എന്തുകൊണ്ട് തോറ്റു; ചോദ്യത്തിന് മറുപടിയുമായി രോഹിത് ശര്‍മ്മ, ഒടുവില്‍ കുറ്റസമ്മതം

By Web TeamFirst Published Jan 28, 2024, 7:55 PM IST
Highlights

രണ്ടാം ഇന്നിംഗ്സില്‍ 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 202ല്‍ പുറത്തായതോടെ ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 28 റണ്‍സിന്‍റെ ജയം സ്വന്തമാക്കുകയായിരുന്നു

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് ടീം ഇന്ത്യ തോല്‍വിയോടെ തുടക്കമിട്ടിരിക്കുകയാണ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയം വേദിയായ ആദ്യ മത്സരത്തില്‍ 28 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. നാലാംദിനം മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യന്‍ തോല്‍വിയോട് പ്രതികരിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഇന്ത്യക്ക് ഏറെ പിഴവുകള്‍ സംഭവിച്ചു എന്ന് രോഹിത് ശര്‍മ്മ സമ്മതിച്ചു. 

'ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് നാല് ദിവസം പൂര്‍ത്തിയാക്കി. എവിടെയാണ് ടീമിന് തെറ്റുപറ്റിയത് എന്ന് ചൂണ്ടിക്കാട്ടുക പ്രയാസമാണ്. ആദ്യ ഇന്നിംഗ്സില്‍ 190 റണ്‍സ് ലീഡ് നേടിയപ്പോള്‍ ഇന്ത്യന്‍ ടീം മേല്‍ക്കൈ സ്വന്തമാക്കി എന്നാണ് ഞങ്ങള്‍ കരുതിയത്. ഓലീ പോപിന്‍റെ ഗംഭീര സെഞ്ചുറി ഇന്ത്യയില്‍ ഒരു വിദേശ താരത്തിന്‍റെ ഞാന്‍ കണ്ട ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നാണ്. ഓലീ പോപ് നന്നായി കളിച്ചു. ഇന്ത്യന്‍ ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞിട്ടും തകര്‍പ്പന്‍ ഇന്നിംഗ്സ് കളിക്കുകയായിരുന്നു അദേഹം. അവസാന ഇന്നിംഗ്സിലെ 230 റണ്‍സ് വിജയലക്ഷ്യം എത്തിപ്പിടിക്കാനാകും എന്നാണ് കരുതിയത്. എന്നാല്‍ ആ വിജയലക്ഷ്യത്തിലേക്ക് എത്താന്‍ ഞങ്ങള്‍ക്ക് നല്ല രീതിയില്‍ ബാറ്റ് ചെയ്യാനായില്ല. ടീം എന്ന രീതിയില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. അവസാന വിക്കറ്റില്‍ ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും മത്സരം അഞ്ചാം ദിവസത്തിലേക്ക് കൊണ്ടുപോകണം എന്നായിരുന്നു ആഗ്രഹം. വാലറ്റം പൊരുതിയെങ്കിലും ടോപ് ഓര്‍ഡറില്‍ നിന്ന് നല്ല പ്രകടനമുണ്ടായില്ല. മുന്‍നിര ബാറ്റര്‍മാര്‍ പോരാട്ടം കാഴ്ചവെയ്ക്കണമായിരുന്നു. ഇത് ആദ്യ മത്സരം മാത്രമാണ്. ഇതില്‍ നിന്ന് പാഠങ്ങള്‍ പഠിച്ച് ടീം മുന്നോട്ടുപോകും എന്നാണ് പ്രതീക്ഷ' എന്നുമായിരുന്നു മത്സര ശേഷം രോഹിത് ശര്‍മ്മയുടെ പ്രതികരണം.

Latest Videos

രണ്ടാം ഇന്നിംഗ്സില്‍ 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 202ല്‍ പുറത്തായതോടെയാണ് ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 28 റണ്‍സിന്‍റെ ജയം സ്വന്തമാക്കിയത്. ബാറ്റിംഗില്‍ അടിപതറിയ ഇന്ത്യക്ക് അവസാന ഇന്നിംഗ്സില്‍ യശസ്വി ജയ്‌സ്വാള്‍ (15), ശുഭ്‌മാന്‍ ഗില്‍ (0), രോഹിത് ശര്‍മ്മ (39), അക്സര്‍ പട്ടേല്‍ (17), കെ എല്‍ രാഹുല്‍ (22), രവീന്ദ്ര ജഡേജ (2), ശ്രേയസ് അയ്യര്‍ (13), കെ എസ് ഭരത് (28), രവിചന്ദ്രന്‍ അശ്വിന്‍ (28), മുഹമ്മദ് സിറാജ് (12), ജസ്പ്രീത് ബുമ്ര (6*) എന്നിങ്ങനെയായിരുന്നു സ്കോറുകള്‍. രോഹിത്തായിരുന്നു ടോപ് സ്കോറര്‍. ആദ്യ ഇന്നിംഗ്സില്‍ 190 റണ്‍സ് ലീഡ് നേടിയ ശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇംഗ്ലണ്ടിനായി രണ്ടാം ഇന്നിംഗ്സില്‍ 278 പന്തില്‍ 196 റണ്‍സ് നേടിയ ഓലീ പോപും ഏഴ് വിക്കറ്റ് നേടിയ ടോം ഹാര്‍ട്‌‌ലിയുമാണ് ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിവിട്ടത്. 

Read more: പിച്ചിലെ ഭൂതം തിരിച്ച് കൊത്തി, കൂടെ ഉത്തരവാദിത്വമില്ലായ്മയും; ഇന്ത്യന്‍ തോല്‍വിയുടെ അഞ്ച് കാരണങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!