്ഛായയായിരുന്നു മുംബൈ ആരാധകര്‍ക്കിടയില്‍ ഹാര്‍ദ്ദിക്കിന്.


മുംബൈ: ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് രോഹിത് ശര്‍മ പടിയിറങ്ങിയതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സില്‍ എന്തൊക്കെ തുടര്‍ചലനങ്ങളുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. രോഹിത് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് ഏറെക്കുറെ പ്രതീക്ഷിക്കപ്പെട്ടതാണെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകനാക്കിയത് ആരാധകരെപ്പോലെ മുംബൈ ടീമിലും പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

രണ്ട് വര്‍ഷം മുമ്പ് നടന്ന ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയ നാലു താരങ്ങളില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഉണ്ടായിരുന്നില്ല. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുമ്ര, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെയായിരുന്നു മുംബൈ നിലനിര്‍ത്തിയത്. ടീമിന്‍റെ അവിഭാജ്യഘടകമെന്ന് കരുതിയ ഹാര്‍ദ്ദിക്കിനെ മുംബൈ കൈവിട്ടപ്പോള്‍ ലേലത്തില്‍ തിരിച്ചുപിടിക്കുമെന്നായിരുന്നു അന്ന് ആരാധകര്‍ പോലും പ്രതീക്ഷിച്ചിരുന്നത്.

Latest Videos

ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് രോഹിത്തിന്‍റെ പടിയിറക്കം, ഹാർദ്ദിക്കിന്‍റെ ആരോഹണം, പ്രതികരിച്ച് സൂര്യകുമാർ യാദവ്

എന്നാല്‍ ആരാധകരെയും മുംബൈ മാനേജ്മെന്‍റിനെയും ഞെട്ടിച്ച് ഹാര്‍ദ്ദിക് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ നായകനായി പോയി. ഇതോടെ വളര്‍ത്തി വലുതാക്കിയ ടീമിനെ വഞ്ചിച്ച ചതിയന്‍ ചന്തുവിന്‍റെ പ്രതിച്ഛായയായിരുന്നു മുംബൈ ആരാധകര്‍ക്കിടയില്‍ ഹാര്‍ദ്ദിക്കിന്. ഹാര്‍ദ്ദിക് ടീം വിടുകയും പൊള്ളാര്‍ഡ് വിരമിക്കുകയും ചെയ്തതോടെ രോഹിത് ശര്‍മയുടെ പിന്‍ഗാമി സ്ഥാനത്തേക്ക് മുംബൈ ഇന്ത്യന്‍സിന് പരിഗണിക്കാവുന്ന രണ്ടേ രണ്ടു പേരുകള്‍ സീനിയര്‍ താരങ്ങളും ടീമിന്‍റെ വിശ്വസ്തരുമായ സൂര്യകുമാര്‍ യാദവിന്‍റേതും ജസ്പ്രീത് ബുമ്രയുടേതുമായിരുന്നു.

ഇരുവരും ക്യാപ്റ്റന്‍സി മോഹങ്ങള്‍ ഒരിക്കലും മറച്ചുവെച്ചിട്ടുമില്ല. രോഹിത്തിന്‍റെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ നായകാനയപ്പോള്‍ ബുമ്ര തന്‍റെ ക്യാപ്റ്റന്‍സി മോഹങ്ങള്‍ പരസ്യമാക്കിയിട്ടുമുണ്ട്. ലോകകപ്പിന് പിന്നാലെ നടന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ നായകനായി മികവ് കാട്ടിയതോടെ സൂര്യകുമാര്‍ യാദവിനും ക്യാപ്റ്റന്‍സിയില്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിത നീക്കത്തിലൂടെ ഹാര്‍ദ്ദിക്കിനെ ഗുജറാത്തില്‍ നിന്ന് തിരിച്ചെത്തിക്കുകയും ക്യാപ്റ്റനാക്കുകയും ചെയ്തതോടെ ഇരുവരുടെയും ക്യാപ്റ്റന്‍ പ്രതീക്ഷകളാണ് അവസാനിച്ചത്.

ഹാര്‍ദ്ദിക്കിനെ ഗുജറാത്തില്‍ നിന്ന് മുംബൈ ടീമിലെത്തിച്ചതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിൽ മൗനമാണ് ചിലപ്പോള്‍ ഏറ്റവും നല്ല മറുപടി എന്നു മാത്രം ബുമ്ര സ്റ്റാറ്റസിട്ടത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയും ഹാര്‍ദ്ദിക്കിന്‍റെ തിരിച്ചുവരവിലെ അതൃപ്തിയാണ് അതിന് പിന്നിലെന്ന് മുന്‍ താരങ്ങള്‍ പലരും വിലയിരുത്തുകയും ചെയ്തിരുന്നു.

കര്‍ണാടകയെ പഞ്ഞിക്കിട്ട് ദീപക് ഹൂഡ, 128 പന്തില്‍ 180; കേരളത്തെ വീഴ്ത്തിയ രാജസ്ഥാന്‍ വിജയ് ഹസാരെ ഫൈനലില്‍

ഈ സാഹചര്യത്തില്‍ രോഹിത്തിനെപ്പോലെ ടീം അംഗങ്ങളുടെ ബഹുമാനവും ആദരവും പിടിച്ചു പറ്റുക എന്നത് ഹാര്‍ദ്ദിക്കിന് മുുംബൈ ഇന്ത്യന്‍സില്‍ എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. ഗുജറാത്ത് ടൈറ്റന്‍സ് പുതിയ ടീമായിരുന്നതിനാല്‍ ഹാര്‍ദ്ദിക്കിന് ബോസ് എന്ന നിലയില്‍ തന്നെ ടീമിനെ നയിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ സൂര്യയും ബുമ്രയും എല്ലാം അടങ്ങുന്ന മുംബൈയെ അതേശൈലിയില്‍ നയിച്ചാല്‍ എന്താകും സംഭവിക്കുക എന്നാണ് ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!